ഫിഫ അറബ് കപ്പ്: അശ്ഗാൽ ഒരുക്കിയത് 50 പാർക്കിങ് കേന്ദ്രങ്ങൾ
text_fieldsദോഹ: എല്ലാ അർഥത്തിലും ലോകകപ്പിെൻറ ട്രയൽസാണ് ഫിഫ അറബ് കപ്പ്; സംഘാടനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും സുരക്ഷയിലുമെല്ലാം. ഇക്കാര്യത്തിൽ കൈയടി നേടുന്നത് അരലക്ഷത്തോളം കാണികളുടെ തിരക്കിനെ ഒരേ സമയം ഉൾക്കൊള്ളാൻ കഴിയുംവിധമുള്ള പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിെൻറ സജ്ജീകരണങ്ങളാണ്. ഫിഫ അറബ് കപ്പിനും അടുത്ത വർഷത്തെ ഫിഫ ലോകകപ്പ് ടൂർണമെൻറിനുമായി സ്റ്റേഡിയങ്ങളിലും പരിസരങ്ങളിലും 50 പുതിയ പാർക്കിങ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കിയാണ് അശ്ഗാൽ കൈയടി നേടുന്നത്. ആകെ 30 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള പാർക്കിങ് കേന്ദ്രങ്ങളിൽ ഒരേസമയം 51,000 കാറുകൾക്കും 5600 ബസുകൾക്കും പാർക്ക് ചെയ്യാനാകുമെന്നും അശ്ഗാൽ വ്യക്തമാക്കി.
മൂന്നു മാസത്തിനിടെയാണ് വിവിധ ഇടങ്ങളിലായി അശ്ഗാൽ പാർക്കിങ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. കാറുകൾ, ബസുകൾ, ടാക്സികൾ എന്നിവക്കായി പ്രത്യേകം പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കളി കാണാനെത്തുന്നവർക്ക് സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനും തിരക്ക് കുറക്കുന്നതിനും സ്റ്റേഡിയങ്ങൾക്ക് സമീപപ്രദേശങ്ങളിലെ ഗതാഗതം സുഗമമാക്കുന്നതിനും ഇവ കൂടുതൽ സഹായകമാകും. നിർമാണം പൂർത്തിയാക്കിയ പാർക്കിങ് കേന്ദ്രങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് അശ്ഗാൽ സുപ്രീം കമ്മിറ്റിക്ക് കൈമാറി.50 പാർക്കിങ് കേന്ദ്രങ്ങളിൽ 26 എണ്ണം സ്റ്റേഡിയങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടാണ് നിർമിച്ചിരിക്കുന്നത്. പാർക്ക് ആൻഡ് റൈഡ് സേവനുമായി ബന്ധപ്പെട്ട് 17 പാർക്കിങ് ലോട്ടുകളും പരിശീലന കളിസ്ഥലവുമായി ബന്ധപ്പെട്ട് നാല് പാർക്കിങ് ലോട്ടുകളും വിവിധ ആവശ്യങ്ങൾക്കായി മൂന്നെണ്ണവും അശ്ഗാൽ നിർമിച്ചിട്ടുണ്ട്.
അൽ ബെയ്ത് സ്റ്റേഡിയത്തിനായിമാത്രം ഏഴ് പാർക്കിങ് ലോട്ടുകളാണുള്ളത്. ഇവിടെ ഒരേസമയം 19,000 കാറുകളെയും 1930 ബസുകളെയും ഉൾക്കൊള്ളാൻ സാധിക്കും. ജനൂബ് സ്റ്റേഡിയത്തിൽ മൂന്ന് പാർക്കിങ്ങും എജുക്കേഷൻ സ്റ്റേഡിയത്തിൽ അഞ്ചും തുമാമയിൽ നാലും നിർമിച്ചിട്ടുണ്ട്. സ്റ്റേഡിയം 974നായി മൂന്ന് പാർക്കിങ് ലോട്ടുകളാണ് തയാറാക്കിയിരിക്കുന്നത്. സ്റ്റേഡിയങ്ങൾക്കു പുറത്ത് സജ്ജമാക്കിയ പാർക്കിങ് ലോട്ടുകളിൽ 11900 കാറുകൾക്കും 1800 ബസുകൾക്കും പാർക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.