ലുസൈലിൽ ഇന്ന് പട്ടാഭിഷേകം
text_fieldsദോഹ: ലോകമൊന്നാകെ ഖത്തറിലേക്കൊഴുകിയ ലോകകപ്പ് ഫുട്ബാളിന്റെ ഓർമയിൽ ഇന്ന് വീണ്ടും ഫുട്ബാൾ ആവേശം. കഴിഞ്ഞ ഒരാഴ്ചയായി വിവിധ വൻകരകളിലെ ചാമ്പ്യന്മാർ ഏറ്റുമുട്ടിയ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന് ഇന്ന് കിരീട നിർണയത്തിന്റെ കലാശപ്പോരാട്ടം. ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെ മനസ്സും കണ്ണും ഈ ഡിസംബർ 18നും ഖത്തറിന്റെ ലോകോത്തര കളിമുറ്റമായ ലുസൈൽ സ്റ്റേഡിയത്തിലേക്കാണ്.
ഇവിടെ ഇന്ന് രാത്രിയിൽ കിലിയൻ എംബാപ്പെയും വിനീഷ്യസ് ജൂനിയറും നയിക്കുന്ന റയൽ മഡ്രിഡും മെക്സികൻ ക്ലബായ പചൂകയും ഏറ്റുമുമ്പോൾ ഫുട്ബാൾ പോരാട്ടം വാനോളം ഉയരും. ഖത്തർ സമയം രാത്രി എട്ടിനാണ് കിക്കോഫ്. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മഡ്രിഡ് ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ദോഹയിൽ വിമാനമിറങ്ങിയത്. താരപ്പട ഉൾപ്പെടുന്ന സംഘത്തിന് ഹമദ് വിമാനത്താവളത്തിൽ പൂമാലയിട്ടു തന്നെ ആരാധകരും സംഘാടകരും വരവേറ്റു. ചാമ്പ്യൻസ് ലീഗിന്റെയും സ്പാനിഷ് ലീഗിന്റെയും തിരക്കേറിയ മത്സര ഷെഡ്യൂളിനിടയിൽ മുഴുവൻ ടീമുമായാണ് കോച്ച് കാർലോ ആഞ്ചലോട്ടി റയലിനെ ദോഹയിലെത്തിച്ചത്.
10 ദിവസം മുമ്പ് പരിക്കേറ്റ കിലിയൻ എംബാപ്പെയും കഴിഞ്ഞ മത്സരത്തിൽ അവസാന മിനിറ്റുകളിൽ മാത്രം കളിച്ച വിനീഷ്യസ് ജൂനിയറുമെല്ലാം ടീമിനൊപ്പമുണ്ട്. എംബാപ്പെക്ക് ബെഞ്ചിലായിരിക്കും സ്ഥാനമെന്നാണ് സൂചന. റോഡ്രിഗോ, ജൂഡ് ബെല്ലിങ്ഹാം, വിനീഷ്യസ്, ബ്രാഹം ഡയസ്, ലൂകാ മോഡ്രിച്, അന്റോണിയോ റൂഡിഗർ, ചുവാമെനി, വാസ്ക്വസ്, ഗാർഷ്യ തുടങ്ങിയ താരങ്ങളായിരിക്കും െപ്ലയിങ് ഇലവനിൽ കളത്തിലിറങ്ങുന്നത്. വല കാക്കാൻ ഒന്നാം നമ്പർ ഗോളി തിബോ കർടുവയുമുണ്ടാവും.
മറുതലക്കൽ പചുക നിസ്സാരക്കാരല്ല. നേരത്തേതന്നെ ഖത്തറിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടവർ രണ്ട് മത്സരങ്ങളുടെ ത്രസിപ്പിക്കുന്ന ജയം നൽകിയ ആത്മവിശ്വാസത്തിലാണ്. ചാലഞ്ചർ കപ്പിൽ ഗാലറിയിൽ ഇരമ്പിയാർത്ത അൽ അഹ്ലി ആരാധക ആവേശംകൂടി മറികടന്നാണ് പെനാൽറ്റി ഷൂട്ടൗട്ട് ജയിച്ച് ഫൈനലിൽ പ്രവേശിച്ചത്. മുന്നേറ്റത്തിൽ വെനിസ്വേലൻ താരം സാലമൺ റോൺഡൺ, മൊറോക്കോയുടെ ഉസാമ ഇദ്രീസ്, മധ്യനിരയിൽ മെക്സികോയുടെ അലൻ ബൗറ്റിസ്റ്റ, വലതു വിങ്ങിൽ അർതുറോ ഗോൺസാലസ് എന്നിവരടങ്ങിയ ടീം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കൈയടി നേടിയ പ്രകടനമാണ് കാഴ്ചവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.