വിദേശികൾക്ക് സ്ഥിരം െഎഡി: മന്ത്രിസഭയുടെ അംഗീകാരം
text_fieldsദോഹ: രാജ്യത്തെ വിദേശികൾക്ക് നിബന്ധനകളോട് കൂടി സ്ഥിരം ഐഡി അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം. ഇതുസംബന്ധിച്ച ബില്ലിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ േയാഗമാണ് അംഗീകാരം നൽകിയത്. പുതിയ നിയമം നടപ്പാവുന്നതോടെ സ്വദേശികൾക്ക് അനുവദിക്കപ്പെട്ട നിരവധി ആനുകൂല്യങ്ങൾ വിദേശികൾക്കും ആസ്വദിക്കാനാകും. വിദേശികളെ വിവാഹം ചെയ്ത സ്വദേശികളുടെ മക്കൾ, രാജ്യത്തിന് വേണ്ടി മികച്ച സേവനം അർപ്പിച്ച വിദേശികൾ, രാജ്യത്തിന് ആവശ്യമാണെന്ന് ബോധ്യപ്പെട്ട വിദേശികൾ എന്നീ മൂന്ന് വിഭാഗങ്ങളിലുള്ളവർക്കായിരിക്കും സ്ഥിരം ഐഡി നൽകുക. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ആൽഥാനിയുടെ പ്രത്യേക അനുമതി ലഭിക്കുന്നതോടെയാകും ഐഡി ലഭ്യമാവുക.
സ്ഥിരം ഐഡി ലഭിക്കുന്നവർക്ക് ഇതുവരെ സ്വദേശികൾക്ക് മാത്രം ലഭ്യമായിരുന്ന നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകും.
വിദ്യാഭ്യാസം, ആരോഗ്യ പരിചരണം എന്നിവക്ക് പുറമെ സ്വന്തമായി ഭൂമി വാങ്ങാനുള്ള അവസരം, സ്പോൺസറില്ലാതെ നിർണയിക്കപ്പെട്ട വ്യാപാരങ്ങളിൽ ഏർെപ്പടാനുള്ള അനുമതി തുടങ്ങിയ ആനുകൂല്യങ്ങൾക്ക് സ്ഥിരം ഐഡിയുള്ള ആൾ അർഹനായിരിക്കും. വിദേശികളെ സംബന്ധിച്ചുള്ള നിയമത്തിലെ നിർണായകമായ മാറ്റമാണിത്. പുതിയ നിയമം അനുസരിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദേശി പ്രമുഖർക്ക് രാജ്യത്ത് സ്ഥിരം താമസത്തിനുള്ള ഐഡി ലഭ്യമാകും. തീരുമാനം വലിയ തോതിലാണ് സ്വാഗതം ചെയ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.