സാമ്പത്തിക മികവ്; മുൻനിര രാജ്യങ്ങളിൽ ഖത്തറും
text_fieldsദോഹ: ആഗോള സാമ്പത്തിക പ്രകടന സൂചികയിലെ മുൻനിര രാജ്യങ്ങളിൽ ഖത്തറും. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (ഐ.എം.ഡി) പ്രസിദ്ധീകരിച്ച വേൾഡ് കോംപിറ്റിറ്റീവ് ഇയർബുക്കിൽ ആറ് സ്ഥാനങ്ങൾ മുന്നോട്ട് കുതിച്ച് ഖത്തർ 12ാം സ്ഥാനത്തെത്തി. നേരത്തെ 18ാം സ്ഥാനത്തായിരുന്നു. പട്ടികയിലെ 64 രാജ്യങ്ങളിൽ അധിക രാജ്യങ്ങളും വികസിത രാജ്യങ്ങളാണ്.
ഐ.എം.ഡിക്ക് നൽകിയ ദേശീയ സ്ഥിതിവിവരക്കണക്കുകളുടെയും വ്യവസായികളുടെയും സംരംഭകരുടെയുമിടയിലെ സർവേ ഫലവും അടിസ്ഥാനമാക്കിയാണ് ഖത്തറിന്റെ റാങ്കിങ് നിർണയിച്ചിരിക്കുന്നത്.
റിപ്പോർട്ടിൽ സാമ്പത്തിക പ്രകടനത്തിൽ ഖത്തർ അഞ്ചാമതും സർക്കാർ കാര്യക്ഷമതയിൽ നാലാമതും ബിസിനസ് കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ യഥാക്രമം 12, 33 സ്ഥാനങ്ങളിലുമാണ്.
കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്, യുവാക്കളുടെ തൊഴിൽ, ജനസംഖ്യാ വളർച്ച, വ്യക്തിഗത ആദായ നികുതി, ഉപഭോഗ നികുതി നിരക്ക്, സൈബർ സുരക്ഷ എന്നിവയിൽ ഖത്തർ ലോകത്ത് ഒന്നാമതാണ്.
അതേസമയം, വ്യാപാര സൂചിക, ഗവൺമെന്റ് ബജറ്റ്, കമ്പനികളുടെ ഡിജിറ്റൽ പരിവർത്തനം, സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളും പരിഷ്കാരങ്ങളും, പൊതു-സ്വകാര്യ പങ്കാളിത്തം, യോഗ്യതയുള്ള എൻജിനീയർമാരുടെ ആവശ്യകത എന്നിവയിൽ ലോകത്ത് രണ്ടാമതെത്തി.
ഐ.എം.ഡിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ആരോഗ്യ പരിരക്ഷാ- അടിസ്ഥാന സൗകര്യങ്ങൾ, കോർപറേറ്റ് നികുതി, ലാഭനിരക്ക്, നികുതി വരുമാനം, സാമ്പത്തിക മാറ്റങ്ങളുമായുള്ള സർക്കാർ നയത്തിന്റെ പൊരുത്തപ്പെടൽ, സർക്കാർ സബ്സിഡികൾ, സെൻട്രൽ ബാങ്ക് നയം എന്നിവയിൽ ലോകത്ത് ഖത്തർ നാലാം സ്ഥാനത്താണ്.
സാമൂഹികവും മാനുഷികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വികസനത്തിനുള്ള സമഗ്രമായ റോഡ്മാപ്പായി വർത്തിക്കുന്നത് ഖത്തർ വിഷൻ 2030 ആണെന്നും രാജ്യത്തിന്റെ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അതിലാണെന്നും പി.എസ്.എ (പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി) പ്രസിഡന്റ് ഡോ. സാലിഹ് ബിൻ മുഹമ്മദ് അൽ നാബിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.