ഗസ്സയിലെ കുരുന്നുകൾക്ക് പെരുന്നാൾ ഉടുപ്പ് സമ്മാനിക്കാം
text_fieldsദോഹ: പുതുവസ്ത്രമണിഞ്ഞ്, രുചികരമായ ഭക്ഷണവും കഴിച്ച് പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങും മുമ്പേ ഗസ്സയിലെ മനുഷ്യരെ കുറിച്ച് ഒരു നിമിഷം ഓർക്കുക.
ആറു മാസം പിന്നിടുന്ന ഇസ്രായേലിന്റെ ക്രൂരആക്രമണത്തിൽ സ്വന്തക്കാരെ നഷ്ടമായി, വീടും സ്കൂളും ആശുപത്രിയും ഉൾപ്പെടെ ജീവിത സാഹചര്യങ്ങളെല്ലാം തകർന്നടിഞ്ഞ് ദുരിതക്കയത്തിലായ ലക്ഷങ്ങളെയും ഈ ഈദ് ദിനത്തിൽ നമുക്ക് പരിഗണിക്കാം. നോമ്പെടുത്ത്, പ്രാർഥനാപൂർവം പെരുന്നാളിനൊരുങ്ങുന്നതിനിടെ ഗസ്സയിലെ കുരുന്നുകളെയും ഓർക്കാൻ അഭ്യർഥിക്കുകയാണ് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ കൂടിയായ ശൈഖ മൗസ ബിൻത് നാസർ അൽ മിസ്നദ്.
ഗസ്സയിലെ വിവിധ വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ (ഇ.എ.ഇ)യുടെ നേതൃത്വത്തിലാണ് ‘കിസ്വത് അൽ ഈദ്’ കാമ്പയിന് തുടക്കം കുറിക്കുന്നത്. 16 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കുള്ള പുത്തനുടുപ്പുകൾ വാങ്ങി നൽകികൊണ്ട് പൊതുജനങ്ങൾക്ക് ഈദ് സമ്മാന കാമ്പയിനിൽ പങ്കുചേരാവുന്നതാണ്.
എജുക്കേഷൻ സിറ്റിയിലെ മിനാരതീൻ സെന്റർ, എജുക്കേഷൻ സിറ്റി പള്ളി, അൽ മുജാദിന സെന്റർ എന്നിവടങ്ങളിലെ കലക്ഷൻ പോയന്റുകളിൽ വസ്ത്രങ്ങളെത്തിച്ച് ‘ഈദ് ഗിഫ്റ്റ്’ കാമ്പയിനിൽ പങ്കുചേരാം. ബുധനാഴ്ച ആരംഭിക്കുന്ന കാമ്പയിൻ ഏപ്രിൽ പത്തു വരെ തുടരും. ഖത്തർ റെഡ് ക്രസന്റ്, എജുക്കേഷൻ എബൗവ് ഓൾ എന്നിവയുമായി സഹകരിച്ചു നടക്കുന്ന പരിപാടിയിൽനിന്നും ശേഖരിക്കുന്ന പുതുവസ്ത്രങ്ങൾ ഗസ്സയിലെ കുട്ടികളിലേക്ക് എത്തിക്കും.
ഖത്തർ ആസ്ഥാനമായ ഇ.എ.എ ഫൗണ്ടേഷൻ നേതൃത്വത്തിൽ തുടരുന്നു ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പെരുന്നാളിന് പുതുവസ്ത്രമെത്തിക്കാനുള്ള ‘കിസ്വത് ഈദ്’ കാമ്പയിനെന്ന് സി.ഇ.ഒ ഫഹദ് അൽ സുലൈതി അറിയിച്ചു. ഓരോ പുത്തനുടുപ്പുകളും ഗസ്സക്കുള്ള നമ്മുടെ പിന്തുണയുടെ പ്രതീകമാണ്. ദുരിതകാലത്തെ മറികടന്ന് അവർക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷയായി ഇതു മാറും. മാനസികാരോഗ്യ സേവനങ്ങൾ, വിനോദ പ്രവർത്തനങ്ങൾ, യൂനിവേഴ്സിറ്റി സ്കോളർഷിപ്പുകൾ, ശുചിത്വ കിറ്റുകൾ, യുവജന സംരംഭങ്ങൾ, ഭക്ഷണം എന്നിവയുൾപ്പെടെ നിരവധി സേവനങ്ങളുമായി ഇ.എ.ഇ നിലവിൽ ഗസ്സയിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.