ഫിറോസ് കാത്തിരിക്കുന്നു, വിശിഷ്ടമായ ആ പന്തുമായി...
text_fieldsദോഹ: ഒരു പന്തിലിത്രയെന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടെ... ഈ പന്തിന്റെ അകവും പുറവും അത്രമേലുണ്ട് പോരിശ. കാറ്റുനിറച്ച ഈ കാൽപന്തിനു പുറവും ഇത് രൂപകൽപന ചെയ്ത ചെമ്മീൻ ഫിറോസിന്റെ ഖൽബിനുള്ളിലും നിറയുന്നത് ഖത്തർ എന്ന കൊച്ചുരാജ്യത്തോടുള്ള അത്ര വലിയ മുഹബ്ബത്താണ്. അതിലേറെ, ലോകകപ്പിന്റെ അതിവിശിഷ്ടമായ സംഘാടനത്തിലൂടെ വിശ്വത്തെയാകെ വിസ്മയിപ്പിച്ച ഖത്തറിന്റെ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയോടുള്ള അതിരറ്റ ഇഷ്ടവും കൂടിയാണ്.
ഖത്തർ ലോകകപ്പിൽ ചരിത്രം കുറിച്ച ആവേശപ്പോരാട്ടങ്ങൾക്കൊപ്പം സഞ്ചരിച്ച ഔദ്യോഗിക പന്തായ അൽ രിഹ്ലയാണ് ഫിറോസ് അമൂല്യമായി സൂക്ഷിക്കുന്നത്. ഖത്തറിൽ കളിക്കാനിറങ്ങിയ 32 രാജ്യങ്ങളുടെയും പതാക പന്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. അൽബെയ്ത്ത് മുതൽ ലുസൈൽ വരെയുള്ള എട്ട് സ്റ്റേഡിയങ്ങളുടെ ചിത്രങ്ങളും ഈ പന്തിന്മേൽ വർണാഭമായി വരച്ചു ചേർത്തിട്ടുണ്ട്.
ഖത്തർ അമീർ ശൈഖ് തമീമിന്റെയും മുൻ അമീർ ശൈഖ് ഹമദിന്റെയും ചിത്രങ്ങളും പന്തിലുണ്ട്. ഖത്തറിന്റെ ദേശീയ മൃഗം, ലോകകപ്പ് ട്രോഫി, ഖത്തർ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായ ലഈബ് എന്നിവക്കുപുറമേ ഫുട്ബാളിന്റെ പിതാവ് എന്നറിയപ്പെടുന്ന എബനേസർ കോബ് മോർലി, അൽ ജനൂബ് സ്റ്റേഡിയം രൂപകൽപന ചെയ്ത ആർക്കിടെക്ടായ സാഹാ ഹദീദ് എന്നിവരുടെ ചിത്രങ്ങളുമുണ്ട് ഈ പന്തിന്മേൽ. മൊത്തം 48 ചിത്രങ്ങളുള്ള പന്ത് ‘ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചിത്രങ്ങൾ ആലേഖനം ചെയ്ത ഫുട്ബാൾ’ എന്ന നിലയിൽ ഇന്റർനാഷനൽ ബുക് ഓഫ് റെക്കോഡ്സിലും ഇടം നേടി.
ബേപ്പൂർ സ്വദേശിയായ ഫിറോസിനൊപ്പം കോഴിക്കോട് നിന്നു തന്നെയുള്ള മേഘ്ന, ജസീർ, അബ്ദുൽ സത്താർ എന്നിവരും കൂടിച്ചേരുന്ന നാലംഗ സംഘമാണ് പന്ത് ഈവിധം രൂപകൽപന ചെയ്തിരിക്കുന്നത്. പന്തു മാത്രമല്ല, പൗരാണിക കാലം മുതൽ കേരളത്തിനും അറബ് നാടുകൾക്കുമിടയിലെ അഭിമാനമുദ്രയായ ഉരുവിന്റെ മാതൃകയും ഇതോടൊപ്പം പണിതീർത്തിട്ടുണ്ട്. ഈ മാതൃകയിലാണ് പന്ത് സ്ഥാപിച്ചിട്ടുള്ളത്. ലോകകപ്പിൽ പങ്കെടുത്ത 32 രാജ്യങ്ങളുടെയും ഔദ്യോഗിക പുഷ്പങ്ങളും ഉരുവിൽ മുദ്രണം ചെയ്തിരിക്കുന്നു.
ഖത്തർ എന്ന കൊച്ചുരാജ്യം ലോകകപ്പിനൊരുങ്ങുന്ന സമയത്താണ് ആറു വർഷം മുമ്പ് ചെമ്മീൻ ഫിറോസ് ഖത്തറിൽ സ്വകാര്യ സന്ദർശനത്തിനെത്തുന്നത്. അന്ന് വിശ്വമേളക്കായി ഖത്തർ അതിഗംഭീരമായി ഒരുങ്ങുന്ന വേളയിലാണ് ഈ സമർപ്പണത്തിന് സമ്മാനമെന്ന നിലയിൽ ഒരു ഉപഹാരം തീർക്കണമെന്ന ആശയം ഫിറോസിന്റെ മനസ്സിലുദിക്കുന്നത്. ലക്ഷ്യത്തിലേക്ക് അത്രയേറെ പ്രതിബദ്ധതയോടെ മുന്നേറിയ ഖത്തറിന്റെയും ശൈഖ് തമീമിന്റെയും കടുത്ത ആരാധകനായി ഫിറോസ് മാറുന്നതും അന്നുമുതലാണ്.
ലോകകപ്പിന്റെ വിവിധ മുദ്രകൾ ആലേഖനംചെയ്ത വിശിഷ്ട പന്ത് ശൈഖ് തമീമിന് കൈമാറണമെന്നാണ് ഫിറോസിന്റെ ഏറ്റവും വലിയ ആഗ്രഹം. ഒരു വർഷമായി അതിനുള്ള വഴികൾ തേടുകയാണ് ഈ യുവാവ്. ഏഷ്യൻകപ്പിന് ഖത്തറിൽ വേദിയൊരുങ്ങുന്ന വേളയിൽ തന്റെ ആഗ്രഹപൂർത്തീകരണത്തിന് വഴിയൊരുങ്ങിയാൽ അതേറെ സന്തോഷമാകുമെന്ന് പറയുന്ന ഫിറോസ് അതിനുള്ള വഴികൾ വൈകാതെ തുറന്നുകിട്ടുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.