സ്ഫോടനം: ലബനാന് ഖത്തർ രണ്ട് ഫീൽഡ് ആശുപത്രികൾ അയച്ചു
text_fieldsദോഹ: ലബനാന് ഖത്തറിെൻറ അടിയന്തര മെഡിക്കൽ സഹായം. അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ബുധനാഴ്ച രാവിലെ ലബനാനിലേക്ക് സഹായം അയച്ചത്. കഴിഞ്ഞദിവസം ലബനാൻെറ തലസ്ഥാനമായ ബൈറൂതിൽ നടന്ന സ്ഫോടനത്തിൽ 50ലധികം പേർ മരിക്കുകയും 2750 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് പരിക്കേറ്റവർക്ക് അടിയന്തര ചികിത്സക്കുള്ള മരുന്നുകളും ഉപകരണങ്ങളുമടങ്ങിയ സഹായം ഖത്തർ അയച്ചത്. എല്ലാവിധ സൗകര്യങ്ങളുമടങ്ങിയ രണ്ട് ഫീൽഡ് ആശുപത്രികളും ഇതിൽ ഉണ്ട്. 500 െബഡുകൾ അടക്കമുള്ള സൗകര്യങ്ങളാണ് ഇതിൽ ഉണ്ടാവുക. അമീരി എയർ ഫോഴ്സ് ആദ്യവിമാനം ലബനാനിലെ റഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് പോയത്. മൂന്ന് വിമാനങ്ങൾകൂടി ഖത്തർ അയക്കുന്നുണ്ട്. നേരത്തേ അമീർ ശൈഖ് മതീം ബിൻ ഹമദ് ആൽഥാനി ലബനാൻ പ്രസിഡൻറ് ജനറൽ മൈക്കേൽ ഓനുമായി ടെലിഫോണിൽ സംസാരിച്ച് അനുശോചനമറിയിച്ചിരുന്നു.
സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് ആശ്വാസം ലഭിക്കട്ടെയെന്ന് അമീർ ആശംസിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. സഹോദരരാജ്യമായ ലബനാന് ഏത് തരത്തിലുമുള്ള സഹായം നൽകാനും ഖത്തർ ഒരുക്കമാണെന്ന് അമീർ അറിയിച്ചിരുന്നു. ഖത്തർ നൽകുന്ന പിന്തുണക്ക് ലബനാൻ പ്രസിഡൻറ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.