വിരലറ്റങ്ങൾക്ക് ഇനി ‘പരിക്കില്ല’
text_fieldsദോഹ: അപകടങ്ങളിൽ മുറിഞ്ഞുപോയ വിരലറ്റങ്ങൾ തുന്നിച്ചേർക്കുന്ന മൈേക്രാ സർജറിയിലും ഹാൻഡ് സർജറിയിലും ഹമദ് മെഡിക്കൽ കോർപറേഷന് നേട്ടം. ഖത്തർ ഫ്ലാപ് എന്ന് പേരിട്ടിരിക്കുന്ന ശാസ്ത്രീയ കണ്ടുപിടിത്തത്തിലൂടെ വിരൽതുമ്പുകളിലെ പരിക്കുകളെ പ്രത്യേക ശസ്ത്രക്രിയയിലൂടെ പുനർനിർമിക്കുകയും പൂർവസ്ഥിതിയിലാക്കുകയും ചെയ്യുന്ന അപൂർവ ശാസ്ത്രീയ നാഴികക്കല്ലാണ് എച്ച്.എം.സി പിന്നിട്ടത്. തുന്നിച്ചേർത്ത വിരലുകൾക്ക് വൈകല്യമോ രൂപഭേദമോ ഇല്ലാതെ വിരലുകളുടെ സ്വാഭാവിക പ്രവർത്തനം ഇതിലൂടെ പുനഃസ്ഥാപിക്കാനും സാധിക്കുന്നു.
ശസ്ത്രക്രിയയിലൂടെ രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താനും കഴിയുന്നു. വിവിധ ജോലികൾക്കിടയിൽ സംഭവിക്കുന്ന അപകടങ്ങളിൽ കൈവിരൽതുമ്പിന് പരിക്കേൽക്കുന്നത് സ്വാഭാവികമാണ്. എച്ച്.എം.സിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ ഇത്തരത്തിൽ നിരവധി കേസുകളാണ് എത്തുന്നത്. ഈ സന്ദർഭങ്ങളിൽ വിരലിന്റെ പ്രവർത്തനക്ഷമതയും സ്വാഭാവിക ശരീരഘടനയും പുനഃസ്ഥാപിക്കുന്നതിന് കൃത്യമായ ശാസ്ത്രീയ ഇടപെടൽ അനിവാര്യമാണ് -പ്ലാസ്റ്റിക് സർജറി വിഭാഗം സ്പെഷലിസ്റ്റ് ഡോ. സലീം അൽ ലഹാം പറഞ്ഞു.
വിരലുകളിലെ പരിക്കുകൾ വിവിധ തരത്തിലുള്ളതാണെന്നും അത് കണക്കിലെടുക്കുമ്പോൾ ലഭ്യമായ ശസ്ത്രക്രിയ നടപടികൾ വ്യത്യാസപ്പെടുമെന്നും എന്നാൽ, ഇത്തരം ശസ്ത്രക്രിയകൾ പലപ്പോഴും രോഗിയുടെ വിരലുകളിൽ വേദനാജനകമായ പാടുകൾ അവശേഷിപ്പിക്കുന്നതോടൊപ്പം വൈകല്യങ്ങൾ നിലനിൽക്കുകയും ചിലരിൽ പ്രധാന രക്തക്കുഴലുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ഹമദിലെ ‘ഖത്തർ ഫ്ലാപ്’ ചികിത്സയിലൂടെ ഇത്തരം പ്രശ്നങ്ങളും വൈകല്യങ്ങളുമില്ലാതെ ശസ്ത്രക്രിയ പൂർത്തിയാക്കുകയാണ് ചെയ്യുന്നതെന്ന് ഡോ. സലീം അൽ ലഹാം പറഞ്ഞു.
ചെറിയ ദ്വിതീയ ധമനികളുടെ ശാഖകളിലൊന്ന് ഉൾപ്പെടുന്ന ഒരൊറ്റ ശസ്ത്രക്രിയയിലൂടെ വിരൽതുമ്പിലെ പരിക്കുകൾ പൂർവസ്ഥിതിയിലാക്കുകയും കോസ്മെറ്റിക്സ് സർജറിയിലൂടെ പ്രവർത്തനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടുപിടിത്തമെന്ന് ഫ്ലാപ്പിന് പിന്നിൽ പ്രവർത്തിച്ച ഡോ. അൽ ലഹാം വ്യക്തമാക്കി. രോഗികൾക്ക് മികച്ച ചികിത്സ നൽകുന്നതിന് ഖത്തറും എച്ച്.എം.സിയും മെഡിക്കൽ പ്രഫഷനലുകൾക്ക് നൽകുന്ന കഴിവുകളും വിഭവങ്ങളുമാണ് പുതിയ ശസ്ത്രക്രിയയായ ഖത്തർ ഫ്ലാപ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. അൽ ലഹാം പറഞ്ഞു.
ഈ രീതി ഉപയോഗിച്ച് ഇതിനകം 100ലധികം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയെന്നും ആഴ്ചയിൽ ഇത്തരത്തിൽ അഞ്ച് ശസ്ത്രക്രിയകൾ വരെ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിവിധ ശസ്ത്രക്രിയ സ്പെഷാലിറ്റികൾക്ക് വൈദ്യശാസ്ത്രപരവും ശാസ്ത്രീയവുമായ മൂല്യം നൽകുന്നതിനൊപ്പം ലോകമെമ്പാടുമുള്ള ഫിംഗർ ടിപ് പുനഃസ്ഥാപിക്കൽ ശസ്ത്രക്രിയകൾക്ക് ഈ രീതി കൂടുതൽ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.