അമീരി കരസേനയുടെ ‘നസ്ർ 2017’ പരിശീലനം സമാപിച്ചു
text_fieldsദോഹ: അമീരി കരസേനയുടെ ‘നസ്ർ 2017’ സൈനിക പരീശീലനം സമാപിച്ചു.
അൽ ഖലായിൽ മേഖലയിൽ ഖത്തർ പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യയുടെ മേൽനോട്ടത്തിലായിരുന്നു പരീശീലനം.
ഖത്തർ സായുധസേനാ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് ഗാനെം ബിൻ ഷഹീൻ അൽ ഗാനിം പരിശീലനത്തിൽ സംബന്ധിച്ചു.
അമീരി കരസേനയുടെ മുഴുവൻ ശാഖകളും കമാൻഡർമാരും രണ്ട് ദിവസം നീണ്ടുനിന്ന പരിശീലനത്തിൽ പങ്കെടുത്തതായി പ്രതിരോധമന്ത്രാലയത്തിലെ മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ജാസിം ബിൻ മുഹമ്മദ് ബ്രിഗേഡ്, അമീരി ഗാർഡ്, സായുധസേനാ യൂണിറ്റുകളും ഇതിലുൾപ്പെടും. കമാൻഡർമാരുടെ പരിശീലനം, വിവിധ ഓപറേഷനുകളുടെ പ്രവർത്തനങ്ങളും പദ്ധതികളും, നുഴഞ്ഞുകയറ്റം തടയുക, വിവിധ തരം അഭ്യാസങ്ങൾ, പ്രധാന മേഖലകളിലെ സാഹചര്യങ്ങൾ പൂർവസ്ഥിതിയിലാക്കുക തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു നസ്ർ 2017 പരിശീലനമെന്ന് എക്സസൈസ് മാനേജർ ബ്രിഗേഡിയർ ജനറൽ ശായെഖ് മിസ്ഫർ അൽ ഹാജിരി പറഞ്ഞു.
പരിശീലനത്തിൽ പങ്കെടുത്ത കമാൻഡർമാരുടെയും മറ്റും കഴിവുകൾ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും നസ്ർ 2017 ഫലം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമീരി കരസേനയുടെ ദൗത്യം പൂർത്തീകരിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് പരിശീലനം സംഘടിപ്പിച്ചതെന്നും എക്സസൈസ് മാനേജർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.