ഫുട്ബാൾ പരിശീലന ക്യാമ്പ് : ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്തു
text_fieldsദോഹ: 18 വയസ്സുവരെയുള്ളവർക്കായി ഇന്ത്യൻ സ്പോർട്സ് സെന്ററും മഞ്ഞപ്പട ഖത്തറും ചേർന്നൊരുക്കുന്ന സൗജന്യ സമ്മർ ഫുട്ബാൾ ക്യാമ്പിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മുൻ ഇന്ത്യൻ നായകൻ ഐ.എം. വിജയൻ നിർവഹിച്ചു. വ്യാഴാഴ്ച വൈകീട്ട് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഖത്തറിലെ വിദ്യാർഥികൾക്കായുള്ള ഫുട്ബാൾ പരിശീലന പരിപാടിയുടെ തുടക്കം കുറിച്ചത്.
റഷ്യൻ യൂനിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് നേടിയ ഐ.എം. വിജയനെ ഇന്ത്യൻ എംബസിയും ഇന്ത്യൻ സ്പോർട്സ് സെന്ററും ചടങ്ങിൽ ആദരിച്ചു. ഖത്തറിലെ വിവിധ പ്രഫഷനൽ ക്ലബ്ബുകളിൽ കളിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. നവംബർ-ഡിസംബർ മാസത്തിൽ നടക്കുന്ന ഫിഫ ലോകകപ്പിന് ഐ.എം. വിജയനെ സ്വാഗതം ചെയ്തുകൊണ്ട് അർജന്റീന-മെക്സികോ കളിയുടെ ടിക്കറ്റ് മഞ്ഞപ്പട കൈമാറി.
ആഗസ്റ്റ് മാസത്തിൽ ബിർള പബ്ലിക് സ്കൂളിൽ നടത്തുന്ന സൗജന്യ വേനലവധി ഫുട്ബാൾ ക്യാമ്പിന്, സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബാൾ ടീമിന്റെ കോച്ച് ബിനോ ജോർജ് മേൽനോട്ടം വഹിക്കും. എ.എഫ്.സി ലൈസൻസുള്ള പരിശീലകൻ സുനീഷാണ് കുട്ടികൾക്ക് കളിയുടെ പാഠങ്ങൾ പകർന്നുനൽകുന്നത്. ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെന്ററിലെ കഞ്ചാനി ഹാളിൽവെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ, സെക്കൻഡ് സെക്രട്ടറി ഡോ. സോനാ സോമൻ, ഐ.എസ്.സി അംഗം സിപ്പി ജോസ്, ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, മഞ്ഞപ്പട പ്രസിഡന്റ് ദീപേഷ്, സെക്രട്ടറി അഖിൽ നൂറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.