നിക്ഷേപിച്ചത് 55 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ; കടൽ മത്സ്യസമ്പന്നം
text_fieldsദോഹ: കടലിന്റെ ജൈവവൈവിധ്യവും തീരത്തെ മത്സ്യസമ്പത്തും വർധിപ്പിക്കുന്നതിനായി സമഗ്രപദ്ധതി വിജയകരമായി അവതരിപ്പിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. കഴിഞ്ഞ ഏതാനും വർഷങ്ങളായി നടപ്പാക്കുന്ന മത്സ്യ സംരക്ഷണ പദ്ധതിയിലൂടെ മേഖലയിലെ മത്സ്യസമ്പത്ത് വലിയ തോതിൽ വർധിപ്പിക്കാനും കഴിഞ്ഞു. മന്ത്രാലയത്തിനു കീഴിലെ മത്സ്യ വകുപ്പിനു കീഴിൽ 2020 മുതലുള്ള നടപടികളിലൂടെ 55 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് തീരത്ത് നിക്ഷേപിച്ചത്.
ഖത്തറിന്റെ കടലിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാനും സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതി പൂർണ വിജയമായിരുന്നുവെന്ന് അക്വാട്ടിക് റിസർച് സെന്റർ മേധാവി ഇബ്രാഹിം സൽമാൻ അൽ മുഹന്നദി പറഞ്ഞു. ഹമൂറും സീബാസും ഉൾപ്പടെയുള്ള മത്സ്യങ്ങളാണ് ഇക്കാലയളവിൽ നിക്ഷേപിച്ചവയിൽ അധികവും. മത്സ്യ വകുപ്പിനു കീഴിലെ റാസ് മത്ബകിലെ അക്വാട്ടിക് ബയോളജികൾ റിസർച് സെന്ററിൽ വളർത്തിയെടുത്ത മത്സ്യക്കുഞ്ഞുങ്ങളെയാണ് പല ഘട്ടങ്ങളിലായി കടൽത്തീരങ്ങളിൽ പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളിലേക്ക് തുറന്നുവിട്ടത്.
ഓൾഡ് ദോഹ പോർട്ടിൽ മത്സ്യബന്ധന വിലക്കുള്ള മേഖലയിലാണ് ഇവയിൽ ഏറെയും തുറന്നുവിട്ടത്. കടൽ അനുബന്ധ പ്രവർത്തനങ്ങളൊന്നും തന്നെയില്ലാത്ത ഈ മേഖലയിൽ നിക്ഷേപിക്കപ്പെടുന്ന മത്സ്യക്കുഞ്ഞുങ്ങൾക്ക് പൂർണ വളർച്ച പ്രാപിക്കാൻ കഴിയുമെന്നതാണ് മെച്ചം. ഒപ്പം, ഇവക്ക് വളരാനുള്ള ആവാസ സാഹചര്യവുമുണ്ട്. കടൽപായൽ, ബാർലി പോലുള്ള ആൽഗകൾ എന്നിവയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.
മേഖലയിൽ നിക്ഷേപിച്ച മത്സ്യങ്ങൾ വളർച്ച പ്രാപിക്കുകയും പ്രജനനത്തിലൂടെ പെരുകുന്ന സാഹചര്യവുമുണ്ടായി. അക്വാട്ടിക് റിസർച് സെന്ററിലെ മത്സ്യ-ചെമ്മീൻ ഹാച്ചറിയിൽ പ്രതിവർഷം എട്ട് മുതൽ 10 ദശലക്ഷംവരെ മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനശേഷിയുണ്ടെന്ന് ഇബ്രാഹിം സൽമാൻ അൽ മുഹന്നദി പറഞ്ഞു. ഏറ്റവും പുതിയ ബയോ ഫ്ലോക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ ചെമ്മീൻ കൃഷി വൻതോതിൽ നടത്താൻ സാധിക്കും. അടിസ്ഥാന സൗകര്യങ്ങളും ഏറ്റവും നൂതന സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയാണ് രാജ്യത്തെ അക്വാട്ടിക് റിസർച്ച് സെന്ററിനു കീഴിൽ പദ്ധതി നടപ്പാക്കുന്നത്. ഹമൂർ, ഷാം, സാഫി, സബൈതി, ഷഖ്റ ഫിഷ് തുടങ്ങിയവയാണ് വളർത്തിയ ശേഷം കടലിൽ നിക്ഷേപിക്കുന്നത്. ഇതിനു പുറമെ ശുദ്ധജലങ്ങളിൽ വളരുന്ന വൈവിധ്യമാർന്ന ഒരുപിടി മത്സ്യങ്ങളും മന്ത്രാലയത്തിനു കീഴിലെ അക്വാട്ടിക് റിസർച് സംഘം വികസിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.