ഫലസ്തീനെ അംഗീകരിക്കാന്‍ രാജ്യങ്ങള്‍ മുന്നോട്ടുവരണം -അമീർ
text_fieldsദോഹ: ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന പ്രഥമ യൂറോപ്യൻ യൂനിയൻ ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി. ഫലസ്തീനെ അംഗീകരിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവരണമെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത അമീർ ആവശ്യപ്പെട്ടു.
ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളെ പ്രശംസിച്ചായിരുന്നു അമീര്‍ കൂടുതല്‍ രാജ്യങ്ങളോട് ഈ പാത സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
‘‘1967ലെ അതിര്‍ത്തികള്‍ പ്രകാരം സ്വതന്ത്ര ഫലസ്തീന് രൂപവത്കരണത്തിനും യൂറോപ്പിന്റെ സമ്മര്‍ദം ആവശ്യമാണ്. വാക്കുകള്‍ക്ക് പകരം ദ്വിരാഷ്ട്ര പരിഹാരം പ്രാവര്‍ത്തികമാകേണ്ടതുണ്ട്. ഗസ്സയിലും ലബനാനിലും അടിയന്തര വെടിനിര്‍ത്തല്‍ വേണം. വെസ്റ്റ് ബാങ്കില്‍ സൈന്യത്തിന്റെ പിന്തുണയോടെ നടക്കുന്ന കുടിയേറ്റങ്ങളും അവസാനിപ്പിക്കണം. ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്’’ -അമീർ പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകളുടെ അപര്യാപ്തതമൂലം ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങള്‍ തുടരുകയാണെന്നും അമീര്‍ കുറ്റപ്പെടുത്തി. റഷ്യ -യുക്രെയ്ന് യുദ്ധത്തിലും രാജ്യത്തിന്റെ പരമാധികാരവും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കണമെന്നതാണ് ഖത്തറിന്റെയും ജി.സി.സിയുടെയും നിലപാടെന്നും അമീര്‍ പറഞ്ഞു.
ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ, ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോറ്റാകിസ് എന്നിവരുമായി അമീർ കൂടിക്കാഴ്ചയും നടത്തി. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി, അമീരി ദിവാൻ ചീഫ് ശൈഖ് സുഊദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി, ഊർജ സഹമന്ത്രി സഅദ് ബിൻ ശരിദ അൽ കഅ്ബി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽ ഥാനി, വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅ്ദ് ബിൻ സുൽതാൻ അൽ മുറൈഖി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.