താരങ്ങളെത്തി; നാളെ ഫ്രഞ്ച് പോരാട്ടം
text_fieldsദോഹ: പുതുവർഷത്തിലെ ആദ്യ ഫുട്ബാൾ പോരിനൊരുങ്ങി ഖത്തർ. ഓരോ ദിവസവും കടുപ്പമേറുന്ന തണുപ്പിനുമേൽ കളിയുടെ ചൂട് പകർന്നുകൊണ്ട് ഫ്രഞ്ച് ലീഗിൽ പന്തുതട്ടുന്ന സൂപ്പർതാരങ്ങൾ ഞായറാഴ്ച ദോഹയിൽ മിന്നുന്ന കളിയുമായി ബൂട്ടുകെട്ടും.
ഫ്രാൻസിലെ ചാമ്പ്യൻ ക്ലബുകളായ പി.എസ്.ജിയും എ.എസ് മൊണാകോയും മാറ്റുരക്കുന്ന ഫ്രഞ്ച് സൂപ്പർ കപ്പ് (ട്രോഫീസ് ഡെസ് ചാമ്പ്യൻസ്) മത്സരത്തിനായി ഇരു ടീമുകളും വ്യാഴാഴ്ച രാത്രിയോടെ ദോഹയിലെത്തി. 974 സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി 7.30 നാണ് കിരീടപ്പോരാട്ടത്തിന് കിക്കോഫ് കുറിക്കുന്നത്.
മൂന്നാഴ്ച മുമ്പ് ഫിഫ ഇന്റർകോണ്ടിനെന്റൽ മത്സരങ്ങൾക്ക് വേദിയായ കളിമുറ്റമാണ് വീണ്ടും വമ്പൻ ക്ലബുകളുടെ പോരാട്ടത്തിലൂടെ വീണ്ടും സജീവമാകുന്നത്.
ഫ്രഞ്ച് ലീഗിലെയും ഫ്രഞ്ച് കപ്പിലെയും ജേതാക്കളാണ് പി.എസ്.ജി. സാധാരണ ഈ രണ്ട് കിരീടങ്ങളും നേടിയ ടീമുകളാണ് സൂപ്പർ കപ്പിൽ മാറ്റുരക്കുന്നതെങ്കിൽ ഇത്തവണ പി.എസ്.ജിക്ക് ഇരട്ടക്കിരീട നേട്ടമായതോടെ ലീഗ് വൺ റണ്ണേഴ്സ് അപ്പായ എ.എസ് മൊണാകോക്കാണ് സൂപ്പർകപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചത്.
ലോക ഫുട്ബാളിലെ കരുത്തരായ നിരയാണ് ഇരു ടീമുകളുടെയും മുന്നേറ്റവും പിൻനിരയും നയിക്കുന്നതെന്നതിനാൽ ആരാധകർക്ക് മികച്ച അവസരം കൂടിയാണിത്. ബ്രസീലിയൻ താരം മാർക്വിനോസ്, ഫ്രാൻസിന്റെ ഒസ്മാനെ ഡെംബലെ, ദക്ഷിണ കൊറിയയുടെ ലീകാങ് ഇൻ, മൊറോക്കോയുടെ ഗോൾ മെഷീൻ അഷ്റഫ് ഹകീമി തുടങ്ങിയ താരങ്ങൾക്ക് ലോകകപ്പ് വേളയിൽ ദേശീയ ടീമിനായി മിന്നും പ്രകടനം കാഴ്ചവെച്ച മണ്ണിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ്.
മികച്ച സംഘത്തെയാണ് മൊണാകോയും ദോഹയിൽ അണിനിരത്തുന്നത്. ജാപ്പനീസ് സൂപ്പർതാരം തകുമി മിനാമിനോ, മൊറോക്കോയുടെ എലിസ് ബെൻ സഗിർ, സെനഗാളിന്റെ ലാമിൻ കമാറ, ബ്രസീലിന്റെ വാൻഡേഴ്സൺ തുടങ്ങിയവരുമായി അണിനിരക്കുന്ന മൊണാകോയും മോശക്കാരല്ല.
വെള്ളിയാഴ്ചയോടെ ടീമുകൾ പരിശീലന സെഷനും ആരംഭിച്ചു. ശനിയാഴ്ചകൂടി തുടരുന്ന പരിശീലന സെഷനു ശേഷമായിരിക്കും ഇരുസംഘങ്ങളും കളത്തിലിറങ്ങുന്നത്.
ഞായറാഴ്ചത്തെ കളിയുടെ മാച്ച് ടിക്കറ്റ് വിൽപനയും സജീവമായി തുടരുന്നു. 30 റിയാൽ മുതൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. roadtoqatar.qa. എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് വിൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.