ഖത്തറിന്റെ ഒളിമ്പിക് സുരക്ഷയെ അഭിനന്ദിച്ച് ഫിഫ പ്രസിഡന്റ്
text_fieldsദോഹ: ഒളിമ്പിക്സ് സുരക്ഷയിൽ സജീവമായ ഖത്തർ ആഭ്യന്തര സുരക്ഷാ സേനക്ക് അഭിനന്ദനവുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫൻറിനോ. ഒളിമ്പിക്സിന്റെ കുറ്റമറ്റ സംഘാടനത്തിനായി ആതിഥേയരായ ഫ്രാൻസിന്റെ സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം സജീവമായി പ്രവർത്തിക്കുന്ന ഖത്തറിന്റെ സേനാംഗങ്ങളെ ഹൃദ്യമായി അഭിനന്ദിക്കുന്നതായും അവരുടെ സേവനം മഹത്തരമാണെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.
സേനാംഗങ്ങളെ സന്ദർശിച്ച ഫിഫ പ്രസിഡൻറ് വിശേഷങ്ങൾ ചോദിച്ചറിയുകയും ചിത്രങ്ങൾ സമൂഹ മാധ്യമ പേജിൽ പങ്കുവെക്കുകയും ചെയ്തു. 2022 ലോകകപ്പ് ഫുട്ബാൾ മേള ഏറ്റവും സുരക്ഷിതമായി സംഘടിപ്പിച്ചതിന്റെ അനുഭവ സമ്പത്തുമായി പാരിസ് ഒളിമ്പിക്സിന് സുരക്ഷ ഒരുക്കിയ ഖത്തറിനെ അഭിനന്ദിച്ച ഫിഫ പ്രസിഡന്റ് ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ വിഭാഗമായ ‘ലഖ്വിയ’ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഒളിമ്പിക്സിനും പിന്നാലെ നടക്കുന്ന പാരാലിമ്പിക്സിനുമായി സുരക്ഷ ഒരുക്കുന്നതിനുവേണ്ടിയാണ് ഖത്തറിന്റെ സുരക്ഷാ സേനാംഗങ്ങൾ ഒളിമ്പിക്സ് നഗരിയിലെത്തിയത്. മാസങ്ങൾ നീണ്ട പരിശീലനവും തയാറെടുപ്പുമായി ജൂലൈ രണ്ടാംവാരത്തിൽ തന്നെ രണ്ടായിരത്തോളം പേരുടെ സംഘം ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സഹായവുമായി ഒളിമ്പിക് വേദിയിലുണ്ട്.
ഒപ്പം ലോകകപ്പിന്റെ ഭാഗമായ അത്യാധുനിക സായുധ വാഹനങ്ങളും ഖത്തറിൽ നിന്നുണ്ട്. വി.ഐ.പി സുരക്ഷ, ട്രാക്കിങ്, സ്ഫോടക വസ്തു നിർമാർജനം, സൈബർ സുരക്ഷ, സുരക്ഷാ പട്രോളിങ്, മൗണ്ടഡ് പട്രോളിങ്, ആന്റി-ഡ്രോൺ ടീമുകൾ തുടങ്ങി ഒളിമ്പിക് വേദിയിലെ സുപ്രധാന മേഖലകളിലെല്ലാം ഖത്തറിന്റെ സാന്നിധ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.