അറിവിന് വെളിച്ചമാവാൻ പന്തുകളി; സമാഹരിച്ചത് 3.91 കോടി റിയാൽ
text_fieldsമാച്ച് ഫോർ ഹോപ്പിൽ ജേതാക്കളായ ടീം ചങ്ക്സ്
ദോഹ: ഫുട്ബാളും സംഗീതവും വിനോദവുമെല്ലാം ഒരു ഗാലറിയിലും മൈതാനത്തുമായി ഒന്നിച്ചപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്കും കാരുണ്യം പെയ്തിറങ്ങി. സമൂഹ മാധ്യമ താരങ്ങളുടെ പേരിൽ രണ്ടു ടീമുകളായി തിരിഞ്ഞ് ലോകഫുട്ബാളിലെ സൂപ്പർ താരങ്ങളും, സോഷ്യൽ മീഡിയ സെലിബ്രിറ്റികളും അണിനിരന്ന ഫുട്ബാൾ മത്സരവും, സംഗീത പ്രതിഭകളുടെ പ്രകടനവും കൊണ്ട് ശ്രദ്ധേയമായ മാച്ച് ഫോർ ഹോപ് രണ്ടാമത് എഡിഷനും ചരിത്രമെഴുതി.
വെള്ളിയാഴ്ച രാത്രിയിൽ 974 സ്റ്റേഡിയത്തിൽ നടന്ന പ്രദർശന മത്സരത്തിലൂടെ ഒരൊറ്റ രാത്രിയിൽ എജുക്കേഷൻ എബൗവ് പ്രവർത്തനങ്ങൾക്കായി സമാഹരിച്ചത് 3.91 കോടി രിയാൽ. ഖത്തർ ഇന്റർനാഷനൽ മീഡിയ ഓഫിസിന്റെ സാംസ്കാരിക വേദിയായ ക്യൂ ലൈഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച മാച്ച് ഫോർ ഹോപ് എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണം എന്ന ലക്ഷ്യവുമായാണ് നടത്തിയത്. ലോകതാരങ്ങൾ ഇരുനിരയിലുമായി മത്സരിച്ച പ്രദർശന അങ്കത്തിൽ ടീം ചങ്ക്സ് നയിച്ച സംഘം 6-5ന് ഐ ഷോ സ്പീഡിന്റെ ടീമിനെ തോൽപിച്ചു.
തിയറി ഒൻറി, ആന്ദ്രെ പിർലോ, അലസാന്ദ്രോ ഡെൽപിയറോ, ആന്ദ്രെ ഇനിയേസ്റ്റ, ഡേവിഡ് സിൽവ തുടങ്ങിയ വൻതാരങ്ങളാണ് അണിനിരഞ്ഞത്. സോഷ്യൽ മീഡിയ താരങ്ങളായ കെ.എസ്.ഐ, ഐഷോ സ്പീഡ്, ചങ്ക്സ്, അബുഫലാഹ്, ഷാർകി, മിനിമിന്റർ ഉൾപ്പെടെയുള്ളവരും വിവിധ ടീമുകളിൽ ഭാഗമായി. മുൻ പി.എസ്.ജി കോച്ച് മൗറിസിയോ പൊച്ചെട്ടിനോ, ആഴ്സനൽ ഇതിഹാസം ആഴ്സൻ വെങ്ങർ എന്നിവരാണ് ടീം കോച്ചുമാരായത്. മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് മുമ്പാകെ സിറിയൻ ഗായിക റാഷ റിസ്ക്, അമേരിക്കൻ റാപ്പർ മകെൽമോർ എന്നിവരും രംഗത്തെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 70,000ത്തോളം വിദ്യാർഥികളുടെ പഠനത്തിനുള്ള ധനശേഖരണമാണ് ഇതുവഴി നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.