പെരുന്നാൾ തിരക്ക്: വിപണിയിൽ പരിശോധനയുമായി മുനിസിപ്പാലിറ്റി
text_fieldsദോഹ: പെരുന്നാൾ വിപണി സജീവമായിരിക്കെ ഭക്ഷ്യ ഉൽപന്ന വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന സജീവമാക്കി ദോഹ മുനിസിപ്പാലിറ്റി. നഗരസഭക്കു കീഴിലെ ഹെൽത്ത് കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയത്. ഭക്ഷ്യ സംസ്കരണം, വിതരണ കമ്പനികൾ, ഷോപ്പിങ് കോംപ്ലക്സുകൾ, പച്ചക്കറി വിൽപന കേന്ദ്രങ്ങൾ, പഴം, ബേക്കറി ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനയും ബോധവത്കരണവും ആരംഭിച്ചത്.
ഭക്ഷ്യസുരക്ഷ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് വിവിധ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഈദുൽ ഫിത്ർ ആഘോഷങ്ങൾക്ക് പൊതുജനങ്ങളും വിപണിയും തയാറെടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് മുനിസിപ്പാലിറ്റി നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് വിവിധ പരിപാടികളുടെ വേദികൾ, പാർക്കുകൾ, പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഭക്ഷ്യഔട്ട്ലെറ്റുകളും നിരീക്ഷിക്കും. സൂഖ് വാഖിഫ്, ദോഹ പോർട്ട്, കോർണിഷ്, മുശൈരിബ്, കതാറ കൾചറൽ വില്ലേജ്, പേൾ ഖത്തർ, വിവിധ വാണിജ്യ കോംപ്ലക്സുകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിശോധനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.