Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപൂക്കളവും പ്രിയ...

പൂക്കളവും പ്രിയ ഓണപ്പാട്ടുകളും

text_fields
bookmark_border
പൂക്കളവും പ്രിയ ഓണപ്പാട്ടുകളും
cancel
camera_alt

ഹർഷ മോഹൻ സജിൻ 

ഓണം ഓർമകളിലേക്ക്​ എന്നെ കൊണ്ടുപോകുന്നത് സദ്യവട്ടങ്ങളോ മഹാബലിയോ ഊഞ്ഞാലാട്ടമോ അല്ല. എ​ന്‍റെ ഓർമകളിൽ നിറയുന്നത് പൂക്കളങ്ങളാണ്.

സ്കൂളിൽ പഠിക്കുമ്പോൾ ഒരിക്കൽ പോലും അത്തം മുതൽ ഞാൻ വീട്ടിൽ പൂക്കളമിട്ട ഓർമയില്ല. കാരണം അന്നേരമൊക്കെ ഓണപ്പരീക്ഷയുടെ കാലങ്ങളാണ്. മിക്കവാറും തിരുവോണമാകാൻ മൂന്നോ നാലോ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് പരീക്ഷ മാമാങ്കം അവസാനിക്കുക. നഗരത്തിലെ സ്കൂളിലേക്ക് അതിരാവിലെ തന്നെ എന്നും പുറപ്പെടേണ്ടതിനാൽ പരീക്ഷ തീരുന്ന ദിവസം വരെ അമ്മയോ അമ്മമ്മയോ പൂക്കളമിടൽ ഏറ്റെടുക്കും.

ആ ബസ് യാത്രകളാണ് വിവിധതരം പൂക്കളങ്ങളെ കാണിച്ചുതന്നിരുന്നത്. ഇന്നത്തെ പോലെ മെക്കാടം ടാറിങ് നടത്തിയ വഴിയൊന്നും അല്ലായിരുന്നു അന്ന്. ഒരു മലയോര ഗ്രാമത്തിൽനിന്ന്​ നഗരത്തിലേക്ക് നീളുന്ന അത്യാവശ്യം കുഴികളൊക്കെ നിറഞ്ഞ, ശരം തൊടുത്ത വേഗതയൊന്നും ഇല്ലാതെ കുറച്ചു ബസുകൾ മാത്രമുള്ള റോഡ്.

ടൗണിലേക്ക് കെട്ടിടം പണിക്കും മറ്റുമായി പോകുന്ന കുറച്ച് യാത്രക്കാർ. അവരായിരുന്നു എ​ന്‍റെ സഹയാത്രികർ. ഓരോ വീട്ടിലേയും പൂക്കളങ്ങൾ നോക്കിയിരുന്നുകൊണ്ടായിരുന്നു യാത്ര. ആ ബസിലെ ജീവനക്കാരിൽ ഓണത്തി​ന്‍റെ അലയടികൾ നിറച്ചിരുന്നത് 1982ൽ തരംഗിണി പുറത്തിറക്കിയ 'ഉത്സവഗാനങ്ങളിലെ' പാട്ടുകളായിരിക്കാം. കാരണം ഓണക്കാലമായാൽ ആ കാസറ്റ് പല തവണ സംഗീതം പൊഴിക്കും.

'ഒരു നുള്ളു കാക്കപ്പൂ കടം തരുമോ..

ഒരു കൂന തുമ്പപ്പൂ പകരം തരാം..

പൂവേ പൊലി പൂവേ പൂവേ പൊലിപൂവേ..'

പവിഴ ചെത്തി, ചെമ്പരത്തി, ശംഖുപുഷ്പം, വാടാർമല്ലി, നന്ത്യാർ വട്ടം, മന്ദാരം, കല്ല്യാണിപ്പൂവ്, കാശിത്തുമ്പ, ഓണത്തുമ്പ, മത്തപ്പൂവ്, കോളാമ്പിപ്പൂവ്, പൂച്ചവാലൻ അങ്ങനെയങ്ങനെ ഓരോ പൂക്കളവും നിറഞ്ഞ് ഒരുപാട് നാട്ടുപൂക്കൾ...

ചിലർ ഒരൽപം കൂടി പരിഷ്കരിച്ച് മുസാന്ത പൂക്കളും കളർ മാറുന്ന തരം വലിയ പൂക്കളും ഉപയോഗിച്ചിരുന്നു. ചില പൂക്കളുടെ പേരൊന്നും അന്നും ഇന്നും അറിയുകയില്ല.

നമ്മളുടെ പറമ്പുകളിൽ അന്നൊക്കെ ഉണ്ടായിരുന്ന കുറുംകുഴലിനോട് സാദൃശ്യമുള്ള വെളുത്ത പൂക്കൾ, ഏറ്റവും മികച്ച ബൊക്കെയോട് കിടപിടിക്കും വിധം ഒരൊറ്റ ഞെട്ടിൽ നിറയെ പൂക്കൾ വിരിയിച്ച് അസാധാരണ വശ്യസുഗന്ധമുള്ള ഒരിനം ചെടി, കാവടിപോലെ പൂക്കൾ വിരിയിക്കുന്ന കൃഷ്ണകിരീടം എന്നും ആറുമാസം എന്നും വിളിപ്പേരുള്ള പുഷ്പങ്ങൾ, ഉമ്മത്തി​ന്‍റെ പൂക്കൾ, പൂക്കളത്തി​ന്‍റെ അരിക് ഇത്തിരി ഭംഗി കൂട്ടുവാനായി 'മുറികൂടി'ചെടിയുടെ 'തിരുഹൃദയം'എന്ന് വിളിക്കപ്പെടുന്ന ചെടിയുടെയും ബുഷി​ന്‍റെയും ഇലകൾ.

ഞാൻ പൂക്കളമിട്ടില്ലെങ്കിലും കുഴപ്പമില്ല റോഡിനടുത്തുള്ള മിക്ക വീടുകളിലും ചെറിയ കളങ്ങളിൽ വിരിയുന്ന വിസ്മയങ്ങളുണ്ടല്ലോ.

അവയെ ആസ്വദിച്ചും മനസ്സിൽ മാർക്ക് നൽകിയും ഓണക്കാല സ്കൂൾ യാത്രകൾ ആഹ്ലാദകരമായി മുന്നോട്ട് പോകും. ഇതിൽനിന്നും ആശയങ്ങൾ കടമെടുത്താണ് സ്കൂൾ പൂട്ടിയാൽ പൂക്കളമിട്ട് തുടങ്ങുക. സഹോദരങ്ങളോ അടുത്ത വീട്ടിൽ സമപ്രായക്കാരോ ഇല്ലാത്തതിനാൽ എ​ന്‍റെ സമയമെടുത്ത് പൂക്കൾ എടുത്തു മാറ്റിയും വീണ്ടും കളത്തിലേക്കിട്ടു കൊണ്ടും മനസ്സിൽ സൂക്ഷിച്ചു​െവച്ച മികച്ച പൂക്കളങ്ങളെ വെല്ലുന്നവ സൃഷ്​ടിക്കുവാൻ ശ്രമിക്കും. ഒരുപക്ഷേ ആ നാട്ടിൽ തിരുവോണത്തിനു ശേഷം സ്കൂൾ തുറക്കുന്ന ദിവസം വരെ പൂക്കളമിടുന്ന ഒരേയൊരാൾ ഞാനായിരുന്നു. ഉത്രാടം കഴിഞ്ഞാലും ഞാൻ പാടുമായിരുന്നു കൂടെ പൂക്കളും.

'ഉത്രാടപ്പൂനിലാവേ വാ..

മുറ്റത്തെ പൂക്കളത്തിൽ..

വാടിയ പൂവണിയിൽ..

ഇത്തിരിപ്പാൽ ചുരത്താൻ വാ..

ഉത്രാടപ്പൂനിലാവേ വാ...'

കാലം മാറുന്തോറും പൂക്കളങ്ങളിൽ പരിഷ്കാരങ്ങൾ നിറഞ്ഞു. ഉപ്പു തരികളിലും തേങ്ങപ്പീരകളിലും ഛായം മുക്കിയ പൂക്കളങ്ങൾ, ആശയങ്ങളും ചിത്രങ്ങളും നിറഞ്ഞ പൂക്കളങ്ങൾ, മാർക്കറ്റിലെ മികച്ച പൂക്കൾ, വളരെ അപൂർവ നിറങ്ങളുള്ള ഇറക്കുമതി ചെയ്ത പൂക്കൾ നിറഞ്ഞവ അങ്ങനെ പൂക്കളങ്ങൾ പുതിയ മാനം കൈവരിച്ചു.

എങ്കിലും ടൈലുകൾ പാകാത്ത ചെറുമുറ്റങ്ങളിലെ ആ പഴയ പൂക്കളങ്ങളുടെ മനോഹാരിത ഇവയിലെങ്ങുമില്ല. പഴയവ മാത്രം നല്ലത് എന്നൊരു തത്ത്വമൊന്നുമല്ല കേട്ടോ ഞാൻ പറയുന്നത്.

ഇന്ന് ബസിൽ തിരക്കുണ്ട്, വേഗതയുണ്ട്. ഇനി തിരക്കില്ലെങ്കിൽ തന്നെ ഉള്ളിൽ ഇരിക്കുന്നവരുടെ ജീവിതം തിരക്കിലാണ്. മുറ്റത്തെ കാഴ്ചകളെ പല വീടുകളുടേയും മതിലുകൾ മറയ്ക്കുന്നുണ്ട്. ചില കാഴ്ച്ചകൾ അത് അങ്ങനെ ഏറ്റവും പ്രിയതരമായിത്തന്നെ നിലനിൽക്കട്ടെ.

മഴ പെയ്ത ഒരു ഓണക്കാലത്ത് വീടുകളിലെ പൂക്കളങ്ങൾ കേടുവരുമല്ലോ എന്ന് ഓർത്ത് വേവലാതിപ്പെട്ടൊരു കുട്ടി ഉണ്ടായിരുന്നു. സീറ്റി​െൻറ സൈഡിലെ ടാർപ്പായ പയ്യെ പൊക്കി മഴയിൽ ഒലിച്ചുപോയ പൂക്കളങ്ങൾ നോക്കിയിരുന്ന കുട്ടി..

ആ ബസിലെ പാട്ടുപെട്ടിയിൽനിന്ന്​ യേശുദാസി​ന്‍റെ സ്വരം.

'കുളിരു വിൽക്കുമീ നീലക്കുളത്തിൽ..

കുളിച്ചു നിൽക്കണതെന്താണ്..

എൻ മുഖമല്ല നിൻ മുഖമല്ല..

പൊന്നും താമര പൂവാണ്..

പൂ പറിക്കെടി പൂക്കളത്തിൽ കുട നിവർത്തെടി..

പൂമക​േള പൂമകളേ..'

അന്നേരം ആ ബസ് വളരെ പതുക്കെ ഒരു വീടിനു മുന്നിലൂടെ കടന്നുപോയി. അവിടെ ഒരു കൊച്ചു പൂക്കളമുണ്ടായിരുന്നു. കുട്ടിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പൂക്കളത്തിന് നടുവിൻ താമരപ്പൂവിന് പകരം ഭംഗിയുള്ള ഒരു പനിനീർപ്പൂവും ആ പൂക്കളത്തെ സംരക്ഷിക്കാനായി വടിയിൽ കെട്ടിവെച്ച് കുത്തിനിർത്തിയ ഒരു കുടയുമുണ്ടായിരുന്നു. പാട്ടിലെ വരികളെ ചേർത്ത് നിർത്തുന്ന തത്സമയ കാഴ്ച്ച. ഇപ്പോൾ ഈ കുറിപ്പ് എഴുതുമ്പോഴും ഞാൻ മനസ്സിൽ മൂളുന്നുണ്ട്

'ഓണം പൊന്നോണം പൂമല...

പൊങ്ങും പുഴയോരം...

പൈങ്കിളി പാടുന്നു..

ഉണരുണരൂ...'

ആ യാത്രകളും കാഴ്ചകളും അവയുടെ ഓർമകളും നിറഞ്ഞ പ്രിയ ഗാനം.... എല്ലാവർക്കും ഓണാശംസകൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlowersOnam songs
News Summary - Flowers and favorite Onam songs
Next Story