കളിയാരവത്തിലേക്ക്; ആദ്യമെത്തി പചൂക
text_fieldsദോഹ: ഡിസംബർ തണുപ്പിനിടെ ഖത്തർ വീണ്ടും ഫുട്ബാൾ ആരവങ്ങളിലേക്ക് സജീവമാകുന്നു.
ലോകകപ്പിന്റെ സുപ്രധാനമായ രണ്ടു വേദികളിലായി നടക്കുന്ന നാല് ടീമുകളുടെ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ഉശിരൻ പോരാട്ടത്തിലേക്ക് പന്തുരുളാൻ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. ഡിസംബർ 11ന് നടക്കുന്ന അമേരിക്കൻ ഡെർബിയിൽ മാറ്റുരക്കുന്ന മെക്സികോയിൽനിന്നുള്ള ചാമ്പ്യൻ ടീമായ പചൂക എഫ്.സി ടൂർണമെന്റിലെ ആദ്യ സംഘമായ ദോഹയിലെത്തി.
കോൺകകാഫ് ചാമ്പ്യൻസ് കപ്പ് ജേതാക്കളായാണ് ഒന്നേകാൽ നൂറ്റാണ്ടിലേറെ ചരിത്രമുള്ള പചൂക മെക്സികോയിൽനിന്ന് വൻകരകൾ താണ്ടി ദോഹയിലെ മത്സര വേദിയിലെത്തിയത്. ബുധനാഴ്ച 974 സ്റ്റേഡിയത്തിൽ നടക്കുന്ന അമേരിക്കൻ ഡെർബിയിൽ ഇവരുടെ എതിരാളികളായ ബ്രസീൽ ക്ലബ് ബോട്ടഫോഗോ വരുംദിവസം ദോഹയിലെത്തും. ശാരീരികവും മാനസികവുമായി തയാറെടുത്ത് മികച്ച മത്സര പരിചയവുമായാണ് ടീം മെക്സികോയിൽനിന്ന് ദോഹയിലേക്ക് പറക്കുന്നതെന്ന് ടീം അംഗം ആന്ദ്രെ മികോൽറ്റയെ ഉദ്ധരിച്ച് മെക്സികൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
26 അംഗ സംഘത്തെയാണ് കോച്ച് ഗിയേർമോ അൽമഡ പ്രഖ്യാപിച്ചത്. ദോഹ ഹമദ് വിമാനത്താവളത്തിൽ രണ്ടു സംഘങ്ങളായെത്തിയ ടീമിന് ഖത്തറിലെ മെക്സികൻ ആരാധക സമൂഹത്തിന്റെ നേതൃത്വത്തിൽ ഊഷ്മള വരവേൽപും ലഭിച്ചു.
ഡിസംബർ 11ന് നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് 14ന് ഈജിപ്ഷ്യൻ ക്ലബായ അൽ അഹ്ലിയുമായാണ് മത്സരം. ഈ മത്സരത്തിലെ വിജയികളെ കാത്ത് 18ന് ലുസൈൽ സ്റ്റേഡിയത്തിൽ റയൽ മഡ്രിഡുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.