സുസ്ഥിര ലോകകപ്പിന് 'സ്കോറിങ് ഫോർ ദി ഗോൾസ്'
text_fieldsദോഹ:ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സുസ്ഥിരമായ ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങളുടെ ഭാഗമായി 'സ്കോറിങ് ഫോർ ദി ഗോൾസ്' സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് യു.എൻ ജനറൽ അസംബ്ലിയുടെ 77ാം സെഷനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് 'സ്കോറിങ് ഫോർ ദി ഗോൾസി'ന് തുടക്കം കുറിച്ചിരിക്കുന്നത്.
ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ഇക്വഡോർ പ്രസിഡൻറ് ഗ്വിയർമോ ലാസോ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ജനറൽ അസംബ്ലി 77ാം സെഷൻ പ്രസിഡൻറ് സാബ കൊറോസി, യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അമിന മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി, യു.എൻ ആസ്ഥനത്തെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനി തുടങ്ങിയവരും യു.എൻ ജനറൽ സെക്രട്ടേറിയറ്റിലെ ഉന്നത വ്യക്തിത്വങ്ങളും സംബന്ധിച്ചിരുന്നു.
സുസ്ഥിര വികസനം, സമാധാനം, സഹിഷ്ണുത, ഉൾക്കൊള്ളൽ, കാലാവസ്ഥ നടപടികൾ എന്നിവ ശക്തമാക്കുന്നതിന് ഫുട്ബാൾ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് പ്രമേയം. നവംബർ 20ന് ലോകകപ്പിന് കിക്കോഫ് കുറിച്ച് ലോക ഫുട്ബാളിന്റെ ശക്തി ആസ്വദിക്കുന്ന അവസരത്തിൽ തന്നെ വ്യക്തികളുടെയും രാഷ്ട്രങ്ങളുടെയും ഐക്യത്തിന്‍റെയും ഒരുമയുടെയും പ്രാധാന്യത്തെ 'സ്കോറിങ് ഫോർ ദി ഗോൾസ്' അടിവരയിടുന്നു. ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ആതിഥേയർ ഉൾപ്പെടെ 32 രാജ്യങ്ങളുടെയും ഉന്നത പ്രതിനിധികൾ പങ്കെടുത്ത പ്രൗഢമായ ചടങ്ങിൽ സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി ഉദ്ഘാടനം ചെയ്തു. ഖത്തറും എജുക്കേഷൻ എബോവ് ഓൾ ഫൗണ്ടേഷനും (ഇ.എ.എ) സംയുക്തമായി രൂപം നൽകിയ 'സ്കോറിങ് ഫോർ ദി ഗോൾസ്' സംരംഭത്തിന്‍റെ തുടക്കമാണിതെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ ഫുട്ബാളിന്‍റെ പങ്ക് ഉയർത്തിപ്പിടിക്കാനും സമഗ്രമാക്കുന്നതിനുമാണ് ഈ സംരംഭം രൂപം നൽകിയിരിക്കുന്നതെന്നും ഹസൻ അൽ തവാദി പറഞ്ഞു.
എല്ലാ അതിരുകളും ഭേദിക്കാൻ മാത്രം പ്രാപ്തമാണ് ഫുട്ബാൾ. സൗഹൃദങ്ങൾ രൂപപ്പെടുത്തുന്നതിലും പരസ്പരം സാംസ്കാരിക ധാരണകൾ ഉയർത്തിപ്പിടിക്കുന്നതിലും വിശ്വാസത്തെയോ ദേശീയതയെയോ സാമ്പത്തിക സ്ഥിതിയോ അത് കാര്യമാക്കുന്നില്ല -അൽ തവാദി കൂട്ടിച്ചേർത്തു.
മഹത്തായ സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനിക്കുന്ന ഒരു രാജ്യത്തെയും മേഖലയെയും അനുഭവിക്കാനുള്ള സുവർണാവസരം സന്ദർശകർക്കും കാഴ്ചക്കാർക്കും ലഭിക്കും. എല്ലാവരെയും ഈ മഹാ കായിക മാമാങ്കത്തിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുകയാണ് -അൽ തവാദി വിശദീകരിച്ചു.
യു.എൻ സുസ്ഥിര വികസന ഗോളുകൾ സംബന്ധിച്ച ഹ്രസ്വ വിഡിയോയും 'സ്കോറിങ് ഫോർ ദി ഗോൾസ്' ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.