ഫിഫ വനിത ലോകകപ്പ്; കൂടുതൽ ടിക്കറ്റുകൾ വാങ്ങിയവരിൽ ഖത്തർ ആരാധകരും
text_fieldsദോഹ: ഈ വർഷം ന്യൂസിലൻഡിലും ആസ്ട്രേലിയയിലുമായി നടക്കുന്ന ഫിഫ വനിത ലോകകപ്പിന് കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പട്ടികയിൽ ഖത്തറിൽനിന്നുള്ള ആരാധകരും ഇടംപിടിച്ചിട്ടുണ്ടെന്ന് ഫിഫ വ്യക്തമാക്കി. അമേരിക്ക, ഇംഗ്ലണ്ട്, ഖത്തർ, ജർമനി, ചൈന, കനഡ, അയർലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള ആരാധകരാണ് ഫിഫ വനിത ലോകകപ്പിനായി കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയതെന്ന് ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമൗറ പറഞ്ഞു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന വനിത ലോകകപ്പ് വീക്ഷിക്കുന്നതിന് 120ലധികം രാജ്യങ്ങളിൽനിന്നുള്ള ആരാധകർ അഞ്ചുലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വാങ്ങിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ടിക്കറ്റ് വിൽപന അഞ്ചുലക്ഷം കവിഞ്ഞതായും ഫിഫ വ്യക്തമാക്കി.
ജൂലൈ 20ന് ഓക്ലൻഡിലെ ഈഡൻ പാർക്കിലാണ് ഉദ്ഘാടന മത്സരം. ഇതാദ്യമായാണ് ഫിഫ വനിത ലോകകപ്പിന് രണ്ട് രാജ്യങ്ങൾ ആതിഥ്യം വഹിക്കാനൊരുങ്ങുന്നത്. ആഗസ്റ്റ് 20ന് ആസ്ട്രേലിയയിലെ സിഡ്നി ഗാഡിഗലിലെ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. ഫിഫയുടെ വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്. മുതിർന്നവർക്ക് 20 ഡോളർ നിരക്കിലും കുട്ടികൾക്ക് 10 ഡോളർ നിരക്കിലും ടിക്കറ്റുകൾ ലഭിക്കും. പ്രത്യേക ഹോസ്പിറ്റാലിറ്റി പാക്കേജുകളും ലഭ്യമാണ്.
ഫിഫ വനിത ലോകകപ്പിലേക്കുള്ള പ്ലേ ഓഫ് ടൂർണമെൻറ് ഫെബ്രുവരി 17 മുതൽ 23 വരെ ന്യൂസിലൻഡിൽ നടക്കും. പോർചുഗൽ, കാമറൂൺ, തായ്ലൻഡ്, ചിലി, ഹെയ്തി, സെനഗാൾ, ചൈനീസ് തായ്പെയ്, പാപ്പുവ ന്യൂ ഗിനിയ, പരഗ്വേ, പാനമ എന്നീ രാജ്യങ്ങൾ മൂന്ന് സൗഹൃദ മത്സരങ്ങൾക്ക് പുറമെ, അവസാന മൂന്ന് സ്ഥാനങ്ങൾക്കായി പ്ലേ ഓഫ് ടൂർണമെൻറിലും മത്സരിക്കും.
ഫിഫ വനിത ലോകകപ്പിന് സാക്ഷികളാകാനാഗ്രഹിക്കുന്നവരുടെ എണ്ണം ഉയരുന്നത്, ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർക്കിടയിൽ വനിത ഫുട്ബാളിന്റെ വർധിച്ചുവരുന്ന ആവേശവും ആകർഷണവും പ്രതിഫലിപ്പിക്കുന്നു.
ലോകമെമ്പാടും വനിത ഫുട്ബാൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിഫ നാലുവർഷ കാലയളവിൽ നൂറുകോടി ഡോളർ നിക്ഷേപിക്കുമെന്ന് പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.