വിദേശ സർവകലാശാല;ടോപ് റാങ്കുകാർ മതിയെന്ന് ഖത്തർ
text_fieldsദോഹ: അന്താരാഷ്ട്ര സർവകലാശാലാ റാങ്കിങ്ങിൽ ആദ്യ 300നുള്ളിൽ ഇടംപിടിച്ച സ്ഥാപനങ്ങൾക്കു മാത്രമായിരിക്കും ഭാവിയിൽ ഖത്തറിൽ ഉപകേന്ദ്രങ്ങൾ തുടങ്ങാൻ അനുവാദം ലഭിക്കൂവെന്ന് അധികൃതർ. ഖത്തറിന്റെ ഉന്നത വിദ്യഭ്യാസ മേഖലയുടെ നിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായ വിദ്യഭ്യാസ നയം സംബന്ധിച്ച കരട് നിയമങ്ങളെ കുറിച്ച് വിശദീകരിക്കവെ വിദ്യഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യഭ്യാസ വിഭാഗം ആക്ടിങ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ അലിയാണ് ഇക്കാര്യം വിശദീകരിച്ചത്.
ടൈംസ് ഹയർ എജുക്കേഷൻ വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്, ദി ക്യൂ.എസ് ക്ലാസിഫിക്കേഷൻ, ദി ഷാങ്ഹായ് ജിയാവോ ടോങ് ക്ലാസിഫിക്കേഷൻ എന്നീ റാങ്കിങ്ങുകളിൽ ഏതെങ്കിലും ഒന്നിലായി ആദ്യ 300നുള്ളിൽ ഇടം നേടിയ സർവകലാശാലകൾക്ക് മാത്രമാവും ഇനി ബ്രാഞ്ചുകൾ അനുവദിക്കുക.
മൂന്ന് റാങ്കിങ് പട്ടികകളിൽ ഒന്നിലെങ്കിലും 300നുള്ളിൽ ഇടം നേടിയ സർവകലാശാലകൾക്ക് ഖത്തരി പങ്കാളിയോ നിക്ഷേപകനോ വഴി ബ്രാഞ്ചിന് അപേക്ഷിക്കാവുന്നതാണ്. മാതൃ സർവകലാശാലയുടെ അതേ കോഴ്സുകളും സർട്ടിഫിക്കറ്റുകളും മറ്റു മാനദണ്ഡങ്ങളും പ്രകാരമായിരിക്കണം ഖത്തറിലെ ഉപ കാമ്പസിലും പിന്തുടരേണ്ടത് എന്ന നിർദേശവുമുണ്ട്. നിലവിൽ സർക്കാർ, അർധസർക്കാർ, സ്വകാര്യ മേഖലകളിലും മിലിറ്ററി-സുരക്ഷാ വിഭാഗത്തിലുമായി 34ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയിലായി 40,000 വിദ്യാർഥികളും പഠനം നടത്തുന്നു.
വിവിധ രാജ്യങ്ങളിൽനിന്ന് ഒന്നിലധികം സർവകലാശാലകളിൽനിന്നായി ബ്രാഞ്ചുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് അപേക്ഷകൾ ലഭിച്ചുവെങ്കിലും അടുത്ത അധ്യയന വർഷം പ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളും ആവശ്യകതകളും പൂർത്തിയാക്കാൻ ഒരു സർവകലാശാലക്കു മാത്രമേ കഴിഞ്ഞുള്ളൂവെന്ന് ഡോ. ഖാലിദ് അൽ അലി പറഞ്ഞു. മലേഷ്യയിൽനിന്നുള്ള പ്രശസ്തമായ റിസേർച്ച് യൂനിവേഴ്സിറ്റിയുടെ അപേക്ഷയിൽ മന്ത്രാലയത്തിന്റെ പരിശോധന പൂർത്തിയാവുന്നതായും ഒക്ടോബറോടെ തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്വകാര്യ സർവകലാശാലകളിലെ ട്യൂഷൻ ഫീസിൽ മാറ്റമുണ്ടാകുമെന്നും എന്നാൽ മാതൃ സർവകലാശാലയുടെ ഫീസിനേക്കാൾ അധികമാവില്ലെന്നും മന്ത്രാലയം ഉറപ്പാക്കുന്നു. അതേസമയം ചില സർവകലാശാലകൾ ഖത്തരികൾക്കും ഖത്തരി ഇതര വിദ്യാർഥികൾക്കും അവരുടെ ഗ്രേഡുകൾ അനുസരിച്ച് സ്കോളർഷിപ് വാഗ്ദാനം ചെയ്യുന്നതായി ഡോ. ഖാലിദ് അൽ അലി പറഞ്ഞു.
ലൈസൻസുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ ഒരു സൂപ്പർവൈസറി ബോഡിയായി ‘നാഷനൽ കമീഷൻ ഫോർ ക്വാളിഫിക്കേഷൻ ആൻഡ് അക്കാദമിക് അക്രഡിറ്റേഷൻ’ സ്ഥാപിച്ചിരുന്നു. വിദ്യാഭ്യാസ വിദഗ്ധരും വിവിധ മേഖലകളിൽനിന്നുള്ള സ്പെഷലിസ്റ്റുകളും ഉൾപ്പെടുന്നതായിരിക്കും ഈ സൂപ്പർവൈസറി ബോഡി. ഉന്നത വിദ്യാഭ്യാസമേഖലയിലെ ഗുണനിലവാരം ഉറപ്പാക്കാനും ഏറ്റവും മികച്ച സർവകലാശാലക്കും മികച്ച വിദ്യാഭ്യാസവും ലഭ്യമാക്കാനും സമിതിയുടെ സേവനം സഹായിക്കും.
മന്ത്രാലയത്തിന്റെ സ്കോളർഷിപ്പ് പദ്ധതി പ്രകാരം 75 ശതമാനവും ഖത്തറിലെ സർവകലാശാലകളിലെ പഠനത്തിനാണ് അനുവദിക്കുന്നത്. 25 ശതമാനം പുറത്തെ സർവകലാശാലകളിലെ പഠനങ്ങൾക്കുള്ള സ്കോളർഷിപ്പാണ്. സ്കോളർഷിപ് പദ്ധതി പ്രകാരം 3000 ഖത്തരി വിദ്യാർഥികൾ രാജ്യത്തിനകത്തും പുറത്തുമായി പഠിക്കുന്നുണ്ട്. ഇവരിൽ 75 ശതമാനവും പെൺകുട്ടികളാണെന്നും ചൂണ്ടിക്കാണിച്ചു.
ഇന്ത്യൻ യൂനിവേഴ്സിറ്റികൾക്ക് തിരിച്ചടി
ദോഹ: ലിസ്റ്റുചെയ്ത മൂന്നു റാങ്കിങ് സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യ 300 റാങ്കിനുള്ളിലുള്ള സർവകലാശാലകൾക്കു മാത്രം ബ്രാഞ്ചുകൾ അനുവദിക്കാൻ തീരുമാനിക്കുന്നതോടെ ഇന്ത്യയിൽനിന്നുള്ള സർവകലാശാലകൾക്ക് തിരിച്ചടിയാവും. മൂന്ന് റാങ്കിങ് പട്ടികയിലും അപൂർവമായി ആദ്യമാണ് ഇന്ത്യൻ സർവകലാശാലകൾ ആദ്യ 300നുള്ളിൽ ഇടം പിടിച്ചത്. ലോകത്ത് ഏറ്റവും ആധികാരികം എന്ന് സ്വീകാര്യതയുള്ള ടൈംസ് ഹയർ എജുക്കേഷൻ യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ ഏറ്റവും മുൻനിരയിലുള്ള ഇന്ത്യൻ സർവകലാശാല ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ്. 251ാം സ്ഥാനത്താണുള്ളത്. രണ്ടാമതുള്ള മൈസൂരിലെ ജെ.എസ്.എസ് അക്കാദമി ഓഫ് ഹയർ എജുക്കേഷൻ ആൻഡ് റിസർച് 351ാം റാങ്കിലാണ്. പട്ടികയിൽ കേരളത്തിൽനിന്നായി കോട്ടയം എം.ജി സർവകലാശാല 401ാം റാങ്കിലുണ്ട്.
നിലവിൽ ഖത്തറിൽ സർവകലാശാല ഉപ കാമ്പസ് തുറക്കാൻ നീക്കങ്ങൾ ആരംഭിച്ച എം.ജിക്ക് തീരുമാനം തിരിച്ചടിയാവും. ക്യൂ.എസ് ക്ലാസിഫിക്കേഷൻ റാങ്കിങ്ങിൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് 155ഉം, മുംബൈ ഐ.ഐ.ടി.ബി 172ഉം, ന്യൂഡൽഹി ഐ.ഐ.ടി 174ഉം സ്ഥാനത്തായുണ്ട്. ആദ്യ 300നുള്ളിൽ ഇന്ത്യയിൽ നിന്നുള്ളവയെല്ലാം ഐ.ഐ.ടികളാണ്. ചൈനയിലെ ഷാങ്ഹായ് ജിയാവോ ടോങ് ക്ലാസിഫിക്കേഷൻ പ്രകാരം ബംഗളൂരു ഐ.ഐ.എസ് മാത്രമാണ് പട്ടികയിലുള്ളത്. 300ാം റാങ്കാണ് സ്ഥാനം. നിലവിൽ പുണെ സാവിത്രിഭായ് സർവകലാശാല കാമ്പസ് മാത്രമാണ് ഇന്ത്യയിൽനിന്ന് ഖത്തറിൽ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.