കരുതലിെൻറ പെരുന്നാൾ ആഘോഷം
text_fieldsദോഹ: തക്ബീർ ധ്വനികൾ മുഴക്കി ഈദുഗാഹുകളിലേക്കും പള്ളികളിലേക്കും വിശ്വാസി സമൂഹം ഒഴുകിയ പുലർകാലം. കോവിഡിനെ ഒരുപരിധിവരെ പിടിച്ചുകെട്ടിയ ആശ്വാസത്തിലെത്തിയ ബലിപെരുന്നാൾ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണകൾക്കൊപ്പം, മഹാമാരിക്കെതിരായ വിജയത്തിൻെറ വിളംബരം കൂടിയായി. സ്വദേശികളും വിദേശികളും ഒന്നായി, പ്രാർഥനാ നിർഭരമായ പകൽ. പ്രഭാത നമസ്കാരത്തിനു പിന്നാലെ, എല്ലാ ദിക്കുകളിൽ നിന്നും മൂഴങ്ങിക്കേട്ട തക്ബീർ ധ്വനികളോടെയാണ് പെരുന്നാൾ പുലരി പിറന്നത്. അതിരാവിലെതന്നെ നഗരവീഥികളെല്ലാം പള്ളികളിലേക്കുള്ള തിരക്കിലായി. എങ്കിലും, ഗതാഗതക്കുരുക്കുകളില്ലാതെതന്നെ വാഹനങ്ങൾ ഒഴുകി.
5.10നായിരുന്നു രാജ്യത്തെല്ലായിടത്തും ബലിപെരുന്നാൾ നമസ്കാരങ്ങൾ. മാസ്കണിഞ്ഞും സാമൂഹിക അകലം പാലിച്ചും, കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചുംതന്നെ വിശ്വാസികൾ അണിനിരന്നു. കുട്ടികൾക്കും സ്ത്രീകൾക്കും ഈദ്ഗാഹിലും പള്ളികളിലും നമസ്കാരത്തിന് സൗകര്യമുണ്ടാവില്ലെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പെരുന്നാൾ സുദിനത്തിൽ കുടുംബനാഥന്മാർക്കൊപ്പം കൈപിടിച്ച് അവരും ഇറങ്ങി. ഇമാം അബ്ദുൽ വഹാബ് പള്ളി (ഗ്രാൻഡ് മോസ്ക്) ഉൾപ്പെടെ പ്രധാന പെരുന്നാൾ നമസ്കാര കേന്ദ്രങ്ങളിൽ വലിയ തോതിൽതന്നെ സ്ത്രീകളുടെ സാന്നിധ്യവുമുണ്ടായിരുന്നു. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ പള്ളികളും ഈദ്ഗാഹുകളുമായി 924 കേന്ദ്രങ്ങളിലാണ് നമസ്കാരം നടന്നത്. ശേഷം, ഖുതുബ (പ്രഭാഷണം) കൂടി കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ തന്നെ എല്ലാവരും പിരിഞ്ഞു.
കോവിഡ് മുൻ കരുതൽ എന്ന നിലയിൽ ഹസ്തദാനവും, ആലിംഗനവുമെല്ലാം ഒഴിവാക്കിയായിരുന്നു വിശ്വാസികളുടെ സൗഹൃദ പങ്കിടലും ഈദ് ആശംസ നേരലും. ഈദ്ഗാഹുകളിലും പള്ളികളിലുമായി മലയാളി സാന്നിധ്യവും ശ്രദ്ധേയമായി. അറബ് വസ്ത്രങ്ങളിലും, വെള്ളമുണ്ടുടുത്ത് തനി നാടൻ മലയാളികളായുംതന്നെ അവർ പെരുന്നാൾ ആഘോഷത്തിൽ അലിഞ്ഞുചേർന്നു. മാനവരാശിയുടെയും, അയൽ രാജ്യങ്ങളുടെയും ഇസ്ലാമിക ലോകത്തിൻെറയും നന്മകർക്കായി പ്രാർഥിച്ചും, ഇബ്രാഹിം നബിയുടെ സ്മരണകൾ ഉദ്ഘോഷിച്ചുമായിരുന്നു വിവിധ പള്ളികളിലെ പെരുന്നാൾ പ്രഭാഷണങ്ങൾ. കോവിഡ് ചട്ടങ്ങൾ പാലിക്കുന്നത് പരിശോധിക്കാനായി പൊലീസ് നിരീക്ഷണം ശക്തമായിരുന്നു. പെരുന്നാൾ ദിനങ്ങളിൽ വാഹനഗതാഗതം സുഗമമാക്കുന്നതിന് വൻനടപടികളാണ് ഗതാഗതവകുപ്പ് സ്വീകരിച്ചിരുന്നത്. മലയാളികളടക്കമുള്ള പ്രവാസികളുടെ വിശാലമായ പെരുന്നാൾ സംഗമങ്ങളും ആേഘാഷങ്ങളും ഇല്ലെങ്കിലും വാക്സിൻ എടുത്തവർക്ക് നിയന്ത്രണങ്ങളോടെ പരിമിതമായ അളവിൽ സംഗമിക്കാൻ അനുവാദമുണ്ട്. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഓൺലൈൻ ഈദ് പരിപാടികളും, ചെറിയ സദസ്സിനു മുന്നിൽ ഇശൽ പരിപാടികളും വരും ദിവസങ്ങളിൽ നടക്കുന്നുണ്ട്. കേരളത്തിൽ ബുധനാഴ്ചയാണ് പെരുന്നാൾ.
ബീച്ചുകളിൽ തിരക്ക്
രാജ്യത്തെ ബീച്ചുകളിൽ പെരുന്നാൾ ആഘോഷിക്കാനായി നിരവധിപേരാണ് എത്തിയത്. അൽവക്റ ബീച്ച്, സീലൈൻബീച്ച് തുടങ്ങിയ കേന്ദ്രങ്ങളിൽ കുടുംബങ്ങളടക്കമുള്ളവരുടെ തിരക്കുണ്ടായി. പകലിൽ കനത്തചൂടും ഹുമിഡിറ്റിയുമായതിനാൽ, വൈകീട്ടോടെയായിരുന്നു ബീച്ചുകളിൽ തിരക്ക് അനുഭവപ്പെട്ടത്. അതേസമയം, സൂഖുകൾ പോലുള്ളവയുടെ ചില ഭാഗങ്ങളിൽ പെരുന്നാൾ ദിവസം കുടുംബങ്ങൾക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ഖത്തറിൽ ജൂലൈ 18 മുതൽ 25 വരെയാണ് പെരുന്നാൾ പൊതുഅവധി. 26 മുതൽ ജിവനക്കാർ ജോലിക്ക് ഹാജരാകണം. അതേസമയം, സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പെരുന്നാൾ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും മാത്രമാണ് അവധി ലഭിക്കുന്നത്. എന്നിരുന്നാലും ആഘോഷദിനങ്ങൾതന്നെയാണ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.