കൊറിയക്കെതിരെ ഖത്തറിന് സമനില
text_fieldsദോഹ: കോരിച്ചൊരിഞ്ഞ മഴക്കിടയിലും ഉശിരൻ പോരാട്ടം കാഴ്ചവെച്ച ഖത്തറിനെ നിരാശപ്പെടുത്തി മത്സരഫലം. വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കാനായി ലാവോസിലെത്തി ഉത്തര കൊറിയയെ നേരിട്ട ഖത്തറിന് 2-2ന്റെ സമനില. ശക്തമായ മഴ രണ്ടു തവണ കളി തടസ്സപ്പെടുത്തിയപ്പോൾ, മികച്ച മത്സരം ഖത്തർ കാഴ്ചവെച്ചുവെന്ന് ആശ്വസിക്കാം. എങ്കിലും വിജയമെന്ന സ്വപ്നം നഷ്ടമായത് കോച്ച് മാർക്വേസ് ലോപസിനെ വേട്ടയാടും.
ഏഷ്യൻ മേഖല യോഗ്യതാ മത്സരത്തിന്റെ മൂന്നാം റൗണ്ടിൽ തങ്ങളുടെ രണ്ടാം അങ്കത്തിലായിരുന്നു ഖത്തറും ഉത്തര കൊറിയയും ഏറ്റുമുട്ടിയത്. കളിയുടെ 19ാം മിനിറ്റിൽ റി ഇൽസോങ്ങിന്റെ ഗോളിലൂടെ കൊറിയക്കാർ തുടങ്ങി. എന്നാൽ, 28ാം മിനിറ്റിൽ നായകൻ കുക് ചോൽ ജാങ് ചുവപ്പുകാർഡുമായി പുറത്തായതോടെ കൊറിയൻ ആൾബലം പത്തിലേക്ക് ചുരുങ്ങി. ലാസ്റ്റ്മാൻ ഫൗൾ കൊറിയക്ക് ചുവപ്പും, ഖത്തറിന് പെനാൽട്ടി ഗോളവസരവുമായപ്പോൾ അക്രം അഫീഫ് പന്ത് ലക്ഷ്യത്തിലെത്തിച്ചു.
ആദ്യ പകുതി പിരിയും മുമ്പേ 44ാം മിനിറ്റിൽ അൽ മുഈസ് അലിയിലൂടെ ഖത്തർ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ മികച്ച കളിയുമായി ഖത്തർ മുൻതൂക്കം നേടിയെങ്കിലും 51ാം മിനിറ്റിൽ കുക് ചോൽ കാങ് കൊറിയക്കായി സമനില ഗോൾ നേടി. പിന്നാലെ, ശക്തമായി പെയ്ത മഴയിൽ കളി ഏതാനും സമയം തടസ്സപ്പെട്ടു. പിന്നീട് കളിപുനരാരംഭിച്ചതിനു ശേഷം 87ാം മിനിറ്റിൽ ഖത്തറിന്റെ മികച്ച ഗോളവസരം കൊറിയൻ ഗോളി തട്ടിയകറ്റുകയായിരുന്നു. ഒക്ടോബറിൽ കിർഗിസ്താനും ഇറാനുമെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.