വിമാനം വൈകി; ദോഹയിൽ യാത്രക്കാർക്ക് ദുരിതപ്പകൽ
text_fieldsദോഹ: ചൊവ്വാഴ്ച ദോഹയിൽനിന്ന് കോഴിക്കോട്ടേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്രയാവാനെത്തിയ നൂറോളം പേർക്ക് ദുരിതത്തിെൻറ പകൽ. മുന്നറിയിപ്പൊന്നുമില്ലാതെ വിമാനം അനിശ്ചിതമായി വൈകിയതോടെ ഒരുപകൽ മുഴുവൻ വിമാനത്താവളത്തിൽ ഇരുന്ന് മുഷിഞ്ഞായി നാട്ടിലേക്കുള്ള യാത്ര. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് രാവിലെ ഏഴിന് പുറപ്പെടേണ്ട വിമാനമാണ് 11 മണിക്കൂറിലേറെ വൈകിയത്. ഉച്ചക്ക് കോഴിക്കോട് എത്തേണ്ട വിമാനം വൈകുമെന്ന വിവരം യാത്രക്കാരെ അറിയിക്കുന്നത് ഷെഡ്യൂൾ സമയത്തിന് അരമണിക്കൂർ മുമ്പ് മാത്രം.
വിമാനം ടേക്ക് ഓഫിന് മൂന്ന് മണിക്കൂർ മുേമ്പ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതിനാൽ പുലർച്ച നാലിന് യാത്രക്കാർ ദോഹ എയർപോർട്ടിലെത്തിയിരുന്നു. ബോർഡിങ് ഉൾപ്പെടെ നടപടി ക്രമങ്ങൾ കഴിഞ്ഞ് 6.30ഓടെയാണ് വിമാനം വൈകുന്നതു സംബന്ധിച്ച ആദ്യ അറിയിപ്പ് എത്തുന്നത്. രണ്ട് മണിക്കൂർ കഴിഞ്ഞ് പുറപ്പെടുമെന്നായിരുന്നു പ്രഥമ വിവരം. എന്നാൽ, പിന്നീട് കൃത്യമായ വിവരങ്ങളൊന്നുമില്ലാതായി. ദോഹ വിമാനത്താളവത്തിലെ ഇൻഡിഗോ ഉദ്യോഗസ്ഥർക്കും വിശദാംശങ്ങൾ അറിയില്ലെന്ന് വിമാനത്തിലെ യാത്രികരിൽ ഒരാൾ 'ഗൾഫ് മാധ്യമത്തോട്' പ്രതികരിച്ചു. എേട്ടാടെയാണ് ഇന്ത്യയിലെ ഇൻഡിഗോ ഓഫിസിൽനിന്നും സാങ്കേതിക തകരാറു കാരണം വിമാനം വൈകുകയാണെന്നും വൈകീട്ട് 6.15ന് പുറപ്പെടുമെന്നും അറിയിച്ച് സന്ദേശമെത്തുന്നത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം യാത്രക്കാരാണ് ദോഹയിൽനിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനായി എത്തിയത്. ആവശ്യമുള്ളവർക്ക് താമസ സ്ഥലത്തേക്ക് മടങ്ങാമെന്നും, നാേലാടെ വിമാനത്താവളത്തിലെത്തിയാൽ മതിയെന്നും അറിയിച്ചെങ്കിലും ഭൂരിഭാഗം യാത്രക്കാർക്കും അതിനു സാധ്യമായിരുന്നില്ല. വിസിറ്റ് വിസയിലെത്തിയവർക്ക് ബോർഡിങ് കഴിഞ്ഞതിനാൽ പുറത്തേക്ക് പോയി തിരിച്ചു വരവ് സാധ്യമായിരുന്നില്ല. ദോഹയിൽനിന്നും ദൂരസ്ഥലങ്ങളിൽ താമസിക്കുന്ന യാത്രക്കാർക്കും ഇത് ബുദ്ധിമുട്ടായിരുന്നു. 70ഓളം പേർ വിമാനത്താവളത്തിൽതന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
വിമാനം എട്ടുമണിക്കൂറിലേറെ വൈകുകയാണെങ്കിൽ വിമാനക്കമ്പനിതന്നെ എയർപോർട്ടിനരികിലായി വിശ്രമിക്കാൻ സൗകര്യം ഒരുക്കണമെന്ന രാജ്യാന്തര എയർ ട്രാവലിങ് നിയമവും പാലിക്കപ്പെട്ടില്ല. യാത്രക്കാർ ആശങ്ക അറിയിച്ചതോടെ ഭക്ഷണത്തിനുള്ള ടോക്കൺ നൽകി വിമാനജീവനക്കാർ പോയതായി യാത്രക്കാർ പരാതിപ്പെടുന്നു. ഉച്ച ഭക്ഷണത്തിന് ടോക്കൺ അന്വേഷിച്ചെങ്കിലും ഇൻഡിഗോ ഉദ്യോഗസ്ഥരെല്ലാം സഥലം വിട്ടയതായി പറയുന്നു. 10 ദിവസത്തെ അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിന്നവരും കൈകുഞ്ഞുകളുമായുള്ള വനിത യാത്രികരുമെല്ലാം ഒരു പകൽ ഒന്നുമില്ലാതെ വിമാനത്താവളത്തിൽ തള്ളിനീക്കേണ്ട അവസ്ഥയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.