വേഗപ്പോരിന് കൊടിയിറങ്ങി; മിന്നൽവേഗത്തിൽ പോർഷെ
text_fieldsദോഹ: ലുസൈൽ ഇൻറർനാഷനൽ സർക്യൂട്ടിലെ ട്രാക്കിനെ തീപിടിപ്പിച്ച ‘ഫിയ’ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിന് കൊടിയിറക്കം. ഖത്തർ 1812 കി.മീറ്റർ ചാമ്പ്യൻഷിപ്പിൽ പത്തു മണിക്കൂറിലേറെ നീണ്ട മാരത്തൺ റേസിനൊടുവിൽ ശനിയാഴ്ച രാത്രിയോടെയാണ് സമാപനമായത്. മൂന്നു ദിവസങ്ങളിലായി വിവിധ ഘട്ടങ്ങളിൽ നടന്ന ചാമ്പ്യൻഷിപ് അന്താരാഷ്ട്രതലത്തിലെ വൻകിട വാഹനനിർമാതാക്കൾക്ക് തങ്ങളുടെ കാറുകളുടെ ശേഷി പ്രകടിപ്പിക്കാനുള്ള വേദികൂടിയായി മാറി. മത്സരത്തിലുടനീളം മേധാവിത്വം സ്ഥാപിച്ച പോർഷെ പെൻസ്കെ മോർട്ടോർ സ്പോട്ട് വെന്നിക്കൊടി പറത്തി. പോർഷെ 963 കാറുമായി കെവിൻ എസ്ത്രെ, ആന്ദ്രെ ലോട്ടർ, ലോറൻസ് വാന്തോർ എന്നിവരാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. 1812 കിലോമീറ്റർ ദൂരം ഒമ്പതു മണിക്കൂർ 55 മിനിറ്റിലാണ് ഇവരുടെ സംഘം ഫിനിഷ്ചെയ്തത്. ലുസൈൽ ഇൻറർനാഷനൽ സർക്യൂട്ടിൽ 335 ലാപ്പ് നീണ്ടുനിന്നതായിരുന്നു മാരത്തൺ റേസ്.
ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീയിലൂടെ വേഗപ്പോരാട്ടക്കാരുടെ ഇഷ്ട ഇടമായി മാറിയ ലുസൈൽ സർക്യൂട്ടിൽ ആദ്യമായാണ് ‘ഫിയ’ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ് നടക്കുന്നത്. 2017നുശേഷം പോർഷെയുടെ ആദ്യ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ് കിരീടനേട്ടമാണിത്. ബ്രിട്ടന്റെ ഹെർട്സ് ടീം ജോട്ട രണ്ടാമതും പോർഷെയുടെ മറ്റൊരു ടീം മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ലോകത്തെ വമ്പൻ കാർ നിർമാതാക്കൾ ഉൾപ്പെടെ 37 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്. ഖത്തർ ഫുട്ബാൾ നായകൻ ഹസൻ അൽ ഹൈദോസ് ഫൈനൽ ലാപ്പിനൊടുവിൽ ചെക്കേഡ് ഫ്ലാഗ് വീശി റേസിന് സമാപനംകുറിച്ചു. നാലായിരത്തോളം കാണികൾ സാക്ഷിയായ മത്സരത്തെ വർണാഭമാക്കി വെടിക്കെട്ടും എയർഷോയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.