ഖത്തറിൽ ഭക്ഷ്യോൽപാദനം പച്ചപിടിക്കുന്നു; ഇരട്ടി വളർച്ച
text_fieldsദോഹ: പച്ചക്കറി, പാലുൽപാദനം ഉൾപ്പെടെ ഭക്ഷ്യോൽപാദനത്തിൽ അഞ്ചുവർഷത്തിനിടെ വൻ കുതിപ്പുമായി ഖത്തർ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഖത്തർ വലിയ വളർച്ച കൈവരിച്ചതായും പച്ചക്കറി ഉൽപാദന വളർച്ച 98 ശതമാനമായി ഉയർന്നതായും മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പറഞ്ഞു.
കന്നുകാലി ഉൽപാദന മേഖലയിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുകയും ശുദ്ധമായ പാലുൽപാദനത്തിലും പാൽ അനുബന്ധ ഉൽപാദനത്തിലും കോഴി വളർത്തലിലും 100 ശതമാനം വളർച്ച നേടിയതായും അൽ അതിയ്യ കൂട്ടിച്ചേർത്തു.
ഖത്തറിന്റെ അധ്യക്ഷതയിൽ ചേർന്ന ജി.സി.സി കാർഷിക സഹകരണ-ഭക്ഷ്യസുരക്ഷ സമിതിയുടെ 36ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജി.സി.സി കൃഷി, ഭക്ഷ്യസുരക്ഷാ മന്ത്രിമാർ, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതിനെതുടർന്ന് രാജ്യത്തെ പ്രാദേശിക ഭക്ഷ്യോൽപാദനത്തിൽ വലിയ വളർച്ചയുണ്ടായതായി വ്യക്തമാക്കി.
വിവിധ ഭക്ഷ്യ സുരക്ഷാ പദ്ധതികളുടെ ഭാഗമായി മത്സ്യം വളർത്തുന്നതിലും നിലവിൽ രാജ്യം വളരെയധികം ശ്രദ്ധനൽകുന്നുണ്ട്. ഇതിന്റെ ഫലമായി ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായും യോഗത്തിൽ പങ്കെടുത്ത് മന്ത്രി വ്യക്തമാക്കി.
2024-2030 മൂന്നാം ദേശീയ വികസന പദ്ധതിക്ക് അനുസൃതമായി പുതിയ ദേശീയ ഭക്ഷ്യസുരക്ഷ സ്ട്രാറ്റജി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തർ വിഷൻ 2030ന് അനുസൃതമായി സുസ്ഥിരത കൈവരിക്കുക, കാർഷിക മേഖലയിൽ ആധുനിക സാങ്കേതികവിദ്യകളെയും നൂതനാശയങ്ങളെയും ആശ്രയിക്കുക തുടങ്ങിയവയാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഭക്ഷ്യസുരക്ഷാ തന്ത്രം, രാസവള സമ്പ്രദായം, കാർഷിക മണ്ണ് മെച്ചപ്പെടുത്തൽ തുടങ്ങിയ പ്രധാന വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ജനിതക ബാങ്ക്, മൃഗങ്ങളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിനും കൈമാറുന്നതിനുമുള്ള ഗൾഫ് ഗൈഡ്, പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ നടപടികളെക്കുറിച്ച നിയമങ്ങൾ നടപ്പാക്കൽ, ജലസമ്പത്തിന്റെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.
കാലാവസ്ഥാ വ്യതിയാനം, ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ പ്രധാന വെല്ലുവിളിയായി മാറിയിട്ടുണ്ടെന്ന് യോഗത്തിന്റെ അധ്യക്ഷൻ കൂടിയായ മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കയറ്റുമതി രാജ്യങ്ങളിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നുവെന്നും ഓരോ രാജ്യവും ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തത വർധിപ്പിക്കുന്നതിനും നമ്മുടെ ഭക്ഷ്യവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും സമഗ്രമായ ദേശീയ, പ്രാദേശിക പദ്ധതികളും സംരംഭങ്ങളും സ്വീകരിക്കേണ്ടതിന്റെ പ്രധാന്യത്തെയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.