ഭക്ഷ്യസുരക്ഷ: പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യമന്ത്രാലയം
text_fieldsദോഹ: രാജ്യത്തെ ഭക്ഷ്യ സേവനമേഖലയിൽ പുതിയ ഭക്ഷ്യസുരക്ഷാ പ്രായോഗിക മാർഗനിർദേശങ്ങൾ പുറത്തിറക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഭക്ഷ്യസുരക്ഷാ മേഖലയിൽ അന്താരാഷ്ട്രതലത്തിലെ മികച്ച പ്രവർത്തനങ്ങൾക്കനുസൃതമായും നിലവിലെ ഗൾഫ് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിെൻറയും ഭാഗമായാണ് പുതിയ മാർഗനിർദേശങ്ങൾ. അന്താരാഷ്ട്ര വിദഗ്ധരുമായി കൂടിയാലോചിച്ച് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഭക്ഷ്യസുരക്ഷാ, പരിസ്ഥിതി ആരോഗ്യവകുപ്പാണ് മാർഗനിർദേശങ്ങൾ തയാറാക്കിയത്. ഖത്തരി നിയമനിർദേശങ്ങൾക്കനുസൃതമായി ഖത്തരി ഭക്ഷ്യ സേവനമേഖലയെ സഹായിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണിത്.
ഏറ്റവും പുതിയ അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചും അംഗീകൃത പ്രവർത്തനങ്ങൾക്കനുസൃതമായും രാജ്യത്തെ ഭക്ഷ്യ ശൃംഖലയിലെ വിവിധഘട്ടങ്ങളെ രേഖപ്പെടുത്താനും നവീകരിക്കാനും ഭക്ഷ്യസ്ഥാപനങ്ങൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിനുമുള്ള പ്രധാന ചുവടുവെപ്പാണിത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഖത്തറിലെ ഭക്ഷ്യവ്യാപാരരംഗത്തെ ഉയർന്ന സുരക്ഷയും മാർഗനിർദേശങ്ങളിലൂടെ ലക്ഷ്യമിടുന്നു.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങളിൽ, നിർബന്ധമായും പാലിക്കേണ്ട നിയമനിർദേശങ്ങൾ, ഭക്ഷ്യശുചിത്വം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ വ്യക്തമാക്കുന്നുണ്ട്. നിയമങ്ങൾ പാലിക്കുന്നതിൽ ഭക്ഷ്യസേവന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളും ഉൾപ്പെടുന്നതാണിത്. മൂന്ന് അധ്യായങ്ങളുൾപ്പെടുന്ന മാർഗനിർദേശങ്ങളിൽ ആദ്യത്തേത് സ്ഥാപനങ്ങൾക്കുണ്ടായിരിക്കേണ്ട നിബന്ധനകൾ, സംവിധാനങ്ങൾ, അണുനശീകരണം, ജീവനക്കാർ, ശുചിത്വം എന്നിവ പ്രതിപാദിക്കുന്നു. രണ്ടാം അധ്യായത്തിൽ ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്നത് മുതൽ പ്രദർശനം, പാക്കേജിങ്, വിവരങ്ങൾ നൽകൽ, സാംപ്ലിങ് എന്നിവയും മൂന്നാം അധ്യായത്തിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുമാണ് ചർച്ച ചെയ്യുന്നത്.
ഭക്ഷ്യസേവനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം ശിൽപശാലകൾ സംഘടിപ്പിക്കും. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർ, മാനേജർമാർ, ഉടമസ്ഥർ എന്നിവർക്കായിരിക്കും ശിൽപശാല സംഘടിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.