ഫൈവ്സ്റ്റാർ മികവിൽ തുമാമ
text_fieldsദോഹ: ലോകകപ്പിന്റെ വേദികളിലൊന്നായി നിർമാണ വിസ്മയത്തോടെ തലയുയർത്തിനിൽക്കുന്ന അൽതുമാമ സ്റ്റേഡിയത്തിന് രാജ്യാന്തര അംഗീകാരം. രൂപകൽപനയും നിർമാണവും, നിർമാണ മാനേജ്മന്റെ്, സ്റ്റേഡിയം ഓപറേഷൻസ് എന്നീ വിഭാഗങ്ങളിലാണ് രാജ്യാന്തര ഏജൻസിയുടെ സുസ്ഥിരതക്കുള്ള അംഗീകാരമായി ഫൈവ് സ്റ്റാർ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. ഏറ്റവും ഉയർന്ന സ്കോറിലാണ് ഗ്ലോബൽ സസ്റ്റയ്നബിലിറ്റി അസസ്മെന്റ് സിസ്റ്റം പുരസ്കാരത്തിന് അൽതുമാമ അർഹമായത്. വ്യാഴാഴ്ച സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രതിനിധികളും സ്റ്റേഡിയം ഡിസൈനർമാരും ജി.എസ്.എ.എസ് അധികൃതരിൽനിന്ന് സർട്ടഫിക്കറ്റുകൾ ഏറ്റുവാങ്ങി.
ഖത്തർ ലോക കപ്പിന്റെ സുസ്ഥിരത ആശയത്തിനുള്ള അംഗീകാരം കൂടിയാണ് സ്റ്റേഡിയങ്ങൾക്കുള്ള ജി.എസ്.എ.എസ് സർട്ടിഫിക്കറ്റുകളെന്ന് സസ്റ്റയ്നബിലിറ്റി ഡയറക്ടർ എൻജി. ബദൂർ അൽമീർ പറഞ്ഞു. സ്റ്റേഡിയത്തിലെ ഊർജ, ജല ഉപഭോഗം, മാലിന്യ നിർമാർജന രീതികൾ, അകത്തെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം, കെട്ടിട ഉപയോക്താക്കളുടെ സംതൃപ്തി, അനുബന്ധ സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതികൾ എന്നിവ വിലയിരുത്തിയാണ് സ്റ്റേഡിയത്തിന് ജി.എസ്.എ.എസ് അംഗീകാരം നൽകിയത്. ഖത്തർ ലോകകപ്പിന്റെ ആറാമത്തെ വേദിയായാണ് അൽതുമാമ സ്റ്റേഡിയം കഴിഞ്ഞ ഒക്ടോബറിൽ അമീർ കപ്പ് ഫൈനലിന് വേദിയായി ഉദ്ഘാടനം നിർവഹിച്ചത്. പൂർണമായും പ്രാദേശിക എൻജിനീയറിങ് വൈദഗ്ധ്യവും രൂപകൽപനയും പ്രകടമാവുന്നതാണ് പരമ്പരാഗ അറബ് കൗമാരക്കാരുടെ തൊപ്പിയായ 'ഗഫിയ' മാതൃകയിൽ നിർമിച്ച സ്റ്റേഡിയം. ഇബ്രാഹിം ജെയ്ദയാണ് സ്റ്റേഡിയത്തിന്റെ ആർകിടെക്ട്.
ജി.എസ്.എ.എസ് സർട്ടിഫിക്കറ്റ് നേടിയ അൽതുമാമ സ്റ്റേഡിയത്തിന്റെ ആർക്കിടെക്ട് എന്ന നിലയിൽ അഭിമാനമുണ്ടെന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഇബ്രാഹിം ജെയ്ദ പറഞ്ഞു. 'പരിസ്ഥിതി സൗഹൃദ, സുസ്ഥിര നിർമാണത്തിന് ഖത്തറിലെയും അറബ് മേഖലയിലെയും മികച്ച പ്രകടനത്തിനുള്ള ജി.എസ്.എ.എസ് ഫൈവ് സ്റ്റാർ സർട്ടിഫിക്കറ്റ് എന്ന വലിയ അംഗീകാരമാണ് സ്റ്റേഡിയം നേടിയത്. ഖത്തറിലെയും മേഖലയിലെയും സുസ്ഥിരതയിൽ മുൻനിരയിലാണ് അൽതുമാമയുടെ സ്ഥാനം.
കെട്ടിട നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കൾ, ഊർജ ഉപഭോഗം ഉൾപ്പെടെയുള്ള സുസ്ഥിര ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് അൽ തുമാമക്ക് ജി.എസ്.എ.എസ് ഫൈവ് സ്റ്റാർ സർട്ടിഫിക്കറ്റ് സമ്മാനിച്ചത് - ഇബ്രാഹിം ജെയ്ദ പറഞ്ഞു.
സ്റ്റേഡിയവും പരിസരവും ഉൾപ്പെടെയുള്ള മേഖലയുടെ ഹരിത രൂപകൽപന പരമ്പരാഗത സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് 40 ശതമാനത്തോളം ശുദ്ധജലത്തെ സംരക്ഷിക്കാൻ സഹായകമാവുന്നതാണ്. റീസൈക്കിൾ ചെയ്ത വെള്ളമാണ് മൈതാനവും ചെടികളും ഉൾപ്പെടെ നനക്കാനുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. 50,000 ച.മീ. പാർക്ക് ഏരിയ, തദ്ദേശീയ സസ്യജാലങ്ങളും നാനൂറോളം മരങ്ങളും ഉൾക്കൊള്ളുന്നു. ആധുനിക ഊർജ കാര്യക്ഷമത ഉപയോഗപ്പെടുത്തിയാണ് അൽതുമാമ സ്റ്റേഡിയം പ്രദേശത്തിന്റെ വാസ്തുവിദ്യ സാംസ്കാരിക പൈതൃകത്തോട് പ്രതിബദ്ധത പുലർത്തുന്നത്.
ആദ്യമത്സരത്തിന്റെ വേദി
നവംബർ 21 അൽബെയ്ത് സ്റ്റേഡിയത്തിലാണ് ലോക കപ്പിന്റെ ഉദ്ഘാടനമെങ്കിലും ഖത്തറിൽ ആദ്യമായി പന്തുരുളുന്നത് അൽതുമാമയുടെ കളിമുറ്റത്താണ്. ഉച്ചക്ക് ഒന്നിന് സെനഗാളും നെതർലൻഡ്സും തമ്മിലെ മത്സരത്തിന് തുമാമ വേദിയാവുമ്പോൾ ലോകകപ്പിന്റെ കിക്കോഫായി മാറും. തുടർന്ന് സ്പെയിൻ-കോസ്റ്റാറിക്ക/ന്യൂസിലൻഡ്, ഖത്തർ-സെനഗാൾ, ബെൽജിയം-മൊറോക്കോ, ഇറാൻ-അമേരിക്ക, കാനഡ-മൊറോക്കോ ഗ്രൂപ് മത്സരങ്ങൾക്കും ഒരു പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കും തുമാമ വേദിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.