വേഗപ്പൂരത്തിലേക്ക് ഖത്തർ; ഒപ്പം വിനോദവും
text_fieldsദോഹ: റേസിങ് ട്രാക്കിൽ മിന്നിൽ വേഗത്തിൽ ചീറിപ്പായുന്ന കാറോട്ടക്കാർ മാറ്റുരക്കുന്ന ഫോർമുല വൺ കാറോട്ട പരമ്പരയിലെ ഖത്തർ ഗ്രാൻഡ്പ്രീ പോരാട്ടങ്ങൾക്കായി ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ട് ഒരുങ്ങി. സീസണിലെ 23ാമാത്തെ ഗ്രാൻഡ്പ്രീ പോരാട്ടത്തിനാണ് ഖത്തർ വേദിയാകുന്നത്. ഖത്തറും, പിന്നാലെ അബൂദബിയും കഴിയുന്നതോടെ സീസൺ പോരാട്ടങ്ങൾക്ക് കൊടിയിറങ്ങും.
സീസണിലെ കിരീട നിർണയം കഴിഞ്ഞാണ് ലോകത്തിലെ അതിവേഗക്കാരായ ഡ്രൈവർമാർ ഖത്തറിലേക്ക് വിമാനം കയറുന്നത്. ലാസ് വെഗാസ് ഗ്രാൻഡ്പ്രീയോടെ തന്നെ സീസിണലെ കിരീടം റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റപ്പൻ ഉറപ്പിച്ചു കഴിഞ്ഞു. ഖത്തർ ഉൾപ്പെടെ രണ്ട് ഗ്രാൻഡ്പ്രീകൾ ബാക്കിനിൽക്കെ എഫ്.വൺ കിരീടപ്പോരാട്ടത്തിൽ വെസ്റ്റപ്പന് 403ഉം, രണ്ടാമതുള്ള ലാൻഡോ നോറിസിന് 340ഉം പോയന്റാണുള്ളത്.
നവംബർ 29മുതൽ ഡിസംബർ ഒന്നു വരെയാണ് ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ട് വേദിയാകുന്ന ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ പോരാട്ടങ്ങൾ. റേസർമാരുടെ കാറുകളും ദോഹയിലെത്തി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ വലിയ സുരക്ഷ സജ്ജീകരണങ്ങളോടെ മത്സരയോട്ട കാറുകൾ വന്നിരുന്നു. എഫ് വൺ മത്സരങ്ങൾക്ക് സാക്ഷിയാവാനുള്ള ടിക്കറ്റ് വിൽപനയും പുരോഗമിക്കുന്നുണ്ട്. മൂന്ന് ദിനങ്ങളിലായുള്ള ഗ്രാൻഡ് സ്റ്റാൻഡ് ടിക്കറ്റ്, ഓരോ ദിവസവും പ്രവേശനമുള്ള സിംഗ്ൾ ഡേ ടിക്കറ്റും ലഭ്യമാണ്.
വിനോദങ്ങളുമായി ഫാൻ സോൺ
മൂന്നു ദിനങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിന് വിപുലമായ സജ്ജീകരണങ്ങളാണ് റേസിങ് വേദിയിൽ ഒരുക്കിയത്. ട്രാക്കിലെ ആവേശപ്പൂരം കാണുന്നതിനൊപ്പം കാറോട്ട മത്സരം വിവിധ വിനോദങ്ങളിലൂടെ അനുഭവിച്ചറിയാനും ഇത്തവണ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ സംഘാടകർ പ്രഖ്യാപിച്ചു.
ആദ്യ ദിനമായ വെള്ളിയാഴ്ച12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഹസം ഡിസ്ട്രിക്ടിലേക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് അധികൃതർ അറിയിച്ചു. പ്രവേശന ടിക്കറ്റുള്ള രക്ഷിതാക്കൾക്കൊപ്പമാണ് കുട്ടികൾക്ക് സൗജന്യ പ്രവേശനം നൽകുന്നത്. വിവിധ വിനോദങ്ങൾ ഉൾപ്പെടെ പരിപാടികളും ഫാൻ സോണിൽ സജ്ജീകരിച്ചിട്ടുണ്ട്.
ലേസർ ഗെയിംസ്, കുട്ടികൾക്കുള്ള കാർട് റേസിങ്, ഫേസ് പെയിന്റിങ്, എ.ഐ ഫോട്ടോ ബൂത്ത്, കുട്ടികൾക്കുള്ള കാർ റേസിങ് എന്നിവയുമുണ്ട്.ഇതോടനുബന്ധിച്ച് നടക്കുന്ന പോർഷെ കരേറ മിഡിലീസ്റ്റ് കപ്പ്, എഫ് വൺ അക്കാദമി, എഫ്.ഐ.എ ഫോർമുല ടു ചാമ്പ്യൻഷിപ് എന്നിവയിൽ പങ്കെടുക്കുന്ന ഡ്രൈവർമാരെ പരിശീലന സെഷനുകളിൽ കാണാനും ആരാധകർക്ക് അവസരം ലഭിക്കും. ഫോർമുല വൺ റേസിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ ഫാൻ ഫോറവും ഒരുക്കുന്നുണ്ട്.
ആരാധകർക്ക് തങ്ങളുടെ പ്രിയ താരങ്ങളെ കാണാനും വാക്കുകൾ കേൾക്കാനും കഴിയും. ഫോർമുല വൺ റേസിന്റെ പ്രധാന ആകർഷണമായ പിറ്റ്സ് സ്റ്റോപ് മാതൃകയിൽ ആരാധകർക്കായി പ്രത്യേക ചലഞ്ചും ഒരുക്കുന്നുണ്ട്. ആരാധകർക്ക് റേസിങ് വാഹനങ്ങളുടെ ടയറുകൾ അതിവേഗത്തിൽ മാറ്റുന്നത് കാണാൻ ഫാൻ സോണിൽ അവസരമുണ്ടാകും. ഒപ്പം സിമുലേറ്ററിൽ എഫ് വൺ റേസിലൂടെ ഡ്രൈവിങ് മികവ് പരീക്ഷിച്ച് സമ്മാനങ്ങളും നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.