ഫെലിക്സ് സാഞ്ചസ് എക്വഡോർ പരിശീലകൻ
text_fieldsദോഹ: രണ്ടു പതിറ്റാണ്ടിലേറെ കാലം ഖത്തർ ഫുട്ബാളിനൊപ്പം സഞ്ചരിച്ച സ്പാനിഷ് പരിശീലകൻ ഫെലിക്സ് സാഞ്ചസ് ഇനി തെക്കനമേരിക്കൻ സംഘമായ എക്വഡോറിന്റെ പരിശീലകൻ. ലോകകപ്പിനു പിന്നാലെ, ഖത്തർ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങിയ ഫെലിക്സ് സാഞ്ചസിനെ നാലു വർഷത്തേക്കാണ് എക്വഡോർ തങ്ങളുടെ പരിശീലകനായി നിയമിച്ചത്. 2026ൽ അമേരിക്ക, മെക്സികോ, കാനഡ രാജ്യങ്ങൾ വേദിയാവുന്ന ലോകകപ്പിൽ തെക്കനമേരിക്കൻ ടീമിനെ ഒരുക്കുകയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചുമതല.
അർജന്റീനക്കാരനായ ഗുസ്താവോ അൽഫാരോയുടെ പിൻഗാമിയായാണ് 47കാരനായ ഫെലിക്സ് സാഞ്ചസ് എക്വഡോറിനൊപ്പം ചേരുന്നത്.
1996 മുതൽ 2006 വരെ ബാഴ്സലോണ യൂത്ത് ടീമിന്റെ പരിശീലകനായിരുന്നു ഫെലിക്സ്. 2006ൽ ആസ്പയർ അക്കാദമി പ്രവർത്തനമാരംഭിച്ചപ്പോഴാണ് ഇദ്ദേഹം സ്പെയിൻ വിട്ട് ദോഹയിലേക്ക് പറക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച ഒരുപിടി യുവതാരങ്ങളെ വളർത്തിയെടുത്ത ഇദ്ദേഹം 2013ൽ ഖത്തറിന്റെ അണ്ടർ 19 ടീം പരിശീലകനായി. 2017ൽ അണ്ടർ 23 ടീമിനെയും പരിശീലിപ്പിച്ചു. അതേ വർഷം ദേശീയ സീനിയർ ടീമിന്റെ പരിശീലകനായി നിയമിതനായി സാഞ്ചസായിരുന്നു ഖത്തറിനെ ഏഷ്യൻ കിരീടത്തിലേക്ക് നയിച്ചത്. അക്രം അഫിഫി, ഹസൻ ഹൈദോസ്, അൽ മുഈസ് അലി തുടങ്ങി ഒരുപിടി താരങ്ങളെ ജൂനിയർ തലത്തിൽ കണ്ടെത്തി ദേശീയ ടീമിന്റെ പ്രധാനികളാക്കി വളർത്തിയത് ഈ സ്പാനിഷുകാരനായിരുന്നു.
ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ ഒരു വിജയവുമില്ലാതെ ടീം പുറത്തായെങ്കിലും കൈയടി നേടുന്നതായിരുന്നു ഖത്തറിന്റെ പ്രകടനം. അന്ന് ഗ്രൂപ് റൗണ്ടിൽ ഖത്തർ എക്വഡോറിനോട് തോറ്റിരുന്നു. ഡിസംബറിൽ കരാർ അവസാനിച്ചതിനു പിന്നാലെ സാഞ്ചസ് നാട്ടിലേക്ക് മടങ്ങിയപ്പോൾ, പോർചുഗീസ് പരിശീലകൻ കാലോസ് ക്വിറോസിനെയാണ് ഖത്തർ ദേശീയ ടീം പരിശീലകനായി നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.