കായിക തലസ്ഥാനമായി ഖത്തറിനെ വീണ്ടും അടയാളപ്പെടുത്തി -കായിക മന്ത്രി
text_fieldsദോഹ: ലുസൈൽ സ്റ്റേഡിയത്തിൽ സമാപിച്ച ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ചാമ്പ്യൻഷിപ്പോടെ ലോക കായിക ഭൂപടത്തിൽ ഖത്തർ വീണ്ടും അടയാളപ്പെടുത്തപ്പെട്ടുവെന്ന് ടൂർണമെന്റ് സംഘാടക സമിതി ചെയർമാനും കായിക മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി. ടൂർണമെന്റ് സമാപിച്ചതിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോകോത്തര നിലവാരത്തിൽ ടൂർണമെന്റുകൾ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ രാജ്യം വീണ്ടുമൊരിക്കൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
കാണികൾക്കായി ഒരുക്കിയ സാംസ്കാരിക, വിനോദ പരിപാടികളും ശ്രദ്ധേയമായിരുന്നു -അദ്ദേഹം പറഞ്ഞു. രാജ്യാന്തര തലത്തിൽ ഖത്തറിന്റെ കായിക സംഘാടന മികവിനുള്ള അംഗീകാരമാണ് വിജയകരമായ ടൂർണമെന്റിന്റെ കൊടിയിറക്കമെന്നും അദ്ദേഹം പറഞ്ഞു. ഫൈനലിനൊടുവിൽ നടന്ന സമ്മാനദാന ചടങ്ങിലും ഖത്തർ കായികമന്ത്രി പങ്കെടുത്തു. മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ പുരസ്കാരം വിനീഷ്യസ് ജൂനിയറിനും, സിൽവർബാൾ റയലിന്റെ ഫെഡറികോ വാൽവെർഡെക്കും, ബ്രോൺസ് ബാൾ പചൂകയുടെ എലിയാൻ മോണ്ടിയലിനും അദ്ദേഹം സമ്മാനിച്ചു.
ബുധനാഴ്ചത്തെ മത്സരത്തിന്റെ ഭാഗമായി ലുസൈലിൽ വിവിധ ഫാൻ ആക്ടിവിറ്റികളാണ് അരങ്ങേറിയത്. ഖത്തർ ദേശീയ ദിനം, ലോകകപ്പ് ഫുട്ബാളിന്റെ വാർഷികം എന്നിവയുടെ പ്രാധാന്യം ഉൾക്കൊണ്ടായിരുന്നു വൈവിധ്യമാർന്ന പരിപാടി അരങ്ങേറിയത്.
ഡിസംബർ 11,14,18 തീയതികളിലായി നടന്ന മൂന്ന് മത്സരങ്ങളിലെ കാണികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. ഫൈനലിലെ 67,000 പേർ ഉൾപ്പെടെ 1.18 ലക്ഷത്തിലേറെ കാണികളാണ് മൂന്നു മത്സരങ്ങൾക്കായി സ്റ്റേഡിയത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.