പരിസ്ഥിതി അറിവുകൾ പകർന്ന് മന്ത്രാലയം
text_fieldsദോഹ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഉൾക്കാഴ്ചയിലേക്ക് വെളിച്ചം വീശുന്ന പുസ്തകങ്ങളുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ പുറത്തിറക്കിയ മന്ത്രാലയത്തിന്റെ ലഘു പുസ്തകങ്ങളാണ് ഖത്തറിന്റെയും അറബ് മേഖലയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഓർമപ്പെടുത്തുന്നത്. നാല് ബുക്ക്ലെറ്റുകളാണ് അധികൃതർ പുറത്തിറക്കിയത്.
വന്യജീവി- പരിസ്ഥിതി സംരക്ഷണം, വരൾച്ചയുടെ കാരണങ്ങളും പ്രശ്നങ്ങളും പരിചയപ്പെടുത്തുക, മാലിന്യ പുനരുപയോഗത്തിന്റെ പ്രധാന രീതികളെക്കുറിച്ച് ബോധവത്കരണം, പരിസ്ഥിതി സംരക്ഷണത്തിനും മലിനീകരണം കണ്ടെത്തുന്നതിനുമുള്ള ഖത്തറിന്റെ ശ്രമങ്ങൾ ചർച്ച ചെയ്യുക എന്നിവയുമായി ബന്ധപ്പെട്ടാണ് നാല് ബുക്ക്ലെറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്.
ഇതിനകം അഞ്ഞൂറിലധികം കോപ്പികൾ അച്ചടിച്ചതായും പുസ്തകമേളയിലെ മന്ത്രാലയത്തിന്റെ പവലിയനിൽ ഇവ ലഭ്യമാണെന്നും പുതിയ പകർപ്പുകൾ അച്ചടിച്ച് കൊണ്ടിരിക്കുകയാണെന്നും മന്ത്രാലയത്തിലെ ഡോ. മുഹമ്മദ് സൈഫ് അൽ കുവാരി പറഞ്ഞു.പ്രാദേശിക സമൂഹത്തിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി സ്കൂളുകളിലും യുവജന കേന്ദ്രങ്ങളിലും ബുക്ക്ലെറ്റുകൾ വിതരണം ചെയ്യുമെന്നും ഡോ. അൽ കുവാരി കൂട്ടിച്ചേർത്തു.
ഖത്തരി വന്യജീവികളെ കേന്ദ്രീകരിച്ച ആദ്യ ബുക്ക്ലെറ്റിൽ ഖത്തറിലെ വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, അപൂർവ സസ്യങ്ങൾ എന്നിവയുൾപ്പെടുന്ന വന പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളും നിരവധി നുറുങ്ങുകളും അടങ്ങിയിട്ടുണ്ടെന്നും അൽ കുവാരി ചൂണ്ടിക്കാട്ടി. ഖത്തറിലെ വംശനാശഭീഷണി നേരിടുന്ന പ്രധാന ചെടികളെയും മരങ്ങളെയും പ്രകൃതിദത്ത കരുതൽ ശേഖരങ്ങളെയും ബുക്ക്ലെറ്റിൽ പരിചയപ്പെടുത്തുന്നുണ്ട്.പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളെയും അവയുടെ പുനരുപയോഗ രീതികളെയും കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ ബു്ക്ക്ലെറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഗാർഹിക ചെലവുകൾ കുറക്കുന്നതിനുള്ള മാർഗങ്ങളും മാലിന്യങ്ങൾ പുനരുപയോഗം ചെയ്തുള്ള സാമ്പത്തികവശത്തെ ഇത് പിന്തുണക്കുകയും ചെയ്യുന്നു.
പരിസ്ഥിതി സംരക്ഷണത്തിൽ ഖത്തറിന്റെ ശ്രമങ്ങളെക്കുറിച്ച് ചർച്ചകളാണ് മറ്റൊരു ബുക്ക്ലെറ്റിന്റെ ഉള്ളടക്കം. ദൈനംദിന ജീവിതരീതികളിലൂടെ നാം ഒഴിവാക്കേണ്ട പ്രധാന മലിനീകരണ സ്രോതസ്സുകളെയും ബുക്ക്ലെറ്റ് പരിചയപ്പെടുത്തുന്നു.കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഉയർന്ന താപനിലയുടെയും അനന്തരഫലങ്ങളും ആഗോള പരിസ്ഥിതിയിൽ അതിന്റെ കാരണങ്ങളും അപകടസാധ്യതകളും നാലാമത് ബുക്ക്ലെറ്റിൽ സൂചിപ്പിക്കുന്നതോടൊപ്പം വരൾച്ചയെക്കുറിച്ച സമഗ്രമായ കുറിപ്പും ഇതിലടങ്ങിയിരിക്കുന്നു.
പ്രാദേശിക പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിലും തിരിച്ചറിയുന്നതിലും മന്ത്രാലയം പുറത്തിറക്കുന്ന ഈ ചെറുപുസ്തകങ്ങൾ മുന്നിട്ട് നിൽക്കുന്നുവെന്നും ഡോ. അൽ കുവാരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.