മൂന്നു വർഷം കൊണ്ട് ദോഹ മെട്രോയിൽ സഞ്ചരിച്ചവർ അഞ്ചുകോടി
text_fieldsദോഹ: ഖത്തറിന്‍റെ പൊതുഗതാഗത യാത്രാ സംവിധാനങ്ങളിൽ വിപ്ലവം സൃഷ്ടിച്ച ദോഹ മെട്രോയിലെ യാത്രക്കാരുടെ എണ്ണം അഞ്ചു കോടി കവിഞ്ഞു. 2019 മേയ് എട്ടിന് തുടങ്ങി, മൂന്ന് ലൈനുകളിലായി രാജ്യത്തിന്‍റെ പൊതുഗതാഗത സംവിധാനം അടിമുടി മാറ്റിയ ദോഹ മെട്രോയിൽ ചൊവ്വാഴ്ചയായിരുന്നു യാത്രക്കാരുടെ എണ്ണം അഞ്ചു കോടി തികഞ്ഞത്. നാഴികക്കല്ലായി മാറിയ യാത്രക്കാരിയെ ഖത്തർ യൂനിവേഴ്സിറ്റി സ്റ്റേഷനിൽ അധികൃതർ 50 മില്ല്യൻ കാർഡും മൊമന്‍റോയും നൽകി ആദരിച്ചു.
മൂന്നു വർഷംകൊണ്ടാണ് രാജ്യത്തെ മെട്രോ സർവിസിനെ ഇത്രയധികം പേർ ഉപയോഗിച്ചത്. ഖത്തർ വേദിയായ പ്രധാന മേളകളിലും കായിക ടൂർണമെന്‍റുകളിലുമെല്ലാം ദോഹ മെട്രോ നിർണായക സാന്നിധ്യമായി. കഴിഞ്ഞ നവംബർ -ഡിസംബർ മാസത്തിൽ നടന്ന ഫിഫ അറബ് കപ്പ് കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡും കുറിച്ചു. 25 ലക്ഷം പേരാണ് ഈ 19 ദിവസത്തിലായി മെട്രോ വഴി സഞ്ചരിച്ചത്.
ഇനി വർഷാവസാനം നടക്കുന്ന ഫിഫ ലോകകപ്പിൽ ദോഹ മെട്രോ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളുടെ നട്ടെല്ലായി മാറും. ലോകകപ്പിനുള്ള എട്ടിൽ, അഞ്ച് സ്റ്റേഡിയങ്ങളും മെട്രോയുമായി നേരിട്ട് ബന്ധപ്പെടുന്നു. മറ്റു മൂന്ന് സ്റ്റേഡിയങ്ങളിലേക്ക് മെട്രോ സ്റ്റേഷനുകളിൽനിന്ന് ഷട്ട്ൽ സർവിസ് ബസുകളും സജീവമാണ്. ഫിഫ അറബ് കപ്പിൽ പരീക്ഷിച്ച് വിജയിച്ച കരുത്തുമായാണ് സംഘാടകർ ലോകകപ്പിന് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.