ഓൾഡ് പോർട്ടിൽ ചാകരയായി മീൻപിടിത്ത മത്സരം
text_fieldsദോഹ: മുൻ തലമുറകളുടെ ജീവിതവൃത്തിയെ വീണ്ടും പുനരാവിഷ്കരിക്കുന്നതായിരുന്നു ഓൾഡ് ദോഹ തുറമുഖം ആദ്യ വേദിയായ മത്സ്യബന്ധന മത്സരം. ബോട്ടിൽ മീൻപിടിത്ത ഉപകരണങ്ങളുമായി കടലിലേക്ക് നീങ്ങുന്നവർ പാട്ടു പാടിയും പരമ്പരാഗത വേഷങ്ങളണിഞ്ഞുമെല്ലാം ചൂണ്ടകളെറിഞ്ഞു. നല്ല കോള് നോക്കി വീശിയവർക്ക് ചാകരയായി മീനുകൾ കൊത്തി. അങ്ങനെ പുലർച്ചെ തുടങ്ങി രാവിലെ അവസാനിച്ച മത്സരത്തിനൊടുവിൽ ഓരോ ബോട്ടുകാരും പിടിച്ചത് കിലോക്കണക്കിന് മത്സ്യങ്ങളാണ്.കതാറ കൾചറൽ വില്ലേജ് ബീച്ച് മാനേജ്മെന്റുമായി സഹകരിച്ച് ദോഹ ഓൾഡ് പോർട്ട് ആദ്യമായി സംഘടിപ്പിച്ച മത്സ്യബന്ധന മത്സരം പങ്കാളിത്തംകൊണ്ട് വൻ വിജയമായി. രാവിലെ അഞ്ചു മണിയോടെയായിരുന്നു മത്സരങ്ങൾക്ക് തുടക്കം. ഓരോ ടീമിലും ഒരു ജി.സി.സി പൗരനും ഖത്തറിലെ താമസക്കാരനായ ഒരാൾക്കും അനുവാദം നൽകിയിരുന്നു.
നിശ്ചിത സമയത്തിനുള്ളിൽ പിടികൂടിയ മത്സ്യങ്ങളുടെ ഭാരം കണക്കാക്കിയായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. 460 കിലോഗ്രാം മത്സ്യം പിടിച്ച അൽ വക്റ ടീമിനെ വിജയികളായി പ്രഖ്യാപിച്ചു. തുറമുഖത്തെ കണ്ടെയ്നർ യാർഡിൽ നിന്നാരംഭിച്ച മത്സരത്തിൽ 50 ടീമുകളാണ് പങ്കെടുത്തത്.പിടിച്ച മത്സ്യത്തിന്റെ ഭാരം, ഇനം, വലുപ്പം, എണ്ണം എന്നിവ പരിഗണിച്ചാണ് വിജയികളെ നിർണയിച്ചത്. അയല, ഇന്ത്യൻ അയല, കോബിയ, ബരാക്കുഡ എന്നിവയാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ പിടികൂടിയത്. വക്റക്ക് പിറകിൽ സെഹൈബ്, അൽ ബന്ദർ, അൽ ഹാഷിം വൺ, അൽ ജെർയാൻ എന്നിവർ യഥാക്രമം രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്ക് 30,000 റിയാലായിരുന്നു സമ്മാനത്തുക. പഴയ ദോഹ തുറമുഖത്ത് ആദ്യ മത്സ്യബന്ധന മത്സരം വിജയകരമായി ആതിഥേയത്വം വഹിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ഓൾഡ് ദോഹ തുറമുഖം സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.