ഗസ്സയിലെ ലക്ഷങ്ങൾക്ക് സഹായമെത്തിച്ച് ഖത്തർ ചാരിറ്റി
text_fieldsദോഹ: ഗസ്സയിലെ മാനുഷിക സഹായ ശ്രമങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ലക്ഷം ഫലസ്തീനികൾക്ക് അടിയന്തര സഹായമെത്തിച്ച് ഖത്തർ ചാരിറ്റി. ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ ഫലസ്തീൻ നിയർ ഈസ്റ്റുമായി സഹകരിച്ചാണ് 30 ലക്ഷം ഡോളറിന്റെ അടിയന്തര സഹായവിതരണം നടത്തിയത്.
ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണ വിതരണം, അടിയന്തര പാർപ്പിടം, ആരോഗ്യ പരിപാലന സേവനങ്ങൾ എന്നിവയുൾപ്പെടെ നിർണായക പിന്തുണ നൽകാൻ ഖത്തർ ചാരിറ്റി -യു.എൻ ഏജൻസി സഹകരണത്തിലൂടെ സാധിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
ഗസ്സയിൽ അടിയന്തര സഹായ വിതരണം അനിവാര്യമാണെന്ന് ഖത്തർ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിൻ അഹ്മദ് അൽ കുവാരി വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തിൽ എല്ലാം നഷ്ടമായവരിലേക്ക് കൂടുതൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിവിധ ഇടങ്ങളിൽ അഭയം തേടിയവരിലേക്ക് ഉടനടി സഹായമെത്തിക്കുന്നതിന് യു.എൻ റിലീഫ് വർക്ക് ഏജൻസിയുമായുള്ള സഹകരണം നിർണായകമായിരിക്കുകയാണെന്നും വ്യക്തമാക്കി.
മാനുഷിക സഹായ മേഖലയിലെ ജീവനക്കാർ ഗസ്സയിൽ നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ അൽ കുവാരി, ഗസ്സയിലെ സിവിലിയന്മാരുടെ ദുരിതം ലഘൂകരിക്കുന്നതിന് സഹായമെത്തിക്കാനും അത് സുഗമമായി പ്രവേശിക്കാനും വെടിനിർത്തൽ അനിവാര്യമാണെന്നും ആവർത്തിച്ചു.
ഖത്തർ ചാരിറ്റിയുടെ പിന്തുണക്ക് യു.എൻ ഏജൻസി ചീഫ് ഓഫ് സ്റ്റാഫ് ബെൻ മയെകൊദുന്മി നന്ദി അറിയിച്ചു. അടിയന്തര സഹായമെത്തിക്കുന്നതിൽ ഖത്തർ ചാരിറ്റിയുമായുള്ള സഹകരണം നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
2023 ഒക്ടോബർ ഏഴിന് ഗസ്സക്കെതിരെ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ വിവിധ ഘട്ടങ്ങളിലായി ഖത്തറിൽ നിന്നുള്ള വിവിധ ജീവികാരുണ്യ, അന്താരാഷ്ട്ര ഏജൻസികൾ സഹായമെത്തിച്ചിരുന്നു. വിമാന, കപ്പൽ മാർഗവും ജോർഡൻ വഴി കരമാർഗവും സഹായമെത്തിച്ചതിനു പിന്നാലെയാണ് യു.എൻ ഏജൻസി വഴിയുള്ള സഹായവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.