ഫലസ്തീനികൾക്കെതിരായ കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കരുത് –വിദേശകാര്യമന്ത്രി
text_fieldsദോഹ: നിരായുധരും സുരക്ഷിതരുമല്ലാത്ത ഫലസ്തീൻ ജനതക്ക് നേരെയുള്ള ഇസ്രായേൽ അധിനിവേശ സേനയുടെയും കുടിയേറ്റക്കാരുടെയും അതിക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും ലോകം കണ്ടില്ലെന്ന് നടിക്കരുതെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. ഫലസ്തീനിലെ ജെനീനിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് അൽ ജസീറ റിപ്പോർട്ടർ ശിറിൻ അബു ആഖില കൊല്ലപ്പെട്ടതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച അൽ ജസീറ മാധ്യമപ്രവർത്തകയുടെ കുടുംബാംഗങ്ങൾക്കും അൽ ജസീറയിലെ സഹപ്രവർത്തകർക്കും മാധ്യമ സമൂഹത്തിനും അനുശോചനം അറിയിക്കുന്നുവെന്നും വിദേശകാര്യമന്ത്രി അറിയിച്ചു.
പൊലീസ് ക്ലിയറൻസ് പ്രവാസികളുടെ ആശങ്കയകറ്റണം –കോഓഡിനേഷൻ കമ്മിറ്റി
ദോഹ: വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവർക്ക് ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം കേന്ദ്ര സർക്കാറിൽ മാത്രം നിക്ഷിപ്തമായിരിക്കുമെന്ന ഹൈകോടതി വിധി നടപ്പാക്കുമ്പോൾ, തക്കസമയത്ത് ലഭ്യമാക്കാനും വ്യവസ്ഥകൾ ലളിതമാവാനുമുള്ള നടപടി ഉണ്ടാവണമെന്ന് ഖത്തറിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ കാര്യത്തിൽ കേരള സർക്കാർ കേന്ദ്രവുമായി ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം അഭ്യർഥിച്ചു. കേരള ഹൈകോടതിയിൽ ഇതു സംബന്ധമായ കേസിൽ, വിദേശ ജോലി ആവശ്യാർഥം പി.സി.സി നൽകാൻ സംസ്ഥാന സർക്കാറിനോ സംസ്ഥാന പൊലീസിനോ അധികാരമില്ലെന്നും കേന്ദ്ര സർക്കാറിനോ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസിക്കോ മാത്രമായിരിക്കും ചുമതലയെന്നും കോടതിയെ അറിയിച്ചിരുന്നു. യോഗത്തിൽ പ്രവാസി കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. നിസാർ കൊച്ചേരി അധ്യക്ഷത വഹിച്ചു.
കെ.സി. അബ്ദുൽ ലത്തീഫ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, പ്രദോഷ്, സാദിഖ് ചെന്നാടൻ, എ.പി. ഖലീൽ, സമീൽ അബ്ദുൽ വാഹിദ് ചാലിയം, എ.സി. മുനീഷ്, കെ.ടി. ഫൈസൽ, ഷാജി ഫ്രാൻസിസ്, ബഷീർ പുത്തൂപാടം, നൗഫൽ പാലേരി, ഷാനവാസ്, പി.ടി. ഹാരിസ്, എ.എം. ഷഹീർ, ഷിജിൻ, പി.എൻ.എം. ജാബിർ, റഷീദലി, സകരിയ്യ മാണിയൂർ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ കൺവീനർ മശ്ഹൂദ് തുരുത്തിയാട് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.