ഭക്ഷ്യസുരക്ഷ: വാണിജ്യ സ്ഥാപനങ്ങളിൽ കർശന പരിശോധന
text_fieldsദോഹ: ചെറിയ പെരുന്നാൾ ദിവസങ്ങളോടനുബന്ധിച്ച് രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും മധുരപലഹാര, ഭക്ഷ്യ സ്ഥാപനങ്ങളിലും നടക്കുന്നത് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ കർശന പരിശോധന. ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് പരിശോധന.ഈദ് അവധി ദിവസങ്ങളിലുടനീളം പരിശോധന കർശനമായി തുടരും.
ദോഹ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ പരിശോധന വിഭാഗം ഷോപ്പിങ് മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ഭക്ഷ്യസ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. ഹോൾസെയിൽ മാർക്കറ്റിലെ പഴം, പച്ചക്കറി മൊത്തവിതരണ കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റി പരിശോധന നടത്തിയിരുന്നു. അറവ് ശാലകളിലും മത്സ്യ, മാംസ വിതരണ കേന്ദ്രങ്ങളിലും വെറ്ററിനറി ഡോക്ടർമാരടക്കമുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
അൽ വക്റ മുനിസിപ്പാലിറ്റിക്ക് പരിധിയിലുള്ള കച്ചവട കേന്ദ്രങ്ങളിലും ഭക്ഷ്യസ്ഥാപനങ്ങളിലും പരിശോധന നടത്തിയതായി നഗരസഭാ അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളുടെ പരാതികളിൽ ഉടനടി തീർപ്പുകൽപിക്കാനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
ഈദ് അവധി ദിവസങ്ങളിലുടനീളം മുനിസിപ്പാലിറ്റിയിലെ കച്ചവട കേന്ദ്രങ്ങളിലും മറ്റു ഭക്ഷ്യ സ്ഥാപനങ്ങളിലും അറവ് ശാല, മാംസ മത്സ്യ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ടെന്ന് അൽ ശീഹാനിയ മുനിസിപ്പാലിറ്റി അറിയിച്ചു. രാജ്യത്തെ അറവ്ശാലകളിലേക്ക് ബുച്ചർ, ക്ലീനിങ്, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഒരു സംഘത്തെതന്നെ നിയോഗിക്കുന്നതിന് വിദാം കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.