ഫിഫ ക്ലബ് ലോകകപ്പ് ടിക്കറ്റ് വിൽപന ആരംഭിച്ചു
text_fieldsദോഹ: ഫെബ്രുവരി നാലിന് ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിെൻറ ഒാൺലൈൻ ടിക്കറ്റ് വിൽപന ആരംഭിച്ചു. ആദ്യഘട്ടത്തിൽ വിസ കാർഡുള്ളവർക്കാണ് ടിക്കറ്റുകൾ ലഭിക്കുക. ജനുവരി 21 വരെയാണ് വിസ കാർഡുള്ളവർക്കുള്ള പ്രീസെയിൽ നടക്കുന്നത്. FIFA.com/tickets എന്ന വെബ്സൈറ്റിൽ ജനുവരി 21 രാത്രി 12.00 വരെയായിരിക്കും പ്രീ സെയിൽ ലഭ്യമാവുക. ഫിഫയുടെ ഔദ്യോഗിക പെയ്മെൻറ് സർവിസ് പങ്കാളികളാണ് വിസ. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് എന്ന ക്രമത്തിലാണ് ടിക്കറ്റുകൾ നൽകുകയെന്ന് ഫിഫ അറിയിച്ചു. കാറ്റഗറി മൂന്നിൽ 10 റിയാൽ മുതൽ കാറ്റഗറി ഒന്നിൽ 300 വരെയാണ് ടിക്കറ്റ് നിരക്ക്. കോവിഡ്-19 പശ്ചാത്തലത്തിൽ ടൂർണമെൻറിെൻറ ഭാഗമാകുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഖത്തർ എല്ലാ നടപടികളും സ്വീകരിക്കും. കോവിഡ്-19മായി ബന്ധപ്പെട്ട മറ്റു വിവരങ്ങളെല്ലാം FIFA.comൽ ലഭ്യമാണ്. ഈ സാഹചര്യത്തിൽ ഖത്തർ ഐ. ഡിയുള്ളവർക്കും ജി.സി.സി പൗരന്മാർക്കും എക്സപ്ഷനൽ എൻട്രി പെർമിറ്റ് ഉള്ളവർക്കുമായിരിക്കും ടൂർണമെൻറിലേക്ക് പ്രവേശനം.
ടൂർണമെൻറിനെത്തുന്നവർ കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ കോവിഡ്-19 ആൻറിബോഡി പോസിറ്റിവ്, അല്ലെങ്കിൽ ഫുൾ വാക്സിനേഷൻ രേഖകൾ എന്നിവയോ ഹാജരാക്കിയാലും മതിയാകും.സ്റ്റേഡിയത്തിലും പരിസരത്തും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. കോവിഡ്-19 ലക്ഷണങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ അടിയന്തര ചികിത്സ നൽകുന്നതിനായി ഓരോ മത്സര വേദിക്കരികിലും പ്രത്യേക ക്ലിനിക് സ്ഥാപിക്കും.
ഫെബ്രുവരി നാലിന് ദോഹ സമയം വൈകീട്ട് അഞ്ചിന് അൽറയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലായിരിക്കും ആദ്യ മത്സരം. ഫൈനൽ മത്സരം ഫെബ്രുവരി 11ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും. രാത്രി ഒമ്പതുമണിക്കാണ് ഫൈനൽ കിക്ക്ഓഫ്. 2021 ഫെബ്രുവരി ഒന്നു മുതൽ 11 വരെയാണ് ടൂർണമെൻറ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. നേരത്തെ ഖലീഫ രാജ്യാന്തര സ്റ്റേഡിയം കൂടി പട്ടികയിലുണ്ടായിരുന്നെങ്കിലും ഒന്നാം റൗണ്ട് മത്സരം റദ്ദാക്കിയതിനാൽ വേദി ഒഴിവാക്കുകയായിരുന്നു.
ന്യൂസിലൻഡിൽ നിന്നുള്ള ഓക്ലൻഡ് സിറ്റി എഫ്.സി പിന്മാറിയതിനെ തുടർന്ന് ആതിഥേയരായ ദുഹൈൽ ക്ലബ് നേരിട്ട് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു.അൽ ദുഹൈൽ എസ്.സി, അൽ അഹ്ലി എസ്.സി, എഫ്.സി ബയേൺ മ്യൂണിക്, ഉൽസൻ ഹ്യൂണ്ടായ് എഫ്.സി, ടൈഗേഴ്സ് ഉനാൽ എന്നിവരാണ് ടൂർണമെൻറിലേക്ക് യോഗ്യത നേടിയ മറ്റു ടീമുകൾ. തെക്കനമേരിക്കയിൽനിന്നുള്ള ടീമിനെ ജനുവരി 30ന് നടക്കുന്ന കോപ്പ ലിബർട്ടോഡോറെസ് ഫൈനലിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.