ഫോക് ലോർ അക്കാദമി നാടൻപാട്ട് പുരസ്കാരം കടൽകടന്നെത്തി, ഷൈജുവിലൂടെ
text_fieldsദോഹ: കേരള സർക്കാറിന്‍റെ ഫോക് ലോർ അക്കാദമി നാടൻപാട്ട് മേഖലക്ക് നൽകുന്ന അവാർഡ് ആദ്യമായി പ്രവാസിക്ക്. ഖത്തർ പ്രവാസിയും അധ്യാപകനുമായ ഷൈജുവിലൂടെയാണ് പുരസ്കാരം കടൽകടന്നെത്തിയിരിക്കുന്നത്. ഭവൻസ് പബ്ലിക് സ്കൂളിലെ ആക്ടിവിറ്റി കോഓഡിനേറ്ററും സീനിയർ മലയാളം ടീച്ചറുമാണ്. ആലപ്പുഴ കായംകുളം സ്വദേശിയാണ്.
കേരള ഫോക് ലോർ അക്കാദമി നാടൻ കലാരംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാർക്ക് എല്ലാവർഷവും നൽകുന്ന പുരസ്കാരം ലഭിക്കുന്ന ആദ്യ പ്രവാസി കലാകാരൻ കൂടിയായി ഷൈജു. 7500 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 16ന് കണ്ണൂർ ശിക്ഷക് സദനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ വിതരണം ചെയ്യും.
20 വർഷക്കാലമായി ഷൈജു ധമനി എന്ന പേരിൽ നാടൻ പാട്ട് രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ഖത്തറിൽ 'കനൽ' നാടൻപാട്ട് സംഘത്തിന്‍റെ സ്ഥാപകനും സജീവപ്രവർത്തകനുമാണ്. ദോഹയിൽ സ്കൂൾ വിദ്യാർഥികൾക്കായി നാലുവർഷമായി നടത്തുന്ന വാമൊഴിയാട്ടം നാടൻപാട്ട് മത്സരത്തിേൻറയും നാടൻകലാരംഗത്തു പ്രവർത്തിക്കുന്ന കലാകാരന്മാർക്കായി ഏർപ്പെടുത്തിയ കനൽ ഖത്തർ പ്രതിഭാ പുരസ്കാരത്തിേൻറയും പ്രധാന സംഘാടകനുമാണ്.
ഖത്തറിൽ നൂറിലധികം വേദികളിൽ നാടൻപാട്ട് അവതരിപ്പിച്ചിട്ടുണ്ട്. ദോഹയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) വേദിയിലും നാടൻ പാട്ട് അവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട്. കുട്ടികൾക്കായി കലാശിൽപശാലകളും പരിശീലനവും നടത്തുന്നുണ്ട്. കായംകുളം എം.എസ്.എം കോളേജ് അലുംനി ഖത്തറിന്‍റെ വൈസ് പ്രസിഡൻറും പ്രവാസി നാടൻ കലാകാര കൂട്ടായ്മയുടെ വൈസ് പ്രസിഡൻറുമാണ്. ഭാര്യ: മിനി ഷൈജു (ഭവൻസ് പബ്ലിക് സ്കൂൾ, അധ്യാപിക). മക്കൾ: ഷെഹ്സാദ് ഷൈജു (ഭവൻസ് സ്കൂൾ വിദ്യാർഥി), സൈദ്ധവ് ഷൈജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.