ഖത്തറില്‍ വരുന്നു ‘കല’ക്കന്‍ ഉത്സവം
text_fieldsദോഹ: 19 വ്യത്യസ്ത സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രഥമ ഫരീജ് ഫെസ്റ്റിവൽ ഒക്ടോബർ 31ന് ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
നവംബർ ആറ് വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന മേളക്ക് ഉംസലാലിലെ ദർബ് അൽ സാഇ വേദിയാകും. ഫരീജ് എന്ന അറബി വാക്കിന് അയൽപക്കം എന്നാണ് അർഥം. കലാശാല, കലയും പ്രചോദനവും, മാൽ ലവാൽ (പഴയത്), അൽ ഹൂഷ് (ബാക്ക് യാർഡ്) എന്നിങ്ങനെ വ്യത്യസ്ത പ്രമേയത്തിലുള്ള വിഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് മേള സംഘടിപ്പിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.
മേളയോടനുബന്ധിച്ച് നാല് കലാ പ്രദർശനങ്ങളും നാടകവും വിവിധ പ്രായക്കാർക്കുള്ള കലാ ശിൽപശാലകളും സാംസ്കാരിക സെമിനാറുകളും ആർട്ട് സ്റ്റുഡിയോകളും സംഘടിപ്പിക്കും.
ഖത്തറിലെ കലാ-സാംസ്കാരിക മേഖലയെ ഉയർത്തിക്കൊണ്ടുവരുന്നതിന് സംഭാവന ചെയ്യുന്ന വൈവിധ്യമാർന്ന ശൈലികളിലൂടെ പ്രമുഖരായ നൂറിലധികം പ്രാദേശിക, അന്തർദേശീയ കലാകാരന്മാരെയും ഡിസൈനർമാരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന വേദിയാണ് ഫെസ്റ്റിവലെന്നും കലയുടെയും സർഗാത്മകതയുടെയും ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഫരീജ് ഫെസ്റ്റിവലെന്നും വിഷ്വൽ ആർട്സ് സെന്റർ ഡയറക്ടർ ഹുദ അൽ യാഫിഈ പറഞ്ഞു.
കലയുടെ വിവിധ വശങ്ങളും സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിൽ അതിന്റെ പങ്കും ഉയർത്തിക്കാട്ടുക, സമൂഹത്തിൽ കലയുടെ പ്രാധാന്യം വർധിപ്പിക്കുക, സമകാലിക കലയുടെ പ്രധാന ലക്ഷ്യസ്ഥാനമായി ഖത്തറിനെ ഉയർത്തിക്കൊണ്ടുവരുക, പ്രാദേശിക-അന്തർദേശീയ കലാകാരന്മാർ തമ്മിലുള്ള സാംസ്കാരിക സംവാദത്തിനുള്ള തുറന്ന വേദികൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.