ഫിഫ അറബ് കപ്പ്: സെമിയിൽ ഖത്തർ വീണു; അൽജീരിയ x തുനീഷ്യ ഫൈനൽ
text_fieldsദോഹ: ലോകകപ്പിനൊരുങ്ങുന്ന സ്വന്തം മുറ്റത്ത് കിരീടത്തോടെ അണിഞ്ഞൊരുങ്ങാമെന്ന ഖത്തറിൻെറ സ്വപ്നങ്ങൾക്ക് സെമി ഫൈനലിൽ അൽജീരിയയുടെ പൂട്ട്. ഫിഫ അറബ് കപ്പിലെ ആതിഥേയരുടെ സ്വപ്നങ്ങൾ അൽ തുമാമ സ്റ്റേഡിയത്തിലെ പച്ചപ്പുൽ മൈതാനിയിൽ തച്ചുടച്ച് (2-1) അൽജീരിയ ഫിഫ അറബ് കപ്പ് ഫൈനലിൽ. അടിമുടി നാടകീയമായമായിരുന്നു സെമിൈഫനൽ. 59ാം മിനിറ്റിലെ ഗോളുമായി അൽജീരിയയുെട ലീഡ്. ഒമ്പതു മിനിറ്റ് പ്രഖ്യാപിച്ച ഇഞ്ചുറി ടൈമിൻെറ എട്ടാം മിനിറ്റിൽ ഖത്തറിൻെറ സമനില ഗോൾ. എക്സ്ട്രാടൈമിലേക്ക് സമയം തള്ളിനീക്കുന്നതിനിടെ 18 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിൻെറ സായാഹ്നത്തിൽ പെനാൽറ്റിയിലൂടെ അൽജീരിയൻ വിജയം. ഒടുവിൽ ആരവങ്ങളുമായി ഗാലറി നിറഞ്ഞ ആതിഥേയ കാണികളെ കണ്ണീരണിയിച്ച് ഖത്തറിൻെറ പുറത്താകൽ.
തോൽവിയറിയാതെ കുതിച്ച ഖത്തറിനു മേൽ പൂർണാധിപത്യംപുലർത്തികൊണ്ടായിരുന്നു കിക്കോഫ് വിസിൽ മുതൽ അൽജീരിയൻ പോരാട്ടം. ഗോൾരഹിതമായിരുന്നു ഒന്നാം പകുതിയെങ്കിലും അൽജീരിയക്കാർ മികച്ച ഒരുപിടി അവസരങ്ങൾ തീർത്ത് മേധാവിത്വം സ്ഥാപിച്ചു.
കളിയുടെ 59ാം മിനിറ്റിൽ ജമിൽ ബെൻലാമ്രിയുടെ ഉശിരൻ ഗോളിലൂടെ മുന്നിലെത്തിയ അൽജീരിയയുടെ ബൂട്ടിലായി കളി. ഗോൾവഴങ്ങിയ ശേഷം ലോങ് േക്രാസുകളിലൂടെ തിരിച്ചുവരവിന് ശ്രമിച്ച ഖത്തറിന് പക്ഷേ, കാര്യങ്ങളൊന്നും മനസ്സിൽകണ്ടപോലെയായില്ല. ഒടുവിൽ ഒമ്പത് മിനിറ്റ് പ്രഖ്യാപിച്ച ഇഞ്ചുറിടൈമിൻെറ എട്ടാം മിനിറ്റിൽ മുഹമ്മദ് മുൻതാരി സമനില സമ്മാനിച്ചു. ബോക്സിനുള്ളിലെ മിന്നുന്ന ഹെഡ്ഡറിലുടെ വലകുലുങ്ങിയതോടെ ഗാലറി അണപൊട്ടി. കളി എക്സ്ട്രാടൈമിലേക്ക് ഉറപ്പിച്ച സമയങ്ങൾ. പക്ഷേ, പരിക്കും, വാഗ്വാദങ്ങളും നിറഞ്ഞതോടെ ഇഞ്ചുറി ടൈം നീണ്ടു. ഇത് ആതിഥേയർക്കും തിരിച്ചടിയായി. ഒടുവിൽ 17ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്കായി അൽജീരിയയുടെ തുരുപ്പുശീട്ട്. യുസുഫ് ബിലൈലിയുടെ ഷോട്ട് ഖത്തർ ഗോളി സാദ് അൽ ഷീബ് തടഞ്ഞെങ്കിലും, റീബൗണ്ട് കിക്ക് ബിലൈലി തന്നെ വലയിലാക്കി ടീമിന് വിജയം സമ്മാനിച്ചു.
അൽ തുമാമയിൽ ഖത്തറിൻെറയും, നിറഞ്ഞു കവിഞ്ഞ ഗാലറിയുടെ കണ്ണീരിനുംമേൽ, അൽജീരിയയുടെ വിജയാഘോഷം.
ഡിസംബർ 18ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ അൽജീരിയ തുനീഷ്യയെ നേരിടും. ബുധനാഴ്ച നടന്ന ആദ്യ സെമിയിൽ പ്രബലരായ ഈജിപ്തിനെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് തുനീഷ്യ ഫൈനലിൽ ഇടം പിടിച്ചത്.
മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള ലൂസേഴ്സ് ഫൈനലിൽ 18ന് ഉച്ച ഒരു മണിക്ക് ഖത്തറും ഈജിപ്തും തമ്മിൽ ഏറ്റുമുട്ടും. സ്റ്റേഡിയം 974ലാണ് ഈ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.