ഹലോ... ഐ ആം സമാ 2.0
text_fieldsദോഹ: മേയ് ആറിന് ദുബൈയിൽ കൊടിയേറുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പുതുമയേറിയ അതിഥിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഖത്തർ എയർവേസ്. നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ലോകത്തിലെ ആദ്യ കാബിൻ ക്രൂവിനെ പരിചയപ്പെടാനും സേവനങ്ങൾക്കായി ഉപയോഗപ്പെടുത്താനുമെല്ലാം ഇവിടെ അവസരമുണ്ടാകും. ‘സമാ 2.0’ എന്നപേരിൽ വെർച്വൽ കാബിൻക്രൂവിനെ ഖത്തർ എയർവേസ് ഈ വർഷം ആദ്യമാണ് അവതരിപ്പിച്ചത്. കഴിഞ്ഞ മാർച്ച് ആദ്യ വാരത്തിൽ ബെർലിനിൽ നടന്ന ഐ.ടി.ബി ട്രേഡ് ഷോയിലാണ് ഖത്തർ എയർവേസിന്റെ ‘സമാ 2.0’ ലോകത്തിനു മുന്നിലെത്തിയത്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളോടെ തയാറാക്കിയ വെർച്വൽ കാബിൻ ക്രൂ ആകാശയാത്ര പ്രേമികൾക്കും വിദഗ്ധർക്കുമിടയിൽ വലിയ സ്വീകാര്യത നേടി. അറബിയിൽ ആകാശം എന്ന അർഥത്തിലാണ് ‘സമാ’ എന്ന് വിളിച്ചത്. ഐ.ടി.ബിയിൽ അവതരിപ്പിച്ച ലോകത്തെ ആദ്യ എ.ഐ കാബിൻ ക്രൂ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ വിപ്ലവം എന്നനിലയിൽ ശ്രദ്ധനേടിയിരുന്നു. സന്ദർശകരും മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തുകയും സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്ത് ‘സമാ’താരമായി. ഖത്തർ എയർവേസ് യാത്രക്കാരുമായി ബന്ധപ്പെട്ട പതിവു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, യാത്രാ സംബന്ധമായ വിവരങ്ങൾ, ലക്ഷ്യ സ്ഥാനങ്ങൾ, മറ്റു അടിസ്ഥാന വിവരങ്ങൾ എന്നിവയിൽ തത്സമയം ഉത്തരം നൽകാൻ ‘സമാ’ക്ക് കഴിയും. കൂടാതെ ഖത്തർ എയർവേസിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ക്യൂ വേഴ്സ്’ ഖത്തർ എയർവേസ് ആപ്പ് വഴിയും സമായുമായി സംസാരിക്കാനും ഉത്തരം തേടാനും കഴിയും.
വ്യോമയാന യാത്ര മേഖലയിലെ വിപ്ലവമായി മാറിയ ‘സമാ’ ആദ്യമായി ദുബൈയിലെത്തുേമ്പാൾ അന്താരാഷ്ട്ര ട്രാവൽ വിദഗ്ധരെയും പങ്കാളികളെയും ക്ഷണിക്കുന്നതായി ഖത്തർ എയർവേസ് അറിയിച്ചു. ചോദ്യങ്ങൾക്ക് തത്സമയം ഉത്തരം നൽകുന്നതിലൂടെ, യാത്ര-ടൂറിസം വ്യവസായത്തിലെ അസാധാരണമായ സേവനത്തിന്റെയും ആതിഥ്യമര്യാദയുടെയും ഭാവിയാണ് സമാ 2.0, ക്യുറേറ്റ് ചെയ്ത യാത്രാനുഭവങ്ങൾ രൂപകൽപന ചെയ്യുന്നതിൽ യാത്രക്കാരെ സഹായിക്കുന്നു, ഖത്തർ എയർവേസിന്റെ പതിവ് ചോദ്യങ്ങൾ, ലക്ഷ്യസ്ഥാനങ്ങൾ, പിന്തുണാ നുറുങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട ഉത്തരങ്ങൾ കണ്ടെത്താൻ അവരെ പ്രാപ്തരാക്കുന്നു. ‘പുതുമയെ ശക്തിപ്പെടുത്തുന്നു: സംരംഭകത്വത്തിലൂടെയുള്ള യാത്രയെ മാറ്റിമറിക്കുന്ന’ എന്ന പ്രമേയത്തിലാണ് ലോകത്തിലെതന്നെ പ്രധാനമായ ട്രാവൽ മാർക്കറ്റിങ്ങിന്റെ 31ാമത് പതിപ്പിന് ദുബൈ വേദിയാവുന്നത്. ആറ് മുതൽ ഒമ്പതു വരെ നാലു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലോകത്തെ ഒന്നാം നമ്പർ എയർലൈൻസായ ഖത്തർ എയർവേസിന്റെ വിവിധ സവിശേഷതകളും പരിചയപ്പെടുത്തും. വെർച്വൽ റിയാലിറ്റിയിലൂടെ കാബിൻ ഇൻറീരിയർ യാത്ര, അവാർഡ് നേടിയ ക്യൂ സ്യൂട്ട് ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് കാബിനുകളിലെ യാത്ര എന്നിവയും സാധ്യമാകും. ഹമദ് വിമാനത്താവളവും വി.ആർ എഫക്ട്സിലൂടെ ദുബൈയിൽ സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.