മധുരിക്കും മേളകളുമായി സൂഖ്
text_fieldsദോഹ: രാജ്യത്തെ വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായ സൂഖ് വാഖിഫ് ഈ വർഷം ആദ്യ പാദത്തിൽ പ്രധാന മൂന്ന് പ്രദർശനങ്ങൾക്ക് വേദിയാകും.
ആറാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേൻ പ്രദർശനം, മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനം, പ്രഥമ ഈദ് സ്വീറ്റ് പ്രദർശനം എന്നിവയാണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സൂഖ് വാഖിഫിൽ സംഘടിപ്പിക്കുന്നത്.ജനുവരി 30 മുതൽ ഫെബ്രുവരി എട്ട് വരെ ആറാമത് സൂഖ് വാഖിഫ് ഇന്റർനാഷനൽ ഹണി എക്സിബിഷൻ നടക്കും. തുടർന്ന് വരുന്നത് ഈത്തപ്പഴ പ്രദർശനമാണ്. ഫെബ്രുവരി 13 മുതൽ 24 വരെയാണ് പ്രദർശനം.
അവസാനമായി പെരുന്നാൾ മധുര പലഹാര പ്രദർശനമാണ്. മാർച്ച് 20 മുതൽ 29 വരെയുള്ള ഉത്സവസീസണ് മധുരിതമായ സമാപനമായിരിക്കും പ്രദർശനം സമ്മാനിക്കുക.
പ്രദർശനങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ള കമ്പനികൾക്ക് exhibition.souqwaqif.qa എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു. 1500 റിയാലാണ് ഫീസ്. തേൻ പ്രദർശനത്തിൽ പങ്കെടുക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജനുവരി 10 ആണ്. ഈത്തപ്പഴ ഫെസ്റ്റിവലിന് ജനുവരി 20ഉം മധുര പലഹാര പ്രദർശനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് അവസാന തീയതി ഫെബ്രുവരി 28ഉം ആണ്.
കഴിഞ്ഞ വർഷം നടന്ന തേൻ ഫെസ്റ്റിവൽ പങ്കാളികളുടെയും സന്ദർശകരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. 25 രാജ്യങ്ങളിൽനിന്ന് നൂറിലധികം പ്രാദേശിക, അന്തർദേശീയ പ്രദർശകരാണ് മേളയിൽ പങ്കെടുത്തത്. 60ലധികം തേൻ ഇനങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. സന്ദർശകർക്ക് വൈവിധ്യമാർന്ന തേൻ ഇനങ്ങൾ രുചിക്കാനുള്ള അവസരവുമുണ്ട്.
ഹലാവി, മസാഫത്തി, മദ്ജൂൽ, ജോർദാൻ ബാങ്ക്സ് ഈത്തപ്പഴം, മിൽക് ചോക്ലറ്റ് ഈത്തപ്പഴം തുടങ്ങി വൈവിധ്യമാർന്ന ഈത്തപ്പഴങ്ങൾക്കൊപ്പം നിരവധി അനുബന്ധ ഉൽപന്നങ്ങളുടെ കാഴ്ചയും വാഗ്ദാനം ചെയ്യുന്നു. ഈദുൽ ഫിത്റിനോടനുബന്ധിച്ചാണ് മധുര പലഹാര പ്രദർശനം സംഘടിപ്പിക്കുന്നത്.
മധുര പലഹാരങ്ങളുടെ ഉത്സവം എന്ന പേരിലുമറിയപ്പെടുന്ന പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരമ്പരാഗത അറബ് മധുര പലഹാരങ്ങൾ പ്രദർശനത്തിൽ അവതരിപ്പിക്കും.
നിലവിൽ സൂഖിൽ ഫഖഅ കൂൺ ലേലവും വിൽപനയും തുടരുകയാണ്. നാലു മാസത്തോളം നീളുന്ന ഫഖഅ മേളക്ക് ഡിസംബർ അവസാനവാരമാണ് തുടക്കമായത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെയാണ് ഇവയുടെ പ്രദർശനവും വിൽപനയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.