ഇന്ത്യ–ഖത്തർ ബന്ധം ശക്തമാക്കി വിദേശകാര്യമന്ത്രിമാരുടെ ചർച്ച
text_fieldsദോഹ: ഇന്ത്യ-ഖത്തർ ബന്ധം ശക്തമാക്കി ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി നടത്തിയ കൂടിക്കാഴ്ചയിൽ സുപ്രധാനമേഖലകൾ വിഷയമായി. നിക്ഷേപം, തൊഴിൽകാര്യം തുടങ്ങി വിവിധ മേഖലകളിലുള്ള ഉഭയകക്ഷി സഹകരണം സംബന്ധിച്ചും ചർച്ച നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും വിഷയമായി. കൂടിക്കാഴ്ച ഏറെ ഗുണകരമായിരുന്നുവെന്നും കോവിഡിെൻറ രണ്ടാംതരംഗത്തിൽ ഇന്ത്യക്ക് വിവിധ സഹായങ്ങൾ നൽകിയ ഖത്തറിനെ അഭിനന്ദിക്കുന്നതായും ഡോ. എസ്. ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു. കുവൈത്തിലെ സന്ദർശനത്തിന് ശേഷമാണ് ഇന്ത്യൻ മന്ത്രി ഖത്തറിൽ എത്തിയത്.
കുവൈത്ത് സന്ദർശനത്തിനെത്തിയ ഡോ. എസ്. ജയ്ശങ്കർ ഗൾഫ് രാജ്യങ്ങളിലെയും ഇറാനിലെയും ഇന്ത്യൻ അംബാസഡർമാരുടെ യോഗം വിളിച്ചിരുന്നു. സൗദി, യു.എ.ഇ, ഇറാൻ, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെ അംബാസഡർമാർ ഇതിനായി കുവൈത്തിൽ നേരിട്ട് എത്തുകയായിരുന്നു.
എല്ലാ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുക, കോവിഡ് പശ്ചാത്തലത്തിൽ പലയിടത്തായി കുടുങ്ങിപ്പോയ കുടുംബങ്ങളുടെ ഒത്തുചേരലിന് സഹായം നൽകുക, കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പോയ ഇന്ത്യക്കാരുടെ തൊഴിലിടത്തിലേക്കുള്ള മടക്കം, വിദേശ ഇന്ത്യക്കാരുടെ യാത്രാപ്രശ്നങ്ങൾ അവസാനിപ്പിക്കാൻ വിമാന സർവിസുകൾ പുനരാരംഭിക്കൽ, ഇന്ത്യയുടെ വ്യാപാര താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്.
ദോഹയിൽ എത്തിയ ഡോ. എസ്. ജയ്ശങ്കർ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധസഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
സംയുക്ത മന്ത്രിതല കമീഷൻ രൂപവത്കരിക്കുന്നു
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഖത്തർ സന്ദർശിച്ചത്. ഇതിനു ശേഷമായിരുന്നു ചൊവ്വാഴ്ചത്തെ സന്ദർശനം. മുൻസന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് കൈമാറിയിരുന്നു. ഇതു പ്രകാരം സാധ്യമാകുന്ന ഉടൻ ഇന്ത്യ സന്ദർശിക്കാമെന്ന് അമീർ മറുപടിയും നൽകിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത മന്ത്രിതല കമീഷൻ രൂപവത്കരിക്കാൻ അന്ന് തീരുമാനിച്ചിരുന്നു. ഊർജം, വ്യാപാരം, നിക്ഷേപം, മനുഷ്യവിഭവശേഷി, തൊഴിൽമേഖല, വിവരസാങ്കേതികത എന്നീ മേഖലകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാണിത്. ഇന്ത്യയിൽ ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി(ക്യു.ഐ.എ)യുടെ ഓഫിസ് തുറക്കാൻ ഖത്തർ പദ്ധതിയിടുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം 11 ബില്യൻ ഡോളറിലെത്തുകയാണ്. കോവിഡ് പ്രതിസന്ധികൾക്കിടയിലും വാണിജ്യ, വ്യാപാരബന്ധം കൂടുതൽ ശക്തി പ്രാപിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള സർവകലാശാലയുടെ പ്രഥമ കാമ്പസും പുതിയ മൂന്ന് ഇന്ത്യൻ സ്കൂളുകളും ഈ വർഷത്തോടെ തന്നെ ഖത്തറിൽ പ്രവർത്തനമാരംഭിക്കും. ഖത്തർ ഫിനാൻഷ്യൽ സെൻററിന് കീഴിൽ 100 കമ്പനികളും ഖത്തർ ഫ്രീ സോണിന് കീഴിൽ പത്തിലധികം ഇന്ത്യൻ കമ്പനികളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയിൽ അദാനി ഗ്രൂപ്പുമായി സഹകരിച്ച് ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി നിക്ഷേപം നടത്തിയിട്ടുണ്ട്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് നിരവധി ഇന്ത്യൻ കമ്പനികളാണ് പ്രവർത്തിക്കുന്നത്. ലോകകപ്പിെൻറ നേരിട്ടും അല്ലാതെയുമുള്ള കാഴ്ചക്കാരിൽ നല്ലൊരു പങ്കും ഇന്ത്യക്കാരായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.