കൺനിറയെ സൂപ്പർതാരങ്ങൾ; കളിനിറഞ്ഞ് ലുസൈൽ
text_fieldsദോഹ: രണ്ടു വർഷം മുമ്പ് ലയണൽ മെസ്സിയുടെ അർജൻറീന വിശ്വകിരീടത്തിൽ മുത്തമിട്ടതിന്റെ ഓർമയിൽ ഖത്തർ ലുസൈലിലേക്ക് ഒഴുകിയ സായാഹ്നം. ദേശീയ ദിനാഘോഷം വീണ്ടുമൊരു ഫുട്ബാൾ ലഹരിയിലായതിന്റെ ഉണർവായിരുന്ന ബുധനാഴ്ച ഖത്തറിലെങ്ങും. നഷ്ടമായൊരു ലോകകപ്പിന്റെ ഓർമയിൽ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയും, ലോക ഫുട്ബാളർ പുരസ്കാരം സ്വന്തമാക്കിയതിന്റെ ആഘോഷം തീരും മുേമ്പ വിനീഷ്യസ് ജൂനിയറും പിന്നെ ലോക ഫുട്ബാളിലെ വിലപിടിപ്പുള്ള ഒരുപിടി താരങ്ങളുമായി റയൽ മഡ്രിഡ് ലുസൈലിൽ ഇറങ്ങുേമ്പാൾ ഗാലറിയിൽ ഇരിപ്പുറപ്പിച്ച് ഇഷ്ട താരങ്ങളെ വീണ്ടുമൊരിക്കൽ നേരിട്ടു കാണാൻ ആരാധകർ ഒഴുകിയെത്തി. റോഡ്രിഗോ, ജൂഡ് ബെല്ലിങ്ഹാം, കാമവിംഗ, തിബോ കർടുവ തുടങ്ങി കാൽപന്തുകളിയിലെ വമ്പൻ താരങ്ങളെയെല്ലാം അണിനിരത്തിയായിരുന്നു റയൽ പന്തുതട്ടിയത്. എല്ലാം ഒന്നിച്ചപ്പോൾ ഖത്തറിലെ ഫുട്ബാൾ ആരാധകർക്ക് ലോകകപ്പിന് ശേഷമുള്ള മറ്റൊരു ഉത്സവ മേളമായി.
രാത്രി എട്ടു മണിക്കായിരുന്നു മത്സരത്തിന് കിക്കോഫ് എങ്കിലും കളി വൈകുന്നേരം അഞ്ച് മണി മുതൽ തന്നെ ലുസൈൽ സ്റ്റേഡിയവും പരിസരവും ആരാധകപ്രവാഹത്താൽ സാഗരമായി മാറി. ദേശീയ ദിനാഘോഷങ്ങളുടെയും ഖത്തർ ലോകകപ്പിന്റെ രണ്ടാം വാർഷികത്തിൻെറയും ഭാഗമായി വിവിധ ഫാൻ ആക്ടിവിറ്റികൾ ലുസൈൽ സ്റ്റേഡിയം പരിസരങ്ങളിൽ ഒരുക്കിയിരുന്നു.
കളി തുടങ്ങിയപ്പോൾ ആരാധകരുടെ സൂപ്പർതാരം കിലിയൻഎംബാപ്പെ, വിനീഷ്യസ് ജൂനിയർ,റോഡ്രിഗോ എന്നിവരുടെ ഗോളുകളും ജൂഡ് ബെല്ലിങ്ഹാം, കാമവിംഗ തുടങ്ങിയ ഇഷ്ടതാരങ്ങളുടെ മികച്ച പ്രകടനവും കൺനിറയെ കാണാനായി. കളിയുടെ ഇരു പകുതികളിലുമായി കിലിയൻ എംബാപ്പെ, റോഡ്രിഗോ, വിനീഷ്യസ് എന്നിവർ നേടിയ ഗോളിൽ 3-0ത്തിനായിരുന്നു പചൂകക്കെതിരെ റയൽ മഡ്രിഡിന്റെ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.