ഉസ്ബകിന്റെ ചാട്ടുളിയായ ഫൈസുലേവ്
text_fieldsഗ്രൂപ് ബിയിൽ ഇന്ത്യക്കെതിരെ ഉസ്ബകിസ്താൻ ആദ്യ ജയം നേടിയപ്പോൾ മുന്നേറ്റത്തിന് കരുത്ത് പകർന്നത് ഒരു 20കാരനായിരുന്നു. പേര് അബോസ്ബെക് ഫൈസുലേവ്. വിങ്ങർ, മിഡ്ഫീൽഡ് റോളുകളിൽ ഒരുപോലെ തിളങ്ങാൻ കഴിവുള്ള താരമായ ഫൈസുലേവ്, ഉസ്ബക് സീനിയർ ടീമിനായി 10 മത്സരങ്ങളിൽനിന്ന് മൂന്നു ഗോളുകളും സ്വന്തമാക്കിക്കഴിഞ്ഞു. ഇതിൽ ഒരു ഗോൾ കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ നേടിയതാണ്.
ഉസ്ബകിസ്താൻ തങ്ങളുടെ ആദ്യ എ.എഫ്.സി അണ്ടർ 20 ഏഷ്യൻ കപ്പ് കിരീടം നേടിയപ്പോൾ ഫൈസുലേവിന്റെ പ്രകടനം നിർണായകമായിരുന്നു. അണ്ടർ 20 ഏഷ്യൻ കപ്പിന്റെ സെമി ഫൈനലിലേക്ക് ടീമിന് യോഗ്യത നേടിയതിന് പിന്നാലെ 2023ലെ ഫിഫ അണ്ടർ 20 ലോകകപ്പ് ടീമിലേക്കും ഫൈസുലേവിനെ വിളിച്ചു. അണ്ടർ 20യിലെ ഉസ്ബകിസ്താന്റെ കിരീടനേട്ടത്തോടെ ഏറ്റവും മികച്ച ഒരു താരത്തെയാണ് രാജ്യത്തിന് ലഭിച്ചത്. ഏഷ്യൻകപ്പിൽ ഏറ്റവും മൂല്യം കൂടിയ താരമെന്ന ബഹുമതിയോടെ, ദേശീയ സീനിയർ ടീമിലെ മധ്യനിര സ്ഥാനമുറപ്പിച്ച ഫൈസുലേവിന്റെ ചാട്ടുളി വേഗമുള്ള നീക്കങ്ങളായിരുന്നു ഏഷ്യൻ കപ്പിൽ ഇന്ത്യക്കെതിരെ ഉസ്ബകിന് കരുത്തായി മാറിയത്.
പക്താകോർ താഷ്കെന്റ് അക്കാദമിയിലൂടെ പ്രഫഷനൽ ഫുട്ബാൾ രംഗത്തേക്ക് പ്രവേശിച്ച അബോസ്ബെകിന്റെ വളർച്ച വേഗത്തിലായിരുന്നു. ക്ലബ് തലത്തിൽ മികച്ച പ്രകടനം നടത്തിയ അദ്ദേഹത്തെ ദേശീയ ടീം സെലക്ടർമാർ നോട്ടമിട്ടു. അങ്ങനെ അണ്ടർ 19 ടീമിലേക്ക് വിളിക്കപ്പെട്ടു. അർപ്പണബോധവും കഠിനാധ്വാനവുമാണ് ഫൈസുലേവിനെ സഹതാരങ്ങളിൽനിന്ന് വ്യത്യസ്തനാക്കുന്നതെന്ന് അദ്ദേഹത്തിന്റെ പരിശീലകർ സാക്ഷ്യപ്പെടുത്താറുണ്ട്. കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് നിരന്തരം പരിശീലനത്തിലേർപ്പെടുന്ന അദ്ദേഹം, ഫീൽഡിലെന്നപോലെ പുറത്തെ അച്ചടക്കത്തിലും പ്രശസ്തനാണ്. ലാളിത്യവും കളിയോടുള്ള ക്രിയാത്മകമായ സമീപനവും അദ്ദേഹത്തിന് സഹതാരങ്ങളുടെയും പരിശീലകരുടെയും ബഹുമാനവും ആദരവും നേടിക്കൊടുത്തു. പക്തോകറിൽനിന്ന് 2023ൽ സി.എസ്.കെ.എ മോസ്കോയിലെത്തിയ താരം 13 മത്സരങ്ങളിൽനിന്നായി രണ്ട് ഗോളുകൾ ക്ലബ് കുപ്പായത്തിലും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.