അതിശയ രാവ്
text_fieldsദോഹ: ഫിഫ അറബ് കപ്പിൽ ഗാലറിയും മൈതാനവും ഒരേപോലെ ആസ്വാദ്യകരമാക്കിയ മത്സരം. ഒരുനിമിഷം പോലും നിലക്കാത്ത ആരവം. കളത്തിലെ പോരാട്ടത്തിെൻറ മുറുക്കം പോലെ, ഗാലറിയിൽ ഇരുടീമുകളുടെയും ആരാധകർ ആരവങ്ങളുയർത്താനും മത്സരിച്ച മണിക്കൂറുകൾ. 90 മിനിറ്റ് ഫുൾടൈമും, 30 മിനിറ്റ് അധിക സമയവും, പിന്നെ പെനാൽറ്റി ഷൂട്ടൗട്ടും ഒരേ പിരിമുറുക്കത്തോടെ ഗാലറി അവിസ്മരണീയമാക്കിയപ്പോൾ കാണികൾക്കും ഫുട്ബാൾ ആരാധകർക്കും ലഭിച്ചത് എന്നും ഓർമയിൽ സൂക്ഷിക്കാനൊരു കാൽപന്തുരാവ്. ഫിഫ അറബ് കപ്പിലെ ഏറ്റവും കരുത്തരായ രണ്ടു ടീമുകൾ മുഖാമുഖം കളത്തിലിറങ്ങിയ അൽ തുമാമ സ്റ്റേഡിയത്തിലെ അൽജീരിയ - മൊറോക്കോ മത്സരമായിരുന്നു വേദി.
ഒരു ഗോൾ പോലും വഴങ്ങതെ, ഒരു തോൽവിയുമറിയാതെ ക്വാർട്ടറിലെത്തിയ മൊറോക്കോയും, റിയാദ് മെഹ്റസും ഇസ്ലാം സ്ലിമാനിയും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെ ജൂനിയേഴ്സായ അൽജീരിയയും തമ്മിലായിരുന്നു അങ്കം.
ഫുൾടൈമും എക്സ്ട്രാ ടൈമും കഴിഞ്ഞിട്ടും 'ടൈ' ബ്രേക്കാവാതെ തുടർന്ന കളി ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിധി നിർണയിക്കപ്പെട്ടപ്പോൾ അൽജീരിയ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ഫുൾടൈമിൽ 1-1നും, എക്സ്ട്രാ ടൈമിൽ 2-2നുമായിരുന്നു സമനില. ഷൂട്ടൗട്ടിൽ അൽജീരിയ 5-3ന് എതിരാളികളെ വീഴ്ത്തി അറബ് കപ്പിെൻറ സെമിയിൽ ഇടംപിടിച്ചു. ഇനി ആരാധകർക്ക് ആവേശമായി ആതിഥേയരായ ഖത്തറും അൽജീരിയയും തമ്മിലെ സെമി പോരാട്ടം. 15ന് രാത്രി 10ന് അൽതുമാമ സ്റ്റേഡിയത്തിലാണ് സെമി. അതേ ദിനം, റാസ് അബൂ അബൂദിലെ സ്റ്റേഡിയം 974ൽ ഈജിപ്തും തുനീഷ്യയും തമ്മിൽ മറ്റൊരു സെമി ഫൈനൽ മത്സരം നടക്കും.
പന്ത്രണ്ടാമൻനയിച്ച കളി
കളിക്കളത്തിൽ അൽജീരിയ-മൊറോക്കോ ടീമുകളിലെ 11 പേരുടെ പോരാട്ടമായിരുന്നെങ്കിൽ, പന്ത്രണ്ടാമനായ ഗാലറിയായിരുന്നു കളി നയിച്ചത്. തുമാമ സ്റ്റേഡിയത്തിെൻറ ഒരു വശം മൊറോക്കോയുടെ ചുവപ്പൻ പടയാളികൾ കൈയടക്കിയപ്പോൾ, മറുവശത്ത് വെള്ളയും പച്ചയുമണിഞ്ഞ് അൽജീരിയൻ ആരാധക കൂട്ടങ്ങൾ നിറഞ്ഞുകവിഞ്ഞു. ഹൂങ്കാര ശബ്ദം മുഴക്കി അൽജീരിയൻ കാണികൾ ഗാലറി ഇളക്കിമറിക്കുേമ്പാൾ, അതിനേക്കാൾ വലിയ ശബ്ദത്തിലെ കൂട്ടവിസിലടിയോടെ ആൾബലംകൂടുതലുള്ള മൊറോക്കോ ഫാൻസ് ഗാലറി വാണു. കളത്തിൽ മാറിമറിഞ്ഞ മുന്നേറ്റങ്ങൾ. ഒരിക്കൽ പോലും ആർക്കും മേധാവിത്വമില്ലാത്ത നിമിഷങ്ങൾ. അഷ്റഫ് ബെഞ്ചരിക്, വാലിദ് അസാറു, ഇസ്മായിൽ ഹദ്ദാദ്, യഹ്യ ജാബ്റൻ എന്നിവർ മൊറോക്കോ മുന്നേറ്റത്തിന് ചരടുവലിച്ചപ്പോൾ, സ്റ്റാർ മിഡ്ഫീൽഡർ യാസിൻ ബ്രാഹിമി, യൂസുഫ് ബിലൈലി, മിറൗൻ സെറോകി എന്നിവരിലൂടെ അൽജീരിയ തിരിച്ചടിച്ചു. ഗോളടിക്കാരനായ പ്രതിരോധ താരം ബദ്ർ ബിനൗനായിരുന്നു മൊറോക്കോ ഡിഫൻസ് വാളിനെ നയിച്ചത്.
മിന്നുന്ന മുന്നേറ്റങ്ങൾ കണ്ടതല്ലാതെ ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയിലാണ് ആദ്യ ഗോൾ പിറന്നത്. 62ാം മിനിറ്റിൽ അൽജീരിയയുടെ യൂസുഫ് ബിലൈലിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് യാസിൻ ബ്രാഹിമി ആദ്യഗോൾ നേടി. എന്നാൽ, ആവേശത്തിന് തിരിച്ചടി ലഭിക്കാൻ ഒരു മിനിറ്റിെൻറ കാത്തിരിപ്പുപോലുമില്ലായിരുന്നു. 63ാം മിനിറ്റിൽ ഉജ്ജ്വലമായൊരു ഫ്രീകിക്ക് ഷോട്ടിനെ ഹെഡറിലൂടെ വലയിലാക്കി മുഹമ്മദ് നാഹിരി സമനില നേടി. ശേഷം, കളി എക്സ്ട്രാ ടൈമിലേക്ക്. ആദ്യ പകുതിയിലെ 102ാം മിനിറ്റിൽ സീനിയർ ടീം അംഗം യുസുഫ് ബിലൈലി 40 വാര അകലെ നിന്നും തൊടുത്ത വെടിച്ചില്ല്പോലൊരു ഷോട്ടിൽ അൽജീരിയ വീണ്ടും ലീഡെടുത്തു. ഗാലറിക്ക് ആഘോഷിക്കാൻ ഏറെ വകനൽകിയ നിമിഷം. എന്നാൽ, മറുപടി ലഭിക്കാനും അധികം സമയമുണ്ടായില്ല. 111ാം മിനിറ്റിൽ ഫ്രീകിക്കിനെ ഹെഡറിലൂടെ വലയിലാക്കി ഡിഫൻഡർ ബദ്ർ ബിനൗൻ സമനില സമ്മാനിച്ചു. കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ, അൽജീരിയയുടെ എല്ലാ ഷോട്ടും ലക്ഷ്യത്തിലെത്തി. എന്നാൽ, മൊറോക്കോയുടെ നാലാം കിക്കെടുത്ത കരിം ബെർകുവിയുടെ ഷോട്ട് തട്ടിയകറ്റി ഗോൾകീപ്പർ റയിസ് മഹ്ലൂഹി വിജശിൽപിയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.