ഫിഫ ലോകകപ്പ് ഫുട്ബാൾ: ടിക്കറ്റ് കാശടക്കാൻ മറക്കരുതേ...
text_fieldsദോഹ: ഫിഫ ലോകകപ്പ് ടിക്കറ്റ് വിൽപനയുടെ ആദ്യ ഘട്ടത്തിൽ ഭാഗ്യവാന്മാരായവർക്ക് പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാനുള്ള സമയം തിങ്കളാഴ്ച ഉച്ച വരെ മാത്രം. റാൻഡം നറുക്കെടുപ്പിനു പിന്നാലെ, മാർച്ച് എട്ടു മുതലാണ് ടിക്കറ്റ് സ്വന്തമാക്കിയവർക്ക് പണമടക്കാനുള്ള സമയം ആരംഭിച്ചത്. തിങ്കളാഴ്ച ഖത്തർ സമയം ഉച്ചക്ക് ഒന്നോടെ (ഇന്ത്യൻ സമയം 3.30) അവസാനിക്കുമെന്ന് ഫിഫ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. ജനുവരി 19ന് ആരംഭിച്ച് ഫെബ്രുവരി എട്ടിന് അവസാനിച്ച ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി 1.70 കോടി പേരാണ് ടിക്കറ്റിനായി ബുക്ക് ചെയ്തത്.
ആതിഥേയരായ ഖത്തറിൽനിന്നാണ് ടിക്കറ്റ് ഭാഗ്യം ലഭിച്ചവരിൽ ഏറെ പേരുമുള്ളത്. അവരിലാവട്ടെ, മലയാളികൾ ഉൾപ്പെടെ ഒരുപിടി ഇന്ത്യക്കാരുമുണ്ട്. 40ഉം 50ഉം ടിക്കറ്റുകൾ വരെ ചിലർക്ക് നറുക്കെടുപ്പ് ഭാഗ്യത്തിലൂടെ സ്വന്തമായി.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി 1.70 കോടി ടിക്കറ്റിനാണ് ബുക്ക് ചെയ്തത്. ഉദ്ഘാടനമത്സരം മുതൽ ഗ്രൂപ് റൗണ്ട് വരെ നീണ്ട 64 മത്സരങ്ങൾക്കായി ആദ്യഘട്ടം നീക്കിവെച്ചത് 10 ലക്ഷം ടിക്കറ്റുകളാണ്. ഖത്തർ റസിഡന്‍റായവർ ആതിഥേയ കാണികൾ എന്ന നിലയിലാണ് ഏറെ പേരും പരിഗണിക്കപ്പെട്ടത്. എന്നാൽ, ഇന്ത്യയിൽനിന്നും മറ്റും വിദേശ രാജ്യങ്ങളിൽനിന്നും ബുക്ക് ചെയ്ത മലയാളികളിൽ കുറച്ചുപേർക്ക് മാത്രമാണ് ടിക്കറ്റുകൾ ലഭിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനുശേഷം ടിക്കറ്റിന് പണമടക്കാൻ കഴിയില്ലെന്ന് ഫിഫ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിൽ ഒന്നിന് ദോഹയിൽ നടക്കുന്ന ഫിഫ കോൺഗ്രസിൽ ലോകകപ്പിന്‍റെ നറുക്കെടുപ്പ് പൂർത്തിയാവുന്നതിനു പിന്നാലെ രണ്ടാംഘട്ട ടിക്കറ്റ് വിൽപനയും ആരംഭിക്കും.
ആതിഥേയരായ ഖത്തറിനൊപ്പം, അര്‍ജന്‍റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ, മെക്സികോ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങില്‍ മുന്നിലുണ്ടായിരുന്നത്.
ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനല്‍ മത്സരം കാണാൻ 18 ലക്ഷം പേരാണ് അപേക്ഷകരായുള്ളത്.
30 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്ന വിശ്വ ഫുട്ബാൾ മേള എന്ന റെക്കോഡും 2022 ഖത്തർ ലോകകപ്പിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.