അതിരുകളില്ലാതെ സ്നേഹംപകരുന്ന നോമ്പുകാലം
text_fieldsഒരു ക്രൈസ്തവകുടുംബത്തിൽ ജനിച്ചുവളർന്ന എനിക്ക്, റമദാൻ പുണ്യമാസത്തിന്റെ അനുഭവങ്ങൾ പകർന്നുതന്നത് പ്രവാസമാണ്.
ഇസ്ലാമിക രാജ്യമായ ഖത്തറിലെ പ്രവാസ ജീവിതത്തിൽനിന്നും ഇസ്ലാമിക സംസ്കാരങ്ങളും മതപരമായ വിശ്വാസങ്ങളും ഒക്കെ ഏറക്കുറെ മനസ്സിലാക്കാനായി. ജോലിസമയം, ഭക്ഷണരീതികൾ, പ്രാർഥനകൾ, പുണ്യകർമങ്ങൾ അങ്ങനെയങ്ങനെ റമദാൻ മാസം മറ്റു മാസങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാകുന്നു.
ഉറ്റവരും ഉടയവരും ഒക്കെയായി പ്രവാസജീവിതത്തിൽ എപ്പോഴും നമുക്ക് ചുറ്റുമുള്ളവർ നാനാജാതി മതസ്ഥരായ പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ പലപ്പോഴും നോമ്പുതുറ സൽക്കാരങ്ങളിലും ഈദ് ആഘോഷങ്ങളിലും പങ്കെടുക്കാനായിട്ടുണ്ട്. പഴവർഗങ്ങളും പാനീയങ്ങളുമടങ്ങിയ തികച്ചും വ്യത്യസ്തമായ ഭക്ഷണ ശൈലി.
സ്വന്തം കുടുംബവും സുഹൃത്തുക്കളും നോമ്പുതുറ നടത്തുമ്പോൾ, ഒരുനേരത്തെ ആഹാരത്തിന് പ്രയാസപ്പെടുന്ന സഹോദരങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന തരത്തിലുള്ള സാമൂഹികപ്രവർത്തനങ്ങൾ നടത്തപ്പെടുന്നതും ഈ പുണ്യമാസത്തിൽ.
ഖത്തർ സ്പർശം പോലുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ എടുത്തുപറയേണ്ടിയിരിക്കുന്നു. ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യൂണിക് എല്ലാവർഷവും ഇതിന്റെ ഭാഗമാകുന്നു എന്നതും അഭിമാനകരം.
നോമ്പുകാലം ഓർക്കുമ്പോൾ ഏറെ സുഹൃത്തുക്കൾക്കിടയിലും ഒരു വ്യക്തിത്വത്തെ പരാമർശിക്കാതിരിക്കാനാകില്ല.
ഖത്തറിൽ ചുവടുകൾ പതിപ്പിച്ചനാൾ മുതൽ ഇന്നോളം ആത്മാർഥ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരു മുസ്ലിം സഹോദരൻ. ഖത്തറിന്റെ മണ്ണിൽ എന്റെ പ്രവാസം 15 വർഷം പിന്നിടുമ്പോഴും ആദ്യവർഷം മുതൽ ഇന്നോളം പലഹാരങ്ങളും പാനീയങ്ങളും ഈത്തപ്പഴവും ബിരിയാണിയും നെയ്ച്ചോറുമായി റമദാൻ പുണ്യമാസത്തിൽ ഞങ്ങളെ തേടിയെത്തുന്ന, പ്രതിഫലേച്ഛ തെല്ലുമില്ലാത്ത ഒരു തൃശൂർ സ്വദേശി, ഷാജു തളിക്കുളം. റമദാന്റെ നല്ല ഓർമകൾ അയവിറക്കുമ്പോഴും കഴിഞ്ഞവർഷങ്ങളിൽ നാമേവരും കടന്നുപോയ കോവിഡ് പ്രതിസന്ധികൾ വിസ്മരിക്കുന്നില്ല. ഈ കാലവും കടന്നുപോകും എന്നത് എത്രയോ അർഥവത്താണ്. അതിനെയൊക്കെ മറികടക്കാനായതും നാമേവരുടെയും നോമ്പും പ്രാർഥനകളും പുണ്യപ്രവൃത്തികളുമാണ്. മനസ്സിന്റെ നന്മ നിലനിൽക്കുവോളം ഒരുശക്തിക്കും നമ്മെ തകർക്കാനാകില്ല. നന്മയെ മുൻനിർത്തി നാം അനുഷ്ഠിക്കുന്ന നോമ്പും പ്രാർഥനകളും ഉന്നതങ്ങളിൽ അംഗീകരിക്കപ്പെടുന്നു. ഏവർക്കും അനുഗ്രഹപൂർണമായ നോമ്പും പെരുന്നാൾ ആശംസകളും നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.