അയൽനാട്ടിൽ കാൽപന്തുമേള; അഭിനന്ദനവുമായി ഖത്തർ
text_fieldsദോഹ: രണ്ടു വർഷം മുമ്പ് സ്വന്തം മണ്ണിൽ വേദിയൊരുക്കിയ ഫിഫ ലോകകപ്പ് ഫുട്ബാൾ മേള അയൽ നാടായ സൗദി അറേബ്യയിലൂടെ വീണ്ടും ഗൾഫിലെത്തിയ സന്തോഷത്തിൽ ഖത്തറും. ബുധനാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ സൗദി അറേബ്യയെ 2034 ലോകകപ്പ് ഫുട്ബാളിന്റെ ആതിഥേയ നഗരമായി ഫിഫ പ്രഖ്യാപിച്ചതിനു പിന്നാലെ ആശംസയും അഭിനന്ദനവുമായി ഖത്തർ ഭരണാധികാരികളും ജനങ്ങളും. ഔദ്യോഗിക പ്രഖ്യാപനം സൗദി ആഘോഷമാക്കുന്നതിനിടെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി എന്നിവർ സൗദി രാഷ്ട്ര നേതാക്കൾക്ക് അഭിനന്ദന സന്ദേശമയച്ചു. സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ് രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ എന്നിവർക്കാണ് അഭിനന്ദന സന്ദേശം കൈമാറിയത്.
2030 ലോകകപ്പ് സംയുക്ത വേദികളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട മൊറോക്കോയെയും ഖത്തർ ഭരണാധികാരികൾ പ്രശംസിച്ചു. 2022ൽ ഖത്തറിലൂടെ അറബ് ലോകത്ത് ആദ്യ ലോകകപ്പ് എത്തിയതിന്റെ തുടർച്ചയായാണ് മൊറോക്കോയിലും പിന്നാലെ സൗദിയിലും വിശ്വകായിക മേളയെത്തുന്നത്. അറബ് മണ്ണിലെ ആദ്യ ലോകകപ്പിന്റെ സംഘാടനവും ആതിഥേയത്വവുംകൊണ്ട് സംഭവബഹുലമാക്കിയ ഖത്തറിന് അയൽ നാടുകളിലെത്തുന്ന ലോകകപ്പും സ്വന്തം മുറ്റത്ത് എന്നപോലെ പ്രിയപ്പെട്ടതായി മാറും. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ഖത്തറിലെ ഫുട്ബാൾ ആരാധകരും ആവേശത്തോടെയാണ് സൗദിയുടെ ലോകകപ്പ് ആതിഥേയ വാർത്തയെ വരവേറ്റത്.
സൗദിയുടെ ലോകകപ്പ് ഒരുക്കങ്ങളിൽ വിവിധ തലത്തിലുള്ള പിന്തുണയുമായി ഖത്തർ നേരത്തേതന്നെ സജീവമായിരുന്നു. 2022 ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി തങ്ങളുടെ അനുഭവ സമ്പത്ത് സൗദി അധികൃതരുമായി വിവിധ വേദികളിൽ പങ്കുവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.